
കോടഞ്ചേരി ∙ പതങ്കയത്തു മുന്നറിയിപ്പു കാറ്റിൽപറത്തി പുഴയിലിറങ്ങുന്നവർ അപകടത്തിൽപെടുന്നതു തുടരുന്നു. മഞ്ചേരിയിൽനിന്നു വന്ന ആറംഗ സംഘത്തിൽപെട്ട
പ്ലസ് വൺ വിദ്യാർഥി, കച്ചേരിപ്പടി സ്വദേശി അഷറഫ് വളശ്ശേരിയുടെ മകൻ അലനെയാണ് (16) ഇന്നലെ ഉച്ചയോടെ നാരങ്ങാത്തോട് പതങ്കയത്ത് ഒഴുക്കിൽപ്പെട്ടു കാണാതായത്. മഞ്ചേരി തുറക്കൽ എസ്എംഎസ് എച്ച്എസ്എസ്സിലെ പ്ലസ് വൺ വിദ്യാർഥിയായ അലനും സഹപാഠികളും പതിനൊന്നരയോടെയാണ് പതങ്കയത്ത് എത്തിയത്.
ഒപ്പം വന്ന സഹപാഠി അലനെ രക്ഷിക്കാൻ ശ്രമിച്ചെങ്കിലും ഒഴുക്കിൽപ്പെട്ടു. ഒരു കല്ലിൽ പിടിത്തം കിട്ടിയതിനാൽ സമീപത്തുള്ളവർ ഒരു മുള ഉപയോഗിച്ച് രക്ഷപ്പെടുത്തി.
തിരച്ചിലിന് കോടഞ്ചേരി പൊലീസും മുക്കം അഗ്നിരക്ഷാ സേനയും ടാസ്ക് ഫോഴ്സും സന്നദ്ധ സംഘടനകളും സ്ഥലത്തെത്തി.
താമരശ്ശേരി ഡപ്യൂട്ടി തഹസിൽദാർ കെ. ഷിജു, കോടഞ്ചേരി എസ്ഐ കെ.ജിതേഷ്, എഎസ്ഐ ശ്യാം പ്രസാദ്, സിവിൽ പൊലീസ് ഓഫിസർമാരായ പി.കെ.അഖിൽജിത്ത്, കെ.ജെ.ഷിബു എന്നിവരാണ് നേതൃത്വം നൽകിയത്.
സാന്ത്വനം ഓമശ്ശേരി, കർമ ഓമശ്ശേരി, എന്റെ മുക്കം കൂട്ടായ്മകളും തിരച്ചിലിനുണ്ടായിരുന്നു.
പ്രതികൂല കാലാവസ്ഥയെ തുടർന്ന് നിർത്തിവച്ച തിരച്ചിൽ ഇന്നു രാവിലെ 9ന് ആരംഭിക്കുമെന്ന് കോടഞ്ചേരി പഞ്ചായത്ത് പ്രസിഡന്റ് അലക്സ് തോമസ് ചെമ്പകശ്ശേരി പറഞ്ഞു.ഇതുവരെ പതങ്കയത്ത് ഒഴുക്കിൽപ്പെട്ട് 27 പേർ മരിച്ചിട്ടുണ്ട്. മുന്നറിയിപ്പ് ബോർഡുകൾ സ്ഥാപിച്ചിട്ടുണ്ടെങ്കിലും ഇരുവഞ്ഞിപ്പുഴയുടെ മനോഹാരിത കാണുന്ന സഞ്ചാരികൾ നാട്ടുകാരുടെ വിലക്ക് അവഗണിച്ച് പുഴയിൽ ഇറങ്ങുന്നത് പതിവാണ്.
…
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]