കേരളത്തിൽ സ്വർണവില ഇന്നു കുതിച്ചുകയറി റെക്കോർഡിന് തൊട്ടരികിലെത്തി. ഇന്നലെ സംസ്ഥാനത്ത് വ്യത്യസ്ത വിലനിശ്ചയിച്ച സ്വർണാഭരണ വ്യാപാരികളെല്ലാം ഇന്നു ആനുപാതികമായി വില ഉയർത്തി ഏകീകൃത വിലയും നിശ്ചയിച്ചിട്ടുണ്ട്.
ഇതുപ്രകാരം ഗ്രാമിന് 75-80 രൂപ വർധിച്ച് വില 9,370 രൂപയും പവന് 600-640 രൂപ ഉയർന്ന് 74,960 രൂപയുമായി. ഇന്നലെ ഗ്രാം വിലകൾ തമ്മിൽ 5 രൂപയുടെയും പവൻവിലകൾ തമ്മിൽ 40 രൂപയുടെയും വ്യത്യാസമാണുണ്ടായിരുന്നത്.
കഴിഞ്ഞമാസം 23ന് രേഖപ്പെടുത്തിയ ഗ്രാമിന് 9,380 രൂപയും പവന് 75,040 രൂപയുമാണ് കേരളത്തിലെ റെക്കോർഡ്.
റെക്കോർഡിൽ നിന്ന് ഗ്രാം വില ഇപ്പോഴുള്ളത് വെറും 10 രൂപ അകലെ; പവൻ 80 രൂപയും. നിലവിലെ ട്രെൻഡ് തുടർന്നാൽ ഇന്നുതന്നെയോ നാളെയോ കേരളത്തിൽ സ്വർണം പുതിയ ഉയരം തൊടും.
അതേമയം, രാജ്യാന്തരതലത്തിൽ സ്വർണനിക്ഷേപങ്ങളിൽ ലാഭമെടുപ്പ് തകൃതിയാവുകയും യുഎസ് പ്രസിഡന്റ് ട്രംപ് തുടങ്ങിവച്ച താരിഫ് പ്രശ്നങ്ങൾ ശമിക്കുകയും ചെയ്താൽ വില താഴേക്കും നീങ്ങും.
ചെറു കാരറ്റുകളും വെള്ളിയും
കേരളത്തിൽ 18, 14, 9 കാരറ്റ് സ്വർണവിലകളും വെള്ളി വിലയും ഇന്നു കൂടിയിട്ടുണ്ട്. 18 കാരറ്റ് സ്വർണം ഗ്രാമിന് ചില ജ്വല്ലറികളിൽ വില 65 രൂപ ഉയർന്ന് 7,745 രൂപയായി.
മറ്റു ചില ജ്വല്ലറികളിൽ വില ഗ്രാമിന് 70 രൂപ ഉയർന്ന് 7,690 രൂപയാണ്. 14 കാരറ്റിനു വില ഗ്രാമിന് 55 രൂപ വർധിച്ച് 5,990 രൂപ.
9 കാരറ്റിന് വില ഗ്രാമിന് 3,860 രൂപ; ഇന്നു കൂടിയത് 35 രൂപ. വെള്ളിക്കും വ്യത്യസ്ത നിരക്കാണുള്ളത്.
ചില കടകളിൽ ഗ്രാമിന് 2 രൂപ ഉയർന്ന് 123 രൂപ. മറ്റു ജ്വല്ലറികളിൽ 2 രൂപ വർധിച്ച് 122 രൂപ.
സ്വർണത്തിന്റെ തേരോട്ടം
രാജ്യാന്തര വിലയുടെ ചുവടുപിടിച്ചാണ് കേരളത്തിൽ സ്വർണവിലയുടെ മുന്നേറ്റം.
ഇന്നലെ ഔൺസിന് 3,360 ഡോളറായിരുന്ന വില ഇന്ന് 3,381 ഡോളർ വരെ ഉയർന്നു. ഇപ്പോൾ വ്യാപാരം നടക്കുന്നത് 10 ഡോളർ താഴ്ന്ന് 3,371 ഡോളറിൽ.
ഈ 10 ഡോളർ കുറഞ്ഞില്ലായിരുന്നെങ്കിൽ ഇന്നു കേരളത്തിൽ സ്വർണം ഗ്രാമിന് 100-120 രൂപ കൂടി വർധിക്കുമായിരുന്നു.
∙ സെപ്റ്റംബറിൽ നടക്കുന്ന പണനയ നിർണയ യോഗത്തിൽ യുഎസ് കേന്ദ്രബാങ്ക് ഫെഡറൽ റിസർവ് അടിസ്ഥാന പലിശനിരക്ക് കുറയ്ക്കുമെന്ന സൂചനകളാണ് സൂചനകളാണ് സ്വർണത്തിന് പ്രധാന ആവേശമാകുന്നത്.
∙ യുഎസ് കേന്ദ്രബാങ്ക് പലിശനിരക്ക് കുറച്ചാൽ ബാങ്ക് നിക്ഷേപ പലിശ, കടപ്പത്രത്തിൽ നിന്നുള്ള നേട്ടം (ട്രഷറി യീൽഡ്), ഡോളറിന്റെ മൂല്യം (യുഎസ് ഡോളർ ഇൻഡക്സ്) എന്നിവ കുറയും. ഫലത്തിൽ, ഇവ അനാകർഷകമാകും.
∙ യുഎസിൽ കഴിഞ്ഞമാസവും പുതിയ തൊഴിൽക്കണക്ക് കുത്തനെ ഇടിഞ്ഞത് പലിശനിരക്ക് കുറയ്ക്കാനുള്ള മുറവിളി ശക്തമാക്കിയിട്ടുണ്ട്.
∙ ഇതു മുന്നിൽക്കണ്ട് ഗോൾഡ് ഇടിഎഫ് പോലുള്ള സ്വർണനിക്ഷേപ പദ്ധതികളിലേക്ക് പണമൊഴുക്ക് വർധിച്ചതാണ് സ്വർണവിലയെ മുന്നോട്ട് നയിക്കുന്നത്.
∙ ട്രംപ് തുടക്കമിട്ട
വ്യാപാരയുദ്ധം, റഷ്യ-യുഎസ് തർക്കം എന്നിവയും സ്വർണത്തിന് കരുത്താകുന്നു.
∙ ഡോളറിനെതിരെ ഇന്ത്യൻ രൂപയുടെ മൂല്യം ഇന്ന് 29 പൈസ ഇടിഞ്ഞ് 87.95ലേക്ക് കൂപ്പുകുത്തിയതും കേരളത്തിൽ സ്വർണവില വൻതോതിൽ കൂടാനിടയാക്കി.
വില ഇനി എവിടെവരെ?
രാജ്യാന്തരവില ഇപ്പോഴത്തെ ആവേശം തുടർന്നാൽ അതുചെന്നെത്തുക സമീപഭാവിയിൽ 3,440 ഡോളറിൽ ആയിരിക്കുമെന്നാണ് വിലയിരുത്തൽ. രാജ്യാന്തര വിപണിവിലയിൽ ഓരോ ഡോളർ ഉയരുമ്പോഴും കേരളത്തിൽ ഗ്രാമിന് 2-2.5 രൂപ ഉയരാം.
ഇതേസമയം, രൂപ കൂടുതൽ തളരുക കൂടിച്ചെയ്താൽ 2-2.5 രൂപ എന്നത് 3 രൂപയിലധികവുമാകാം. അതായത്, രാജ്യാന്തര വില 3,440 ഡോളറിൽ എത്തിയാൽ കേരളത്തിൽ ഗ്രാം വില 9,500 രൂപയും പവൻവില 76,000 രൂപയും കടന്നേക്കാമെന്ന് നിരീക്ഷകർ പറയുന്നു.
∙ സ്വർണവിലയിൽ ചാഞ്ചാട്ടം സാധാരണമാണ്.
യുഎസിലെയും രാജ്യാന്തര തലത്തിലെയും വെല്ലുവിളികൾ ഒഴിവാകുകയും സാമ്പത്തികസ്ഥിതി മെച്ചപ്പെടുകയും ഓഹരി, കടപ്പത്ര, കറൻസി വിപണികൾ സ്ഥിരത പുലർത്തുകയും ചെയ്താൽ സ്വർണവില താഴേക്കും നീങ്ങും.
ഇന്നൊരു പവന്റെ വാങ്ങൽവില
74,960 രൂപയാണ് ഇന്നൊരു പവന് വില. ഒരു പവൻ ആഭരണം വാങ്ങാൻ പക്ഷേ, ഈ വില തികയില്ല.
അതിനു 3% ജിഎസ്ടി, 53.10 രൂപ ഹോൾമാർക്ക് ചാർജ്. പണിക്കൂലി എന്നിവയും കൊടുക്കണം.
∙ പണിക്കൂലി 3 മുതൽ 35% വരെയൊക്കെയാകാം.
ആഭരണത്തിന്റെ രൂപകൽപന അനുസരിച്ചാണ് പണിക്കൂലി കൂടുന്നത്.
∙ 5% പണിക്കൂലി കണക്കാക്കായിൽ ഇന്നൊരു പവൻ ആഭരണത്തിന് 81,125 രൂപയ്ക്കടുത്ത് നൽകണം. ഒരു ഗ്രാം സ്വർണാഭരണത്തിന് 10,140 രൂപയോളവും.
∙ വിവാഹാവശ്യത്തിനും മറ്റും വലിയ അളവിൽ ആഭരണങ്ങൾ വാങ്ങാൻ ശ്രമിക്കുന്നവർക്കാണ് ഈ വിലക്കയറ്റം വൻ തിരിച്ചടിയാകുന്നത്.
ബിസിനസ്, ഇക്കണോമി, സ്റ്റോക്ക് മാർക്കറ്റ്, പഴ്സനൽ ഫിനാൻസ്, കമ്മോഡിറ്റി, സമ്പാദ്യം വാർത്തകൾക്ക്:
(Disclaimer: ഈ ലേഖനം ഓഹരി/കടപ്പത്രം/മ്യൂച്വൽഫണ്ട്/ക്രിപ്റ്റോകറൻസി മുതലായവ വാങ്ങാനോ വില്ക്കാനോ ഉള്ള നിര്ദേശമോ ഉപദേശമോ അല്ല.
ഓഹരി/കടപ്പത്രം/മ്യൂച്വൽഫണ്ട് മുതലായ നിക്ഷേപങ്ങൾ വിപണിയിലെ റിസ്കുകൾക്ക് വിധേയമാണ്. നിക്ഷേപം നടത്തുന്നതിന് മുമ്പ് നിങ്ങള് സ്വയം പഠനങ്ങൾ നടത്തുകയോ ഒരു വിദഗ്ധന്റെ ഉപദേശം തേടുകയോ ചെയ്യുക) …
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]