
തിരുവനന്തപുരം: കസ്റ്റഡിയിലെടുക്കാനെത്തിയ പൊലീസുകാർക്ക് നേരെ പ്രതിയുടെ അതിക്രമം. തിരുവനന്തപുരം കല്ലറയിലാണ് സംഭവം.
സ്ത്രീയെ വീട്ടിൽ അതിക്രമിച്ച് കയറി അസഭ്യം പറഞ്ഞ കേസിലെ പ്രതിയാണ്, തന്നെ കസ്റ്റഡിയിലെടുക്കാൻ ശ്രമിച്ച പൊലീസുകാരെ ആക്രമിച്ചത്. പൊലീസ് ജീപ്പ് യുവാവ് തകർക്കുകയും ചെയ്തു.
മദ്യലഹരിയിലായിരുന്ന പ്രതി കല്ലറ സ്വദേശി അമ്പാടി(30)യെ പൊലീസ് അറസ്റ്റ് ചെയ്തു. പനവൂർ ആനായികോണത്തെ വീട്ടിലാണ് അമ്പാടി അതിക്രമിച്ച് കയറി സ്ത്രീയെ അസഭ്യം പറഞ്ഞത്.
ഈ വിവരം അറിഞ്ഞാണ് പൊലീസ് സ്ഥലത്തെത്തിയത്. ഈ സമയത്ത് നാട്ടുകാർ ഇയാളെ തടഞ്ഞുവെച്ചിരിക്കുകയായിരുന്നു.
കസ്റ്റഡിയിലെടുക്കാൻ ശ്രമിച്ച പൊലീസുകാരെ മദ്യലഹരിയിലായിരുന്ന പ്രതി അസഭ്യം പറഞ്ഞു. ഇയാൾ പൊലീസ് ജീപ്പിൻ്റെ കണ്ണാടി അടിച്ചുതകർക്കുകയും ചെയ്തു.
തടയാൻ ശ്രമിച്ച പൊലീസുകാരെ പിടിച്ചുതള്ളിയ പ്രതി, പൊലീസ് ജീപ്പിൻ്റെ ഗ്ലാസ് ഉറപ്പിച്ച ഭാഗവും നശിപ്പിച്ചു. പൊലീസുകാർക്ക് നേരെ കൂടുതൽ ആക്രമണത്തിന് ശ്രമിച്ച പ്രതിയെ നാട്ടുകാരുടെ കൂടി സഹായത്തോടെയാണ് കീഴ്പ്പെടുത്തിയത്.
പിന്നീട് ഇയാളെ പൊലീസ് സ്റ്റേഷനിൽ എത്തിച്ചു. എന്നാൽ ഇവിടെ വച്ചും ഇയാൾ നില വിട്ട് പെരുമാറി.
സബ് ഇൻസ്പെക്ടറെയും എഎസ്ഐയെയും ഇയാൾ മർദ്ദിച്ചു. ബലം പ്രയോഗിച്ച് സ്റ്റേഷന് അകത്തേക്ക് കയറ്റിയപ്പോൾ ജിഡി, പാറാവ് ഡ്യൂട്ടിയിലുണ്ടായിരുന്ന പൊലീസുകാരെ ഇയാൾ കസേര വച്ച് മർദ്ദിച്ചെന്നും പൊലീസ് പറയുന്നു.
‘ഞാൻ ഇവിടെ നിന്ന് ഇറങ്ങിയാൽ കാണിച്ചു തരാം’ എന്ന് യുവാവ് പൊലീസുകാർക്ക് നേരെ ഭീഷണി മുഴക്കുകയും ചെയ്തെന്നാണ് വിവരം. പൊലീസ് ജീപ്പിന് 10000 രൂപയുടെ നഷ്ടം വരുത്തിയതിനും കൃത്യ നിർവ്വഹണത്തിന് ശ്രമിച്ച പൊലീസുകാരെ ആക്രമിച്ചതിനും സ്ത്രീയെ അസഭ്യം പറഞ്ഞതിനുമടക്കം ജാമ്യമില്ലാ വകുപ്പുകൾ പ്രകാരമാണ് പൊലീസ് സംഭവത്തിൽ കേസെടുത്തത്.
പിന്നീട് അറസ്റ്റ് രേഖപ്പെടുത്തിയ ശേഷം കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു. …
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]