
കീച്ചേരിക്കടവ് ∙തങ്ങൾ അപകടത്തിൽനിന്നു രക്ഷപ്പെട്ടെന്ന് ജാർഖണ്ഡ് സ്വദേശികളായ സുമിത് കിർകിതയ്ക്കും ദിനേശ് പാൽ ലക്റയ്ക്കും ഇപ്പോഴും വിശ്വസിക്കാനാകുന്നില്ല. നിർമാണത്തിനിടെ താൻ നിന്നിരുന്ന ഭാഗം താഴെ ആറ്റിലേക്കു വീണപ്പോൾ കിട്ടിയ കമ്പിയിൽ പിടിച്ചു രക്ഷപ്പെടാൻ ശ്രമിച്ചെങ്കിലും സുമിത് കിർകിത നിലയില്ലാത്ത അച്ചൻകോവിലാറ്റിലേക്കു വീണു.
കമ്പികയറി വലതു കയ്യിൽ മുറിവേറ്റു. തകർന്നു വീണ ഗർഡറിന്റെ സമീപത്തു താഴെയായി നിന്നതിനാലാണു ദിനേശ് രക്ഷപ്പെട്ടത്.
അപകടത്തിനു തൊട്ടു മുൻപുവരെ തകർന്ന ഗർഡറിനു സമീപത്തുനിന്ന ദിനേശ് വെള്ളം കുടിക്കുന്നതിനായി മാറിയപ്പോഴാണു ദുരന്തം സംഭവിച്ചത്. നിർമാണം പുരോഗമിക്കുന്ന പാലത്തിനു സമീപം നിശബ്ദരായി ആറ്റിലേക്കു നോക്കിയിരുന്ന ഇരുവരുടെയും മുഖത്തുനിന്നു ഭീതി അകന്നിട്ടില്ല.
നിലവിളി കേട്ട് ഓടിയെത്തി; ഒരു ജീവൻ കോരിയെടുത്തു
കീച്ചേരിക്കടവ് ∙ ‘ഉച്ചഭക്ഷണം കഴിച്ചു വിശ്രമിക്കുന്നതിനിടെയാണു നിലവിളി കേട്ടത്. ഞങ്ങൾ മൂന്നുപേരും വെളിയിലേക്ക് ഓടിയെത്തി.
നോക്കുമ്പോൾ ഒരാൾ ആറ്റിൽ മുങ്ങിത്താഴുന്നതാണു കണ്ടത്. അയാൾ രക്ഷപ്പെടാനായി വെപ്രാളം കാട്ടുന്നുണ്ടായിരുന്നു.
നിർമാണം പുരോഗമിക്കുന്ന കെട്ടിടത്തിനുള്ളിലേക്കു പെട്ടെന്നു ഓടിപ്പോയി പ്ലാസ്റ്റിക് കയർ എടുത്ത് ആറ്റിലേക്ക് എറിഞ്ഞു കൊടുത്തു.
അതിൽ പിടിച്ചാണ് അയാൾ കരയിലേക്കു കയറിയത്’- ബിഹാർ സ്വദേശികളായ ശത്രുഘ്നൻ സാഹ്നി, അനിൽ ഷാ, സാഹിബ് റാവത് എന്നിവർ പറഞ്ഞുനിർത്തി. മൂവരുടെയും വാക്കുകളിൽ ഒരു ജീവൻ രക്ഷിക്കാനായതിന്റെ ആശ്വാസം.
മറ്റു രണ്ടുപേരെ കണ്ടില്ല. എന്താണു സംഭവിച്ചതെന്നു പിന്നീടാണ് അറിഞ്ഞത് മൂവരും പറഞ്ഞു.
…
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]