
ആലപ്പുഴ: ചേർത്തലയെ നടുക്കിയ തിരോധാന കേസുകളിൽ ഇന്നത്തെ തെളിവെടുപ്പ് പൂർത്തിയായി. പള്ളിപ്പുറത്തെ വീട്ടിൽ സെബാസ്റ്റ്യനെ എത്തിച്ചുള്ള തെളിവെടുപ്പിൽ അസ്ഥിക്കഷ്ണങ്ങളും വസ്ത്രഭാഗങ്ങളും കണ്ടെത്തി.
കുളത്തിലെ വെള്ളം വറ്റിച്ചും പുരയിടത്തിന്റെ വിവിധ ഭാഗങ്ങളിൽ കുഴിയെടുത്തുമായിരുന്നു പരിശോധന. എന്നാൽ ചോദ്യം ചെയ്യലിൽ സെബാസ്റ്റ്യൻ സഹകരിക്കാത്തത് അന്വേഷണ സംഘത്തിന് വെല്ലുവിളിയാണ്.
പല കാലങ്ങളിലായി കാണാതായ 40നും 55നും ഇടയിൽ പ്രായമുളള നാല് സ്ത്രീകൾ. അവരുടെ തിരോധനത്തെ പറ്റി എന്തെങ്കിലും വിവരം ലഭിക്കുമോയെന്നറിയാനുള്ള പരിശോധന നീണ്ടത് 6 മണിക്കൂർ.
സെബാസ്റ്റ്യനെ പോലെ തന്നെ ദുരൂഹമായിരുന്നു പള്ളിപ്പുറത്തെ രണ്ടരയേക്കർ പുരയിടവും. കാട് മൂടിയ പറമ്പ്, രണ്ട് കുളങ്ങളിൽ മാംസം ഭക്ഷിക്കുന്ന മത്സ്യങ്ങൾ.
ഉച്ചയ്ക്ക് പന്ത്രണ്ടരയോടെ തുടങ്ങിയ തെളിവെടുപ്പിന്റെ ആദ്യമണിക്കൂറുകളിൽ കാട് വെട്ടിത്തെളിക്കാൻ തന്നെ ഏറെ പാടുപെട്ടു. നേരത്തെ കത്തിക്കരിഞ്ഞ അസ്ഥികൾ ലഭിച്ച സ്ഥലത്ത് നിന്ന് ഇന്ന് ലഭിച്ചത് ഇരുപതോളം അസ്ഥിക്കഷണങ്ങൾ.
പിന്നാലെ കുളം വറ്റിച്ചുള്ള പരിശോധനയിൽ കിട്ടിയത് സ്ത്രീകളുടെ വസ്ത്രം. പിന്നെ ഒരു കൊന്തയുടെ ഭാഗങ്ങൾ.
പക്ഷേ ഇതെല്ലാം കണ്ട് വീട്ടിനകത്തിരുന്ന സെബാസ്റ്റ്യന് ഒരു കുലുക്കവും ഉണ്ടായിരുന്നില്ല. ക്രൈം ബ്രാഞ്ച് എസ് പി ആവർത്തിച്ചു ചോദിച്ചിട്ടും വ്യക്തമായ ഒരു മറുപടിയും ഇല്ല.
കാണാതായ സ്ത്രീകളെ അറിയാം, പക്ഷേ കൊന്നിട്ടില്ല. അസ്ഥികൾ എങ്ങനെ വീട്ടുവളപ്പിൽ എത്തിയെന്ന ചോദ്യങ്ങൾക്കെല്ലാം പരസ്പര വിരുദ്ധമായ ഉത്തരങ്ങൾ.
വീട്ടിലെ ഹാളിൽ നേരത്തെ കണ്ടെത്തിയ ചോരക്കറയുടെ സാമ്പിളുകൾ ഫോറൻസിക് സംഘം ശേഖരിച്ചു. നാട്ടുകാർ ആവശ്യപ്പെട്ട
പോലെ ഗ്രാനൈറ്റ് തറ പൊളിച്ച്പരിശോധിച്ചെങ്കിലും ഒന്നും കിട്ടിയില്ല. 2006ഇൽ കാണാതായ ബിന്ദു പദ്മനാഭൻ, 2012ഇൽ കാണാതായ ഐഷ, കഴിഞ്ഞ ഡിസംബർ 23ന് കാണാതായ ജൈനമ്മ.
കണ്ടെത്തിയ അസ്ഥിക്കഷണങ്ങൾ ഇവരിൽ ആരുടേതെങ്കിലും ആണോ എന്നറിയാൻ ഡി എൻ എ പരിശോധന ഫലം ലഭിക്കണം. ഇനി ഡിഎൻഎ ഫലം ചേരുന്നില്ലെങ്കിൽ കൂടുതൽ സ്ത്രീകൾ കൊല്ലപ്പെട്ടോ എന്നതും പരിശോധിക്കേണ്ടി വരും.
ജൈനമ്മയും സെബാസ്റ്റ്യനും ഒരേ ടവർ ലൊക്കേഷനിൽ വന്നതും ജൈനമ്മയുടെ അവസാന ടവർ ലൊക്കേഷൻ പള്ളിപ്പുറം ആയതും അന്വേഷണസംഘത്തിന് പിടിവള്ളിയാകും. സെബാസ്റ്റ്യൻ വിറ്റ സ്വർണം ജൈനമ്മയുടേത് ആണെന്ന് തെളിയിക്കുകയും വേണം.
അങ്ങനെ നിരവധി വെല്ലുവിളികൾ ആണ് അന്വേഷണസംഘത്തിന് മുന്നിലുള്ളത്. …
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]