
ഏറ്റുമാനൂർ ∙ പതിനായിരങ്ങൾക്ക് അക്ഷരവെളിച്ചം പകർന്ന ഗവ. ബോയ്സ് ഹൈസ്കൂൾ കെട്ടിടം അധികൃതരുടെ അനാസ്ഥ മൂലം അപകടാവസ്ഥയിൽ.
ഏറ്റുമാനൂർ സ്കൂളിലെ ഹയർസെക്കൻഡറി, വൊക്കേഷനൽ ഹയർ സെക്കൻഡറി വിഭാഗങ്ങൾ പ്രവർത്തിക്കുന്ന ഇരുനിലക്കെട്ടിടമാണ് അപകടാവസ്ഥയിലായത്. കെട്ടിടത്തിന്റെ കൽക്കെട്ടുകൾ ഇളകിയ നിലയിലാണ്.
ഭിത്തികളിൽ വിള്ളൽ വീണു. ബീമുകളിൽ പൊട്ടൽ രൂപപ്പെട്ടിട്ടുണ്ട്.
മേൽക്കൂര ദ്രവിച്ച് കോൺക്രീറ്റ് പാളികൾ ഇളകി വീഴുന്നത് പതിവാണ്. മേൽക്കൂരയിൽ പലയിടത്തും കമ്പികൾ തെളിഞ്ഞു നിലയിലാണ്.
ഇരുനൂറിലേറെ വിദ്യാർഥികൾ പഠിക്കുന്ന പഠിക്കുന്ന സ്കൂളിന്റെ അവസ്ഥയാണിത്. കെട്ടിടം അപകടാവസ്ഥയിലാണെന്ന് പരാതിക്കു വർഷങ്ങളുടെ പഴക്കമുണ്ട്.
പരാതിക്കാരുടെ കണ്ണിൽ പൊടിയിടാൻ അറ്റകുറ്റപ്പണികൾ നടത്തുന്നതല്ലാതെ ശാശ്വത പരിഹാരം ഉണ്ടായിട്ടില്ലെന്ന് നാട്ടുകാർ പറയുന്നു.
സ്കൂളിന്റെ ജനലുകൾ പലതും തുറക്കാനാവാത്ത അവസ്ഥയിലാണ്. മികച്ച അധ്യാപകരും ഉന്നത വിജയവുമൊക്കെ ഉണ്ടെങ്കിലും കെട്ടിടത്തിന്റെ ശോചനീയാവസ്ഥ വെല്ലുവിളി സൃഷ്ടിക്കുകയാണ്.
ഈ അധ്യയന വർഷം അഡ്മിഷൻ എടുത്ത 10 കുട്ടികളാണ് സ്കൂളിന്റെ ശോചനീയാവസ്ഥ മൂലം മറ്റു സ്കൂളുകളിലേക്ക് മാറിയെന്ന് വിദ്യാർഥികൾ പറയുന്നു. കഴിഞ്ഞ ദിവസം സ്റ്റാഫ് റൂമിലും, പ്രിൻസിപ്പലിന്റെ മുറിയിലും ഉൾപ്പെടെ മേൽക്കൂരയിൽനിന്ന് കോൺക്രീറ്റ് പാളികൾ ഇളകി വീണിരുന്നു.
തുടർന്ന് നഗരസഭ അധികൃതരും പൊതുമരാമത്ത് വകുപ്പും പരിശോധന നടത്തി. കെട്ടിടത്തിനു ബലക്ഷയമില്ലെന്നും ചില്ലറ അറ്റകുറ്റ പണികൾ നടത്തിയാൽ മതിയെന്നുമാണ് പൊതുമരാമത്ത് വിഭാഗം പറയുന്നത്.
കെട്ടിടത്തിന്റെ ശോചനീയാവസ്ഥ പരിഹരിക്കണമെന്ന് ആവശ്യപ്പെട്ട് നഗരസഭാ അധികൃതർ, മന്ത്രി വി.എൻ.വാസവൻ, ജില്ലാ കലക്ടർ എന്നിവർക്ക് പിടിഎ പരാതി നൽകിയിട്ടുണ്ട്.
അറ്റകുറ്റപ്പണികൾക്കായി പണം നീക്കി വച്ചിട്ടുണ്ടെന്നാണു നഗരസഭാ അധികൃതർ പറയുന്നത്. എന്നാൽ, പണികൾ എന്നു തുടങ്ങുമെന്നതിൽ വ്യക്തതയില്ല.
അധികൃതരുടെ അനാസ്ഥ മൂലം കുട്ടികളെ അപകടാവസ്ഥയിലുള്ള കെട്ടിടത്തിൽ തന്നെ പഠിപ്പിക്കേണ്ട അവസ്ഥയിലാണ് സ്കൂൾ അധികൃതർ.
കെട്ടിടത്തിന് പുറത്തും ഭീതി
സ്കൂൾ വളപ്പ് കാട് പിടിച്ച് കിടക്കുകയാണ്.
ഇഴജന്തു ശല്യവും രൂക്ഷമാണ്. കഴിഞ്ഞ ദിവസം ഒരു അധ്യാപിക തലനാരിഴയ്ക്കാണ് പാമ്പ് കടിയേൽക്കാതെ രക്ഷപ്പെട്ടതെന്ന് വിദ്യാർഥികൾ പറയുന്നു.
ഒഴുകി മാറാൻ സംവിധാനം ഇല്ലാത്തതിനാൽ സ്കൂൾ കെട്ടിടത്തിനു ചുറ്റും വൻ വെള്ളക്കെട്ടാണ്. മാസങ്ങളോളം വെള്ളം കെട്ടിക്കിടക്കുന്നതാണ് കൽക്കെട്ടുകൾക്ക് പോലും ഇളക്കം ഉണ്ടാകാൻ കാരണമെന്നാണ് നാട്ടുകാർ പറയുന്നത്.
വില്ലേജ് ഓഫിസ് പരിസരത്തെ കൂറ്റൻ പാഴ് മരങ്ങൾ സ്കൂൾ കെട്ടിത്തിന് മുകളിലേക്ക് പടർന്നു പന്തിലിച്ചിരിക്കുകയാണ്.
ആദ്യം ഹൈസ്കൂൾ, പിന്നെ ഹയർസെക്കൻഡറി
കെട്ടിടത്തിനു മൂന്ന് പതിറ്റാണ്ടിലേറെ പഴക്കമുണ്ടെന്നു 1996ൽ ഇവിടെ നിന്നും എസ്എസ്എൽസി പാസ് ആയ പൂർവ വിദ്യാർഥികൾ പറയുന്നു. ആദ്യകാലത്ത് ഹൈസ്കൂൾ ആയിരുന്നു.
പത്താം ക്ലാസിൽ ‘ഡി’ വരെ ഡിവിഷനുകൾ ഉണ്ടായിരുന്നു. ഹയർ സെക്കൻഡറി, വൊക്കേഷനൽ ഹയർസെക്കൻഡറി എന്നിവ വന്നതോടെ ഹൈസ്കൂൾ വിഭാഗം പൂർണമായും മാറി.
…
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]