കോന്നി ∙ വളർത്തു നായയെ പിടിക്കാനെത്തിയ പുലി ഓടിക്കയറിയത് വീടിനുള്ളിലേക്ക്. കതകടച്ചതിനാൽ മുറിക്കുള്ളിലുണ്ടായിരുന്ന അമ്മയും കുഞ്ഞും പരുക്കേൽക്കാതെ രക്ഷപ്പെട്ടു.
നായയെ കിട്ടാത്ത ദേഷ്യത്തിൽ കതകിലും തറയിലും മാന്തിയ ശേഷമാണു പുലി പുറത്തേക്കു പോയത്. പാടം ഫോറസ്റ്റ് സ്റ്റേഷൻ പരിധിയിൽ കലഞ്ഞൂർ തട്ടാക്കുടി പൂമരുതിക്കുഴിയിൽ പൊന്മേലിൽ രേഷ്മയുടെ വളർത്തുനായയെ പിന്തുടർന്നാണ് ഇന്നലെ വൈകിട്ട് 3.30 നു പുലി വീട്ടിലേക്ക് ഓടിക്കയറിയത്.
മൂത്തകുട്ടിയെ അങ്കണവാടിയിൽ നിന്നു വിളിച്ചുകൊണ്ടുവരാൻ ഇളയ കുട്ടിയുമായി പോകാൻ തുടങ്ങുമ്പോഴാണ് സംഭവം.
പുലി വളർത്തുനായയെ പിടികൂടാനായി ഓടിച്ചു കൊണ്ടുവരികയായിരുന്നു. നായ ആദ്യം അടുക്കളയിലേക്കാണ് കയറിയത്.
അവിടെ നിന്ന് രേഷ്മയുടെ മുറിയിലേക്ക് ഓടിക്കയറി.
പിന്നാലെ പുലിയുമെത്തി. ഇതുകണ്ട് രേഷ്മ നായയെ വലിച്ചു മാറ്റുകയും മുറിയുടെ കതക് അടയ്ക്കുകയുമായിരുന്നു.
നായയെ കിട്ടാത്തതിന്റെ ദേഷ്യത്തിൽ പുലി തറയിൽ മാന്തി. പുലി മടങ്ങിയതോടെ ഇവർ അൽപം അകലെയായുള്ള വീട്ടിലെത്തി വിവരം പറയുകയായിരുന്നു.
പാടം ഡപ്യൂട്ടി റേഞ്ച് ഓഫിസർ ആർ.അനിൽകുമാറിന്റെ നേതൃത്വത്തിൽ വനപാലക സംഘം സ്ഥലത്തെത്തി പരിശോധന നടത്തി. കാൽപാടുകൾ കണ്ട് പുലിയുടേതാണെന്ന് സ്ഥിരീകരിച്ചു.
ഇവിടെ നിന്ന് 10 കിലോമീറ്റർ അകലെ കൂടൽ പാക്കണ്ടം ഭാഗത്തും കഴിഞ്ഞ രാത്രിയിൽ പുലിയെ കണ്ടു.
പാക്കണ്ടം പാറമടയ്ക്കു സമീപം ആര്യഭവൻ ബാബുവിന്റെ വീട്ടിലെ കൂട്ടിൽ നിന്ന് 5 കോഴികളെ പുലി തിന്നു. സിസിടിവിയിൽ പുലിയുടെ ദൃശ്യം പതിഞ്ഞിട്ടുണ്ട്. പാക്കണ്ടത്തും ഇഞ്ചപ്പാറയിലും മുൻപ് വനംവകുപ്പ് സ്ഥാപിച്ച കൂടുകളിൽ പുലികൾ കുടുങ്ങിയിട്ടുണ്ട്.
പുലി വീട്ടിൽ എത്തിയ ഭാഗത്തും പാക്കണ്ടത്തും ഇന്നുതന്നെ കൂടുകൾ സ്ഥാപിക്കുമെന്ന് വനംവകുപ്പ് അധികൃതർ അറിയിച്ചു.
നാല് വയസ്സുള്ള മകനെ അങ്കണവാടിയിൽ നിന്നു വിളിക്കാൻ പോകുന്നതിനിടെയാണ് സംഭവം. രണ്ടുവയസ്സുള്ള ഇളയ മകനെ എടുത്തിട്ടുണ്ടായിരുന്നു.
വളർത്തുനായ കുരച്ചുകൊണ്ട് അടുക്കളയിൽ നിന്ന് ഹാളിലേക്കു വന്നതോടെ പിന്നാലെയെത്തിയ പുലിയെയും കണ്ടു. പെട്ടെന്ന് ഹാളിൽ നിന്ന് അടുക്കളയിലേക്കുള്ള വാതിൽ വലിച്ചടച്ചു.
തുടർന്ന് ഭയന്നു കരഞ്ഞ് ബഹളം വച്ചതോടെ പുലി പിന്തിരിഞ്ഞു. നായയെ കിട്ടാത്തതിന്റെ േദഷ്യത്തിൽ പുലി വീടിന്റെ തറയിൽ മാന്തി.
രണ്ടാഴ്ച മുൻപ് അടുത്ത വീട്ടിലെ ആടിനെ പുലി പിടിച്ച സംഭവമുണ്ടായിരുന്നു. മുൻപ് താമസിച്ചിരുന്ന ഭാഗത്തു നിന്ന് കാട്ടാനയെ പേടിച്ചാണ് ഇവിടേക്കെത്തിയത്.
വീട്ടമ്മ രേഷ്മ.
…
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]