
തിരുവനന്തപുരം: പൊലീസ് ഉദ്യോഗസ്ഥരുടെ സമയോചിതമായ ഇടപെടലിലൂടെ വാടാനപ്പള്ളിയിൽ യുവാവിന്റെ ജീവൻ രക്ഷിക്കാനായെന്ന് കേരളാ പൊലീസ്. ഞാൻ മരിക്കാൻ പോകുകയാണെന്ന് പൊലീസ് സ്റ്റേഷനിലേക്ക് ഒരു കോൾ വന്നുവെന്നും അതിനു പിന്നാലെ പൊലീസ് ഇടപെട്ട് ജീവൻ രക്ഷിച്ചുവെന്നും പൊലീസിന്റെ ഔദ്യോഗിക ഫോസ്ബുക്ക് പേജിൽ പോസ്റ്റ് ചെയ്തിട്ടുണ്ട്.
ഫേസ്ബുക്ക് പോസ്റ്റ്: ഫേസ്ബുക്ക് പോസ്റ്റിന്റെ പൂർണ രൂപം: ‘ഞാൻ മരിക്കാൻ പോകുകയാണെന്ന് പോലീസ് സ്റ്റേഷനിലേക്ക് ഒരു കോൾ. പോലീസ് ഉദ്യോഗസ്ഥരുടെ സമയോചിത ഇടപെടലിൽ രക്ഷിക്കാനായാത് യുവാവിന്റെ ജീവൻ.
ഇക്കഴിഞ്ഞ വെള്ളിയാഴ്ച രാത്രി 9.30 ഓടെയാണ് വാടാനപ്പള്ളി പൊലീസ് സ്റ്റേഷനിലേക്ക് കോൾ എത്തിയത്. പാറാവ് ഡ്യൂട്ടിയിലായിരുന്ന സിവിൽ പൊലീസ് ഓഫിസർ സൗമ്യയാണ് കോൾ അറ്റൻഡ് ചെയ്തത്.
ഫോൺ വിളിച്ച യുവാവിനെ സൗമ്യ ആദ്യം സമാധാനപ്പെടുത്തുകയും, ഉടൻ തന്നെ ഈ വിവരം ജി.ഡി ചാർജിലുണ്ടായിരുന്ന സീനിയർ സിവിൽ പൊലീസ് ഓഫിസർ ഫിറോസിനെ അറിയിക്കുകയും ചെയ്തു. ഫിറോസ് യുവാവുമായി ഫോണിൽ സംസാരിച്ച് ശാന്തനാക്കാൻ ശ്രമിച്ചു.
ഫോൺ നമ്പർ ശേഖരിക്കുകയും ചെയ്തു. ഉടനെ വിഡിയോ കോളിലൂടെ ബന്ധപ്പെട്ടപ്പോൾ യുവാവ് തൂങ്ങി മരിക്കാൻ ശ്രമിക്കുന്നതായാണ് കണ്ടത്.
ഉടനടി വാടാനപ്പള്ളി പൊലീസ് സ്റ്റേഷൻ ഇൻസ്പെക്ടർ ഷൈജു എൻ.ബി യെ വിവരം അറിയിച്ചു. ഫോൺ നമ്പർ ട്രേസ് ചെയ്ത്, ഫിറോസ്, സി.പി.ഒ.മാരായ ജോർജ് ബാസ്റ്റ്യൻ, ശ്യാം എന്നിവർ സംഭവ സ്ഥലത്തേക്ക് പുറപ്പെട്ടു.
തളിക്കുളം കച്ചേരിപ്പടി പടിഞ്ഞാറ് എത്തിയ സംഘം നാട്ടുകാരുടെ സഹായത്തോടെ യുവാവിന്റെ വീട് കണ്ടെത്തി. വീട്ടിൽ ചെന്നപ്പോൾ ഒരു റൂമിൽ മാത്രം ലൈറ്റ് തെളിഞ്ഞിരുന്നു.
കതക് മുട്ടിയിട്ടും തുറന്നില്ല. ലൈറ്റ് തെളിഞ്ഞിരുന്ന റൂമിന്റെ ജനൽ പൊട്ടിച്ച് നോക്കിയപ്പോൾ യുവാവ് തൂങ്ങി നിൽക്കുന്ന നിലയിലായിരുന്നു.
ഉടൻ വാതിൽ പൊളിച്ച് അകത്ത് കടന്ന പൊലീസ് സംഘം, യുവാവ് കെട്ടിതൂങ്ങാൻ ഉപയോഗിച്ച തുണി അഴിച്ചു മാറ്റി സി പി ആർ നൽകുകയും, ആംബുലൻസിൽ ആശുപത്രിയിൽ എത്തിച്ച് പ്രാഥമിക ചികിത്സ നൽകുകയും ചെയ്തു. തുടർന്ന് കുടുംബാംഗങ്ങളെ വിവരം അറിയിച്ച്, യുവാവിനെ മെഡിക്കൽ കോളജ് ആശുപത്രിയിലേക്ക് മാറ്റി.
യുവാവ് സുരക്ഷിതനാണ്, ജീവിതത്തിലേക്ക് തിരിച്ചെത്തിയിരിക്കുകയാണ്. ആത്മഹത്യ ഒന്നിനും ഒരു പരിഹാരമല്ല ആത്മഹത്യ പ്രവണതയുള്ളവർ ദിശ ഹെൽപ് ലൈനിലോ (1056), ടെലി മനസ്സ് ഹെൽപ് ലൈനിലോ (14416 ) ബന്ധപ്പെടുക.’- കേരളാ പൊലീസ് …
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]