
രോഹിത് ശര്‍മ, വിരാട് കോലി, രവി അശ്വിൻ എന്നിവരില്ല. ലോക ഒന്നാം നമ്പര്‍ ടെസ്റ്റ് ബൗളര്‍ ജസ്പ്രിത് ബുമ്ര കളിക്കുക അഞ്ചില്‍ മൂന്ന് ടെസ്റ്റ് മാത്രം.
ആഭ്യന്തര ക്രിക്കറ്റിലും ഇന്ത്യൻ പ്രീമിയര്‍ ലീഗിലും ടീമുകളെ നയിച്ച പരിചയസമ്പത്തുള്ള ശുഭ്മാൻ ഗില്‍ നായകനായി എത്തുന്നു. സ്വന്തം നാട്ടില്‍ ന്യൂസിലൻഡിനോടേറ്റ വൈറ്റ് വാഷ് (0-3), ബോര്‍ഡര്‍ – ഗവാസ്ക്കര്‍ ട്രോഫി അടിയറവ് പറഞ്ഞതിന് ശേഷമുള്ള ആദ്യ പരമ്പര.
ഗൗതം ഗംഭീറെന്ന പരിശീലകനും ഇന്ത്യൻ ക്രിക്കറ്റിനും ഏറെ നിര്‍ണായകമായ ഒന്നരമാസമായിരുന്നു ഇംഗ്ലണ്ടില്‍ കാത്തിരുന്നത്. ഇംഗ്ലീഷ് കാര്മേഘങ്ങള്ക്ക് കീഴില്‍ മാത്രം ബൗളര്‍മാര്‍ക്ക് ആനുകൂല്യം ലഭിക്കുന്ന, ബാസ്ബോളിനായി മുഖം മിനുക്കിയ വിക്കറ്റുകളില്‍ ഇന്ത്യയുടെ അതിജീവനം എങ്ങനെയായിരിക്കുമെന്നതില്‍ ആകാംഷ മാത്രമായിരുന്നില്ല ആശങ്കയും നിലനിന്നിരുന്നു.
അൻപതിലധികം ടെസ്റ്റ് മത്സരങ്ങള്‍ കളിച്ച രണ്ട് താരങ്ങള്‍ മാത്രമായിരുന്നു ടീമിലുണ്ടായിരുന്നത്. കെ എല്‍ രാഹുലും രവീന്ദ്ര ജഡേജയും.
ജസ്പ്രിത് ബുമ്രയും റിഷഭ് പന്തുമാണ് തൊട്ടുപിന്നിലുള്ള സീനീയേഴ്സ്. മറ്റുള്ളവരെല്ലാം വെള്ളക്കുപ്പായത്തില്‍ പിച്ചവെച്ച് തുടങ്ങിയവര്‍.
ആൻഡേഴ്സണ് – ടെൻഡുല്‍ക്കര്‍ ട്രോഫിയിലെ 2-2 എന്ന ഈ കണക്കു നോക്കുമ്പോള്‍ ഒരുപക്ഷേ, ഇരുടീമുകളും പരമ്പരയില്‍ ഉടനീളമെന്ന് തോന്നിച്ചേക്കാം. എന്നാല്‍, കണക്കുകള്‍ വെളിപ്പെടുത്തുന്നതായിരുന്നില്ല കളത്തിലെ കളി.
സമീപകാല ടെസ്റ്റ് മത്സരങ്ങളില്‍ നിന്ന് വിഭിന്നമായി അഞ്ച് മത്സരങ്ങളും അഞ്ചാം ദിവസം വരെ നീണ്ട പരമ്പരയായിരുന്നു കഴിഞ്ഞുപോയത്.
അഞ്ചിലും അടുത്തകാലത്തെ ഇന്ത്യയുടെ ഏറ്റവും മികച്ച പ്രകടനങ്ങളും ചെറുത്തുനില്പ്പുകളുമുണ്ടായി. ഇരുടീമുകളും ചേര്‍ന്ന് 21 സെഞ്ച്വറികള്‍, ടെസ്റ്റ് ചരിത്രത്തില്‍ തന്നെ ആദ്യം.
അങ്ങനെ റെക്കോര്‍ഡ് പുസ്തകങ്ങളില്‍ പല തിരുത്തലുകളും രേഖപ്പെടുത്തിയ പരമ്പര. ഒരുപക്ഷേ, 3-1ന് ഗില്ലും സംഘവും സ്വന്തമാക്കേണ്ടതായിരുന്നു പരമ്പര.
ലീഡ്സില്‍ വില്ലനായത് വാലറ്റത്തിന്റെ വീഴ്ചയായിരുന്നു. എഡ്ജ്ബാസ്റ്റണില് ചരിത്രത്തിലാദ്യമായി ഇന്ത്യ ജയം നേടിയെടുത്തു.
ലോര്‍ഡ്സില്‍ നിര്‍ഭാഗ്യം സ്റ്റമ്പിലേക്ക് ഉരുണ്ടുകയറിയപ്പോള്‍ പരാജയം. മാഞ്ചസ്റ്ററില്‍ വിജയത്തിനോളം പോന്ന ഒരു സമനില.
ഒടുവില്‍ ഓവലിലും പോരാട്ടവീര്യം കാഴ്ചവെച്ചുള്ള കീഴടങ്ങല്‍. അഞ്ച് ടെസ്റ്റിന്റെ ഫലം മാത്രം നോക്കിയല്ല, മറിച്ച് സെഷനുകളെടുത്താല് ഇംഗ്ലണ്ടിന് മുകളില്‍ ഇന്ത്യ വ്യക്തമായ ആധിപത്യം സ്ഥാപിച്ചതും ഒപ്പത്തിനൊപ്പവുമെത്തിയ സെഷനുകളുമായിരുന്നു കൂടുതല്‍.
ഫലം മാത്രം പ്രതികൂലമായി മാറി നിന്നു. ഇന്ത്യയുടെ ടെസ്റ്റ് ക്രിക്കറ്റ് ഭാവി സുരക്ഷിതമെന്ന് പറയാൻ അല്ലെങ്കില്‍ ഉറപ്പിക്കാൻ കഴിയുന്ന നിരവധി പ്രകടനങ്ങള്‍ പരമ്പരയിലുണ്ടായി.
അതില്‍ ഏറ്റവും പ്രാധാന്യം അര്‍ഹിച്ചത് ഗില്ലിന്റെ പ്രകടനം തന്നെയാണ്. അഞ്ച് ടെസ്റ്റില്‍ നിന്ന് 754 റണ്‍സ്, നാല് സെഞ്ച്വറി, ഒന്ന് ഇരട്ട
ശതകവും. ഒരു ഇന്ത്യൻ നായകൻ ഒരു പരമ്പരയില്‍ നേടുന്ന ഏറ്റവുമധികം റണ്‍സ്.
വിദേശ വിക്കറ്റില്‍ ഇന്ത്യൻ താരത്തിന്റെ ഏറ്റവും വലിയ രണ്ടാമത്തെ റണ്‍വേട്ട. ഇംഗ്ലണ്ടിലേക്ക് നായകകുപ്പായമണിഞ്ഞ് ഗില്ലെത്തുമ്പോള്‍ ഏറ്റവും വലിയ ആശങ്ക താരത്തിന്റെ ബാറ്റിങ് മികവ് തന്നെയായിരുന്നു.
ഇംഗ്ലണ്ടിലെ ഗില്ലിന്റെ ശരാശരി ഇരുപതിലും താഴെയായിരുന്നു. എന്നാല്‍, പരമ്പര അവസാനിക്കുമ്പോള്‍ അത് 52 ആയി ഉയര്‍ത്താൻ വലം കയ്യൻ ബാറ്റര്‍ക്ക് കഴിഞ്ഞിട്ടുണ്ട്.
ഒരുപക്ഷേ, നായകഭാരം മാറ്റിവെച്ച് ഒരു ബാറ്റര്‍ എന്ന നിലയിലായിരിക്കും കളിയെ സമീപിക്കുക എന്ന ഉറപ്പ് ഗില്‍ പാലിച്ചതായിരിക്കാം. ഗില്ലെന്ന ബാറ്റര്‍ തിളങ്ങുമ്പോള്‍, അയാളിലെ നായകൻ ചോദ്യം ചെയ്യപ്പെടുന്നുണ്ട്.
പല മത്സരങ്ങളും വഴുതിപ്പോയതിന്റെ കാരണം ടീം തിരഞ്ഞെടുപ്പിലെ പാളിച്ചകള്‍ തന്നെയായിരുന്നു. പ്രത്യേകിച്ചും കുല്‍ദീപ് യാദവിനെപ്പോലൊരു വിക്കറ്റ് ടേക്കിങ് സ്പിന്നറെ അഞ്ച് മത്സരങ്ങളിലും പുറത്തിരുത്തിയത്.
ഇംഗ്ലീഷ് സാഹചര്യങ്ങളില്‍ അര്‍ഷദീപിനെപ്പോലൊരു ഇടം കയ്യൻ പേസറെ എന്തുകൊണ്ട് കൃത്യമായി ഉപയോഗിച്ചില്ല എന്ന ചോദ്യവും അവശേഷിക്കുന്നു. നായകനെന്ന നിലയില്‍ ഗില്‍ ഇനിയും ഏറെ തെളിയിക്കാനുണ്ട് എന്നതില്‍ തര്‍ക്കമില്ല.
റിഷഭ് പന്ത് ഒരിക്കല്‍ക്കൂടി ഇന്ത്യയുടെ ടെസ്റ്റ് ചരിത്രത്തിലെ ഏറ്റവും മികച്ച വിക്കറ്റ് കീപ്പര്‍ ബാറ്ററാണെന്ന് തെളിയിച്ചു. ഏഴ് ഇന്നിങ്സുകളില്‍ നിന്ന് 479 റണ്‍സ്.
രണ്ട് സെഞ്ച്വറിയും മൂന്ന് അര്‍ദ്ധ ശതകങ്ങളും. മാഞ്ചസ്റ്ററില്‍ കാലിലെ ഗുരുതര പരുക്കിനെ വകവെക്കാതെ കളത്തിലെത്തി പൂര്‍ത്തിയാക്കിയ അര്‍ദ്ധ സെഞ്ച്വറി എല്ലാ കാലവും ഓര്മിക്കപ്പെടുന്നതായിരുന്നു.
ഇന്ത്യ സമ്മര്‍ദത്തിലായ കളി സാഹചര്യങ്ങളിലെല്ലാം കൗണ്ടര്‍ അറ്റാക്കിങ്ങിലൂടെ ഇംഗ്ലണ്ടിന്റെ കൈകളില്‍ നിന്ന് മത്സരം വീണ്ടെടുത്ത പന്ത് മാജിക്ക് ഇംഗ്ലീഷ് മൈതാനങ്ങളില്‍ ആവര്‍ത്തിച്ചു. ഫോം ഏറിയും കുറഞ്ഞുമായിരുന്നെങ്കിലും സെഞ്ച്വറിയോടെ പരമ്പര അവസാനിപ്പിക്കാൻ യശസ്വി ജയ്സ്വാളിന് കഴിഞ്ഞു.
വരും കാലങ്ങളില്‍ മറ്റൊരു ഓപ്പണറിനെ ഇന്ത്യ തേടേണ്ടി വരില്ല എന്ന ഉറപ്പുകൂടി ഇടം കയ്യൻ ബാറ്റര്‍ പരമ്പരയിലൂടെ നല്കി. ഗില്ലായിരുന്നു റണ്‍വേട്ടയില്‍ മുന്നിലെങ്കിലും ഇന്ത്യൻ ബാറ്റിങ് നിരയിലെ ഏറ്റവും കമ്പോസ്ഡായ ബാറ്റര്‍ കെ എല്‍ രാഹുലായിരുന്നു.
പരമ്പരകള്‍ നന്നായി തുടങ്ങി, പിന്നീട് നിറം മങ്ങുന്ന രാഹുലിനെയായിരുന്നില്ല കണ്ടത്, 532 റണ്‍സ്. രണ്ട് സെഞ്ച്വറിയും രണ്ട് അര്‍ദ്ധ ശതകവും.
രവീന്ദ്ര ജഡേജ എന്ന ബൗളിങ് ഓള് റൗണ്ടര്‍. പക്ഷേ, ജഡേജ എന്ന ബാറ്ററെ ആയിരുന്നു ഇന്ത്യക്ക് ലഭിച്ചത്.
ഒരുപക്ഷേ, അന്തിമ ഇലവനില്‍ കുല്‍ദീപ് പലപ്പോഴും ഇടം ലഭിക്കാത്തതിന്റെ കാരണവും ജഡേജയുടെ ബാറ്റിങ് മികവായിരുന്നു. ആറാം നമ്പറില്‍ ക്രീസിലെത്തി 516 റണ്‍സ്.
ഒരു സെഞ്ച്വറിയും അഞ്ച് അര്‍ദ്ധ സെഞ്ച്വറിയും. ജഡേജയുടെ കരിയറിലെ ഏറ്റവും മികച്ച പരമ്പര.
ഇംഗ്ലണ്ടിലേക്ക് തിരിക്കും മുൻപ് ജഡേജ വിരമിക്കണമെന്ന് ആവശ്യപ്പെട്ടവര്‍ക്കുള്ള മറുപടി ബാറ്റുകൊണ്ടായിരുന്നു. ജഡേജയ്ക്കൊപ്പം വാഷിങ്ടണ്‍ സുന്ദര്‍.
നിതീഷ് കുമാറും ശാര്‍ദൂലും പരാജയപ്പെട്ടിടത്ത് പന്തുകൊണ്ട് ബാറ്റുകൊണ്ടും ഒരേ തിളക്കം. നാല് മത്സരങ്ങളില്‍ നിന്ന് 284 റണ്‍സ്.
ഏഴ് വിക്കറ്റുകളും സ്വന്തം പേരില്‍. രവി അശ്വിന്റെ പകരക്കാരനേയും കണ്ടെത്താൻ ഇന്ത്യക്കായി.
പക്ഷേ, ബാറ്റിങ്ങിലെ ഏറ്റവും വലിയ ആശങ്കയായി അവശേഷിക്കുന്നത് മൂന്നാം നമ്പറാണ്. കരുണ്‍ നായരിനേയും സായ് സുദര്‍ശനേയും മൂന്നാം നമ്പറില്‍ പരീക്ഷിച്ചെങ്കിലും കാര്യമായൊരു സംഭാവന നല്‍കാനായില്ല.
രണ്ട് പേരും പരമ്പരയില്‍ ആകെ നേടിയത് ഒരോ അര്‍ദ്ധ സെഞ്ച്വറികള്‍ മാത്രമാണ്. ഇന്ത്യൻ ബാറ്റര്‍മാരില്‍ സെഞ്ച്വറി നേടാത്ത രണ്ട് താരങ്ങളും ഇരുവരുമാണ്.
കരുണിന്റെ ഓവലിലെ അര്‍ദ്ധ സെഞ്ച്വറി നിര്‍ണായകമായിരുന്നു. സായ് രണ്ട് തവണയാണ് റണ്ണൊന്നുമെടുക്കാതെ മടങ്ങിയതും.
കരുണ്‍ 205 റണ്‍സും സായ് 140 റണ്‍സുമാണ് പരമ്പരയില്‍ ആകെ നേടിയത്. ബൗളിങ്ങിലേക്ക് എത്തിയാല്‍ മുഹമ്മദ് സിറാജാണ് ഇന്ത്യക്കായി ഏറ്റവുമധികം ഓവറുകള്‍ പരമ്പരയിലെറിഞ്ഞ താരം.
185.3 ഓവറുകള്‍, പരമ്പരയില്‍ ഏറ്റവുമധികം വിക്കറ്റെടുത്ത ബൗളറും സിറാജായിരുന്നു. ബുമ്രയുടെ അഭാവം അറിയിക്കാതെയുള്ള പ്രകടനം.
ബുമ്ര കളിക്കാത്ത രണ്ട് ടെസ്റ്റിലുമായി 16 വിക്കറ്റുകളാണ് വലം കയ്യൻ പേസര്‍ നേടിയത്. ബുമ്ര കളിച്ച മത്സരങ്ങളിലാകട്ടെ നേടിയത് ഏഴ് വിക്കറ്റും.
ലീഡ് പേസറുടെ ഉത്തരവാദിത്തം നിറവേറ്റാനായി താരത്തിന്. ബുമ്ര തനിക്ക് ലഭിച്ച അവസരങ്ങളില്‍ പ്രതിഭയോട് നീതി പുലര്‍ത്തി.
അഞ്ച് ഇന്നിങ്സുകളില്‍ നിന്നായി 14 വിക്കറ്റ്. പരമ്പരയില്‍ ബെൻ സ്റ്റോക്ക്സ് കഴിഞ്ഞാല്‍ ഏറ്റവും മികച്ച ശരാശരിയുള്ളതും ബുമ്രക്കാണ്.
എന്നാല്‍, ബുമ്രയേയും സിറാജിനേയും മാറ്റി നിര്‍ത്തിയാല്‍ ഇന്ത്യൻ ബൗളര്‍മാരുടെ പ്രകടനം ശരാശരിയായിരുന്നു. ആകാശ് ദീപ് എഡ്ജബാസ്റ്റണില്‍ നേടിയ 10 വിക്കറ്റ് പ്രകടനം മാറ്റി നിര്‍ത്തിയാല്‍ പിന്നീട് കാര്യമായി തിളങ്ങിയിട്ടില്ല.
പ്രസിദ്ധ് കൃഷണയാകട്ടെ സ്ഥിരതയുടെ അഭാവത്താല്‍ പരമ്പരയിലുടനീളം വിമര്‍ശിക്കപ്പെട്ടു. പ്രസിദ്ധിന്റെ എക്കണോമി പോലും അഞ്ചിന് മുകളിലാണ്.
അൻഷുല്‍ കാമ്പോജിന്റെ തിരഞ്ഞെടുപ്പും പാളിയതോടെ പേസ് നിരയില്‍ ഇന്ത്യയ്ക്ക് കാര്യമായ മാറ്റങ്ങള്‍ ആവശ്യമാണെന്ന് തെളിഞ്ഞു. മുഹമ്മദ് ഷമിയെപ്പോലെ സ്ഥിരതയോടെ ലൈനും ലെങ്തും നിലനിര്‍ത്തുന്ന ബൗളര്‍മാരുടെ സാന്നിധ്യമായിരിക്കും ഇന്ത്യയ്ക്ക് അനിവാര്യം.
…
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]