
റഷ്യൻ എണ്ണ വാങ്ങുന്നതിന്റെ പേരിൽ അമേരിക്കയും യൂറോപ്യൻ യൂണിയനും ഇന്ത്യയെ അന്യായമായി ‘ലക്ഷ്യമിട്ട്’ ആക്രമിക്കുകയാണെന്ന് വിദേശകാര്യ മന്ത്രാലയം. ഇന്ത്യയേക്കാൾ കൂടുതൽ വ്യാപാരബന്ധം ഇപ്പോഴും അമേരിക്കയ്ക്കും യൂറോപ്യൻ യൂണിയനും റഷ്യയുമായുണ്ട്.
എന്നിട്ടും, അവർ ഇന്ത്യയെ വിമർശിക്കുന്നത് ഇരട്ടത്താപ്പാണെന്നും മന്ത്രാലയം പ്രതികരിച്ചു. 2024ൽ യൂറോപ്യൻ യൂണിയൻ 78.1 ബില്യൻ ഡോളർ മതിക്കുന്ന വ്യാപാരം റഷ്യയുമായി നടത്തി.
2025 മാർച്ചിലെ കണക്കുപ്രകാരം പോലും ഇന്ത്യ-റഷ്യ വ്യാപാരം 68.7 ബില്യൻ ഡോളറേയുള്ളൂ.
∙ 2024ൽ 38.4% വിഹിതവുമായി റഷ്യയുടെ ഏറ്റവും വലിയ വ്യാപാര പങ്കാളിയാണ് യൂറോപ്യൻ യൂണിയൻ.
∙ എന്നിട്ടും ഇന്ത്യയാണ് യുദ്ധത്തിന് ‘സാമ്പത്തിക സഹായം’ നൽകുന്നതെന്ന് അവർ ആരോപിക്കുന്നത് ഇരട്ടത്താപ്പാണ്.
∙ രാസവളം, രാസവസ്തുക്കൾ, സ്റ്റീൽ എന്നിവ യൂറോപ്യൻ യൂണിയൻ ഇപ്പോഴും വൻതോതിൽ റഷ്യയിൽ നിന്ന് വൻതോതിൽ വാങ്ങുന്നു.
∙ അമേരിക്ക രാസവളം, രാവവസ്തുക്കൾ എന്നിവയ്ക്ക് പുറമെ പലേഡിയം, യുറേനിയം ഹെക്സാഫ്ലൂറൈഡ് തുടങ്ങിയവയും വൻതോതിൽ വാങ്ങുന്നുണ്ട്.
രാജ്യാന്തര വിപണിയിലെ സാഹചര്യങ്ങളും രാജ്യതാൽപര്യവും മുൻനിർത്തിയാണ് ഇന്ത്യ റഷ്യൻ എണ്ണ വാങ്ങുന്നതെന്നും അതു തുടരുമെന്നും വിദേശകാര്യ മന്ത്രാലയം വ്യക്തമാക്കി. ഇന്ത്യയ്ക്കെതിരെ കഴിഞ്ഞയാഴ്ച 25% ഇറക്കുമതി തീരുവ പ്രഖ്യാപിച്ച ട്രംപ്, ഇന്നലെ രാത്രി തീരുവ കുത്തനെ കൂട്ടുമെന്ന് ഭീഷണി മുഴക്കിയിരുന്നു.
തുടർന്നാണ് ഇന്ത്യ ശക്തമായി തിരിച്ചടിച്ചത്. ഇന്ത്യയ്ക്കുമേലുള്ള 25% തീരുവ ഓഗസ്റ്റ് 7ന് പ്രാബല്യത്തിൽ വരും.
ഇന്ത്യയ്ക്കുമേൽ പ്രത്യേകം പിഴ ചുമത്തുമെന്നും ട്രംപ് പറഞ്ഞിട്ടുണ്ടെങ്കിലും അതെന്താണെന്ന് വ്യക്തമാക്കിയിട്ടില്ല.
ഓഹരി വിപണി വെല്ലുവിളികളുടെ നടുവിൽ
ഇന്നലെ സെൻസെക്സും നിഫ്റ്റിയും മികച്ച നേട്ടത്തിലാണ് വ്യാപാരം അവസാനിപ്പിച്ചത്. നിഫ്റ്റി 157 പോയിന്റ് (+0.64%) ഉയർന്ന് 24,722ലും സെൻസെക്സ് 418 പോയിന്റ് (+0.52%) മുന്നേറി 81,018ലും വ്യാപാരം പൂർത്തിയാക്കി.
നിഫ്റ്റി 24,700 പോയിന്റും സെൻസെക്സ് 81,000 പോയിന്റും ഭേദിച്ചതും നിക്ഷേപകർക്ക് ആത്മവിശ്വാസം സമ്മാനിച്ചിരുന്നു. എന്നാൽ, ട്രംപ് വീണ്ടും ഇന്ത്യയ്ക്കെതിരെ തിരിഞ്ഞതും താരിഫ് ആശങ്ക വർധിച്ചതും വിപണിക്ക് നിരാശയായിട്ടുണ്ട്.
ഗിഫ്റ്റ് നിഫ്റ്റി ഇന്നുരാവിലെ 36 പോയിന്റിലിധികം താഴ്ന്നു.
സെൻസെക്സും നിഫ്റ്റിയും ഇന്നു സമ്മർദത്തിലായേക്കാമെന്ന് ഇതു ചൂണ്ടിക്കാട്ടുന്നു. റിസർവ് ബാങ്കിന്റെ പണനയപ്രഖ്യാപനം നാളെയാണ്.
നിലവിലെ രാജ്യാന്തര സാമ്പത്തിക വെല്ലുവിളികളുടെ പശ്ചാത്തലത്തിൽ പിലശനിരക്ക് നിലനിർത്താനാണ് സാധ്യതയെന്ന് കരുതുന്നു. മാത്രമല്ല, കഴിഞ്ഞ മൂന്ന് യോഗങ്ങളിലായി ഒരു ശതമാനം പലിശനിരക്ക് കുറച്ചിട്ടും ആ ആനുകൂല്യം ആനുപാതികമായി വായ്പാ ഇടപാടുകാർക്ക് നൽകാൻ ബാങ്കുകൾ ഇനിയും തയാറായിട്ടില്ലെന്ന വിമർശനങ്ങളും ഉയർന്നിട്ടുണ്ട്.
∙ അദാനി പോർട്സ്, ഭാരതി എയർടെൽ, ല്യൂപിൻ, ബ്രിട്ടാനിയ, കണ്ടെയ്നർ കോർപറേഷൻ, ഗുജറാത്ത് ഗ്യാസ്, പ്രസ്റ്റീജ് എസ്റ്റേറ്റ്സ്, ടോറന്റ് പവർ തുടങ്ങിയവ ഇന്നു ജൂൺപാദ പ്രവർത്തനഫലം പുറത്തുവിടും.
∙ കേരളക്കമ്പനികളായ മുത്തൂറ്റ് ക്യാപിറ്റൽ, പാറ്റ്സ്പിൻ, ജിടിഎൻ ടെക്സ്റ്റൈൽസ് എന്നിവയും ഇന്ന് പ്രവർത്തനഫലം പ്രസിദ്ധീകരിക്കും.
∙ കിറ്റെക്സ് ഇന്നലെ പ്രവർത്തനഫലം പുറത്തുവിട്ടിരുന്നു.
കുറഞ്ഞവിലയിൽ ‘നേട്ടത്തിലേറി’ അമേരിക്കൻ ഓഹരികൾ
കഴിഞ്ഞദിവസങ്ങളിലെ വീഴ്ചയിൽ ഓഹരികളുടെ വിലകുറഞ്ഞത് മുതലെടുത്തുണ്ടായ വാങ്ങൽതാൽപര്യം യുഎസ് ഓഹരികളെ നേട്ടത്തിന്റെ ട്രാക്കിലാക്കി.
എസ് ആൻഡ് പി500 സൂചിക 1.47%, നാ,്ഡാക് 1.95%, ഡൗ ജോൺസ് 1.34% എന്നിങ്ങനെ മികച്ച നേട്ടമുണ്ടാക്കി.
∙ ഫ്യൂച്ചേഴ്സ് വിപണിയിൽ ഡൗ ജോൺസ്, എസ് ആൻഡ് പി500, നാസ്ഡാക് 100 എന്നിവ 0.1% വീതം ഉയർന്നു.
∙ അമേരിക്കയിൽ തൊഴിൽക്കണക്ക് നിലംപൊത്തുകയും അതേച്ചൊല്ലി രാഷ്ട്രീയപ്പോര് കടുക്കുകയും ചെയ്തിട്ടും ഓഹരി വിപണി നേട്ടത്തിന്റെ ട്രാക്ക് വീണ്ടെടുത്തു.
∙ കേന്ദ്രബാങ്കായ ഫെഡറൽ റിസർവ് പലിശനിരക്ക് നിലനിർത്തിയതും ഓഹരികളെ വലച്ചില്ല.
∙ ഏഷ്യയിൽ ജാപ്പനീസ് നിക്കേയ് 0.63% ഉയർന്നു. ചൈനയിൽ ഷാങ്ഹായ് 0.47 ശതമാനവും കയറി.
ഹോങ്കോങ് സൂചിക 0.06% മാത്രം നഷ്ടത്തിലായി.
∙ ഇന്ത്യയ്ക്കുമേലുള്ള തീരുവ ഇനിയും കുത്തനെ കൂട്ടുമെന്ന ട്രംപിന്റെ വെല്ലുവിളി, മറ്റ് ഏഷ്യൻ രാജ്യങ്ങൾക്ക് നേട്ടമാകുന്നുണ്ട്. ഇന്ത്യയിൽ നിന്നുള്ള കയറ്റുമതി വെല്ലുവിളി കുറയുമെന്നതാണ് അവ ഉറ്റുനോക്കുന്ന നേട്ടം.
ഇന്ത്യൻ ഓഹരി വിപണിക്കാകട്ടെ ഇതു വലിയ സമ്മർദവുമാകുന്നുണ്ട്.
വിദേശ നിക്ഷേപവും രൂപയും
വിദേശ ധനകാര്യ സ്ഥാപനങ്ങൾ (എഫ്ഐഐ) ഇന്ത്യയെ കൈവിടുന്ന മനോഭാവമാണ് തുടരുന്നത്. ഇന്നലെയും അവർ 2,566 കോടി രൂപയുടെ ഇന്ത്യൻ ഓഹരികൾ വിറ്റഴിച്ചു.
രൂപ ഡോളറിനെതിരെ 48 പൈസ താഴ്ന്ന് 87.66ൽ ആണ് വ്യാപാരം അവസാനിപ്പിച്ചത്. ഓഹരി വിപണിയിൽ നിന്ന് വിദേശ നിക്ഷേപം കൊഴിയുന്നതും താരിഫ് ആശങ്കകളും ക്രൂഡ് ഓയിൽ വിലയുടെ ചാഞ്ചാട്ടവും റഷ്യൻ എണ്ണ സംബന്ധിച്ച അനിശ്ചിതത്വങ്ങളും രൂപയെ കടുത്ത സമ്മർദത്തിലാക്കുന്നു.
പേയ്ടിഎമ്മിൽ നിന്ന് പടിയിറങ്ങാൻ ആലിബാബ
ചൈനീസ് കമ്പനിയായ ആലിബാബയ്ക്കു കീഴിലെ ആന്റ് ഗ്രൂപ്പ് പേയ്ടിഎമ്മിലുള്ള 5.84% ഓഹരികളും പൂർണമായി ബ്ലോക്ക് ഡീലിലൂടെ വിറ്റൊഴിഞ്ഞേക്കും.
ഏകദേശം 3,800 കോടി രൂപയുടേതാകും ഇടപാട്. ഇന്നലെ എൻഎസ്ഇയിൽ 1,078.20 രൂപയായിരുന്നു പേയ്ടിഎം (വൺ87 കമ്യൂണിക്കേഷൻസ്) ഓഹരിവില.
എന്നാൽ 1,020 രൂപയ്ക്കായിരിക്കും ബ്ലോക്ക് ഡീൽ എന്നാണ് സൂചനകൾ.
ടാറ്റ ക്യാപിറ്റലും ഓഹരി വിപണിയിലേക്ക്
ടാറ്റാ ഗ്രൂപ്പിനു കീളിലെ എൻബിഎഫ്സി അഥവാ ബാങ്ക് ഇതര ധനകാര്യ സ്ഥാപനമായ ടാറ്റ ക്യാപിറ്റലും പ്രാരംഭ ഓഹരി വിൽപന (ഐപിഒ) സംഘടിപ്പിച്ച് ഓഹരി വിപണിയിലേക്ക് വരുന്നു. ഇതിനായുള്ള അപേക്ഷ സെബിക്ക് സമർപ്പിച്ചു.
പുതിയ ഓഹരികളും (ഫ്രഷ് ഇഷ്യൂ) നിലവിലെ ഓഹരി ഉടമകളുടെ ഓഹരികളും (ഓഫർ ഫോർ സെയിൽ/ഒഎഫ്എസ്) ഐപിഒയിലുണ്ടാകും.
സ്വർണവില മേലോട്ട്
രാജ്യാന്തര സ്വർണവില കൂടുകയാണ്. ഇന്ന് 11 ഡോളർ വർധിച്ച് ഔൺസിന് വില 3,375 രൂപയായി.
കേരളത്തിൽ ഇന്നും വില വർധനയുണ്ടാകും. ഇന്നലെ നേരിയ വർധന രേഖപ്പെടുത്തിയിരുന്നു.
താരിഫ് ആശങ്കകളും യുഎസ് ഡോളർ ഇൻഡക്സിന്റെ വീഴ്ചയും യുഎസിൽ അടുത്തമാസം പലിശനിരക്ക് കുറയാനുള്ള സാധ്യതകളുമാണ് സ്വർണത്തിന് നേട്ടമാകുന്നത്.
∙ ക്രൂഡ് ഓയിൽ വില ചാഞ്ചാട്ടത്തിലാണ്. ബ്രെന്റ്, ഡബ്ല്യുടിഐ ക്രൂഡ് വിലകൾ ബാരലിന് 66-68 ഡോളർ നിലവാരത്തിൽ തുടരുന്നു.
ബിസിനസ്, ഇക്കണോമി, സ്റ്റോക്ക് മാർക്കറ്റ്, പഴ്സനൽ ഫിനാൻസ്, കമ്മോഡിറ്റി, സമ്പാദ്യം വാർത്തകൾക്ക്: https://www.manoramaonline.com/business.html
https://www.manoramaonline.com/business.html
(Disclaimer: ഈ ലേഖനം ഓഹരി/കടപ്പത്രം/മ്യൂച്വൽഫണ്ട്/ക്രിപ്റ്റോകറൻസി മുതലായവ വാങ്ങാനോ വില്ക്കാനോ ഉള്ള നിര്ദേശമോ ഉപദേശമോ അല്ല.
ഓഹരി/കടപ്പത്രം/മ്യൂച്വൽഫണ്ട് മുതലായ നിക്ഷേപങ്ങൾ വിപണിയിലെ റിസ്കുകൾക്ക് വിധേയമാണ്. നിക്ഷേപം നടത്തുന്നതിന് മുമ്പ് നിങ്ങള് സ്വയം പഠനങ്ങൾ നടത്തുകയോ ഒരു വിദഗ്ധന്റെ ഉപദേശം തേടുകയോ ചെയ്യുക) …
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]