
അദാനി ഗ്രൂപ്പ് ചൈനീസ് കമ്പനികളുമായി ചേർന്ന് ബാറ്ററി നിർമാണത്തിനൊരുങ്ങുന്നുവെന്ന റിപ്പോർട്ടുകൾ നിഷേധിച്ച് ഗ്രൂപ്പിലെ മുഖ്യ കമ്പനിയായ അദാനി എന്റർപ്രൈസസ്. ചൈനീസ് ഇലക്ട്രിക് വാഹന (ഇവി) നിർമാതാക്കളായ ബിവൈഡി, ബെയ്ജിങ് വീലിയൺ ന്യൂ എനർജി ടെക്നോളജി എന്നീ കമ്പനികളുമായി ചേർന്ന് അദാനി ഇന്ത്യയിൽ ലിഥിയം-അയോൺ ബാറ്ററി നിർമിക്കുമെന്നായിരുന്നു ചില വിദേശ, ദേശീയ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തത്.
എന്നാൽ, അത്തരമൊരു നീക്കമോ പങ്കാളിത്തമോ ഇല്ലെന്നും റിപ്പോർട്ടുകൾ വസ്തുതാവിരുദ്ധവും തെറ്റിദ്ധരിപ്പിക്കുന്നതുമാണെന്ന് സ്റ്റോക്ക് എക്സ്ചേഞ്ചുകൾക്ക് നൽകിയ കത്തിൽ അദാനി എന്റർപ്രൈസസ് വ്യക്തമാക്കി.
നിലവിൽ ലോകത്തെ ഏറ്റവും വലിയ ഇവി കമ്പനികളിലൊന്നാണ് ബിവൈഡി. റീചാർജബിൾ ബാറ്ററികളുടെ ടെക്നോളജിയിൽ ലോകത്തെ മുൻനിര കമ്പനിയുമാണ്.
ഇന്ത്യയിൽ സോളർ ഉൾപ്പെടെ ഹരിതോർജ രംഗത്ത് മുൻനിരയിലുള്ള അദാനി ഗ്രൂപ്പിന് ബിവൈഡി ഉൾപ്പെടെയുള്ള ചൈനീസ് കമ്പനികളുടെ പങ്കാളിത്തം വൻ നേട്ടമാകുമെന്നും ഇലക്ട്രിക് വാഹന ബാറ്ററി നിർമാണത്തിലേക്കും കടക്കാൻ വഴിയൊരുക്കുമെന്നുമായിരുന്നു റിപ്പോർട്ടുകൾ.
കഴിഞ്ഞമാസം അദാനി ഗ്രൂപ്പ് അധികൃതർ ചൈന സന്ദർശിച്ച് പ്രാഥമിക ചർച്ചകൾ നടത്തിയിരുന്നെന്നും ചെയർമാൻ ഗൗതം അദാനി നേരിട്ടാണ് ചർച്ചകൾ നടത്തുന്നതെന്നും റിപ്പോർട്ടിൽ പറഞ്ഞിരുന്നു. ഇതോടെയാണ്, അദാനി ഗ്രൂപ്പ് വിശദീകരണവുമായി രംഗത്തെത്തിയത്.
ബിവൈഡിയും ബെയ്ജിങ് വീലിയൺ ന്യൂ എനർജി ടെക്നോളജിയും ഉൾപ്പെടെ ഒരു ചൈനീസ് കമ്പനിയുമായും അദാനി ഗ്രൂപ്പ് സഹകരണ ചർച്ചകൾ നടത്തിയിട്ടില്ലെന്നും വിശദീകരണക്കുറിപ്പിൽ അദാനി ഗ്രൂപ്പ് വ്യക്തമാക്കി.
അദാനി ഗ്രൂപ്പ് കമ്പനികളുടെ ഓഹരികൾ ഇന്നു പൊതുവേ നേട്ടത്തിലാണ് വ്യാപാരം ചെയ്യുന്നത്. എസിസി 0.09%, അംബുജ സിമന്റ് 0.19% എന്നിങ്ങനെ നേരിയ നഷ്ടത്തിലും മറ്റ് കമ്പനികൾ നേട്ടത്തിലുമാണ്.
2.72% ഉയർന്ന് അദാനി പോർട്സ് ആണ് നേട്ടത്തിൽ മുന്നിൽ.
അദാനി എനർജി സൊല്യൂഷൻസ് 0.58%, അദാനി എന്റർപ്രൈസസ് 0.54%, അദാനി ഗ്രീൻ എനർജി 1.63%, അദാനി പവർ 1.93%, അദാനി ടോട്ടൽ ഗ്യാസ് 1.79% എന്നിങ്ങനെയും ഇന്നത്തെ വ്യാപാരത്തിന്റെ അവസാന മണിക്കൂറിലേക്ക് കടന്നപ്പോൾ വ്യാപാരം ചെയ്യുന്നു.
ബിസിനസ്, ഇക്കണോമി, സ്റ്റോക്ക് മാർക്കറ്റ്, പഴ്സനൽ ഫിനാൻസ്, കമ്മോഡിറ്റി, സമ്പാദ്യം വാർത്തകൾക്ക്:
(Disclaimer: ഈ ലേഖനം ഓഹരി/കടപ്പത്രം/മ്യൂച്വൽഫണ്ട്/ക്രിപ്റ്റോകറൻസി മുതലായവ വാങ്ങാനോ വില്ക്കാനോ ഉള്ള നിര്ദേശമോ ഉപദേശമോ അല്ല. ഓഹരി/കടപ്പത്രം/മ്യൂച്വൽഫണ്ട് മുതലായ നിക്ഷേപങ്ങൾ വിപണിയിലെ റിസ്കുകൾക്ക് വിധേയമാണ്.
നിക്ഷേപം നടത്തുന്നതിന് മുമ്പ് നിങ്ങള് സ്വയം പഠനങ്ങൾ നടത്തുകയോ ഒരു വിദഗ്ധന്റെ ഉപദേശം തേടുകയോ ചെയ്യുക) …
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]