പാലക്കാട് ∙ കാഴ്ചക്കുറവുള്ള പി.ടി– അഞ്ചാമൻ (പാലക്കാട് ടസ്കർ) കാട്ടാനയെ മയക്കുവെടിവച്ചു പിടികൂടി ചികിത്സ നൽകുന്ന സംഘത്തെ സഹായിക്കാൻ കുങ്കിയാനകളായ ഭരതനെയും വിക്രമിനെയും പാലക്കാട്ടെത്തിച്ചു. മുത്തങ്ങയിൽ നിന്ന് ഇന്നലെ ലോറിയിലാണ് എത്തിച്ചത്.
മലമ്പുഴ പുല്ലങ്കുന്നിലാണു വിശ്രമകേന്ദ്രം. പി.ടി.അഞ്ചാമൻ കാട്ടാനയെ നിരീക്ഷിക്കുന്ന വിദഗ്ധ സംഘത്തിന്റെ നിർദേശം ലഭിച്ചാല് ഇവർ ദൗത്യം ആരംഭിക്കും.
ധോണിയിലെ ശല്യക്കാരനായ പി.ടി. ഏഴാമൻ കാട്ടാനയെ പിടികൂടാനുള്ള സംഘത്തിൽ പ്രധാനികളായിരുന്നു രണ്ടു കുങ്കിയാനകളും.
ഇരുവരും മുത്തങ്ങയിലെ കളിക്കൂട്ടുകാരാണ്. ചീഫ് ഫോറസ്റ്റ് വെറ്ററിനറി സർജൻ ഡോ.അരുൺ സക്കറിയ അടുത്ത ദിവസം പാലക്കാടെത്തി നടപടി തുടങ്ങും.
പി.ടി.അഞ്ചാമന്റെ ഇടതു കണ്ണിനു നേരത്തെ കാഴ്ച നഷ്ടപ്പെട്ടു.
വലതു കണ്ണിനും കാഴ്ചക്കുറവ് കണ്ടെത്തിയതിനെ തുടർന്നാണു ചികിത്സ തീരുമാനിച്ചത്. ആന നടക്കുന്നതിൽ വേഗക്കുറവുണ്ട്.
ശരീരത്തിലും മുറിവുകളുണ്ട്. മലമ്പുഴ മാന്തുരുത്തി കാട്ടിലാണ് ആന ഇപ്പോഴുള്ളത്.
ഇന്നലെ മലമ്പുഴ പന്നിമട ഭാഗത്തെ പാടത്ത് എത്തിയിരുന്നു.
പിന്നീട് കാട്ടിലേക്കു തുരത്തി.
ദൗത്യം ഇങ്ങനെ
∙ ഡോ.അരുൺ സക്കറിയയുടെ നേതൃത്വത്തിലുള്ള സംഘം പി.ടി.അഞ്ചാമൻ കാട്ടാനയെ അടുത്ത് നിരീക്ഷിച്ച് ആരോഗ്യം ഉറപ്പാക്കും. ∙ തുടർന്നു മയക്കുവെടിവച്ചു ചികിത്സ നൽകാനുള്ള സ്ഥലം തീരുമാനിക്കും.
ജനവാസ മേഖലയിൽ ദൂരെ കാട്ടിനകത്തു ലോറി എത്തിച്ചേരാൻ കഴിയുന്ന 10 പോയിന്റുകൾ കണ്ടെത്തിയിട്ടുണ്ട്. ∙ ഇതിൽ ഏതെങ്കിലും ഒരു പോയിന്റിൽ ആനയെ എത്തിക്കും.
ഇതിനായി കുങ്കിയാനകളുടെ സഹായം തേടും. ∙ മയക്കുവെടിവച്ച് കണ്ണിനു കാഴ്ച കൂട്ടാനുള്ള മരുന്നും വേദന സംഹാരിയും നൽകും. മറ്റ് ആരോഗ്യ പ്രശ്നങ്ങളുണ്ടെങ്കിൽ അതിനും മരുന്നും നൽകും.
കൂടുതൽ ചികിത്സ വേണമോയെന്നും പരിശോധിക്കും.
തിരികെ കാട്ടിലേക്കു വിടണോ?
പി.ടി. അഞ്ചാമനു ചികിത്സ നൽകിയ ശേഷം കാട്ടിലേക്കു തിരികെ വിടണോ, അതോ വനംവകുപ്പിന്റെ ബേസ് ക്യാംപിലെത്തിച്ച് വിദഗ്ധ ചികിത്സ നൽകണമോയെന്ന കാര്യവും സമിതി പരിശോധിക്കും. എ, ബി, സി എന്നീ മൂന്നു പ്ലാനുകളുമായാണു സംഘം ദൗത്യം ആരംഭിക്കുക.
ആനയെ മയക്കുവെടിവച്ച ശേഷം കണ്ണിന്റെ കാഴ്ച കൂട്ടാനുള്ള മരുന്നു നൽകി തിരികെ കാട്ടിലേക്കു വിടുന്നതാണ് ആദ്യ പ്ലാൻ.
സർജറി ആവശ്യമെങ്കിൽ കൂടുതൽ സമയമെടുത്ത് അതു നൽകുന്നതാണു രണ്ടാമത്തെ പ്ലാൻ. ആനയുടെ ആരോഗ്യ സ്ഥിതി മോശമാണെങ്കിൽ വിദഗ്ധ ചികിത്സയ്ക്കു വനംവകുപ്പ് ബേസ് ക്യാംപിലെത്തിക്കാനുള്ള പ്ലാനാണു മൂന്നാമത്തേത്. ഇതിനുള്ള വാഹനവും ഒരുക്കിയിട്ടുണ്ട്.
ആനയെ മയക്കുവെടി വച്ചു പരിശോധിച്ച ശേഷമാകും തീരുമാനം. …
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]