
കുമരകം ∙ തണ്ണീർമുക്കം ബണ്ടിന്റെ ഷട്ടറുകൾ തുറന്നു തെക്ക് കായൽ ഭാഗത്ത് ഉപ്പുവെള്ളം എത്തുന്നതോടെ നശിച്ചിരുന്ന പോള ഇപ്പോൾ തഴച്ചു വളരുന്ന സ്ഥിതി. ഷട്ടറുകൾ തുറന്നു രണ്ടാഴ്ച കഴിയുമ്പോഴേ പോളകൾ പൂർണമായും നശിക്കുമായിരുന്നു.
ഷട്ടറുകൾ തുറന്നു മൂന്നു മാസത്തിലേറെയായിട്ടും പോളകൾ ഒരു കൂസലുമില്ലാതെ വളർന്നു നിറയുന്നു. ഷട്ടറുകൾ തുറന്ന ശേഷം തുടർച്ചയായി ഉണ്ടായ മഴയാണു പോളയ്ക്കു അനുഗ്രഹമായത്.
മഴ വെള്ളത്തിൽ ഉപ്പിന്റെ കാഠിന്യം കുറയുകയും പോളക്കൂട്ടം നശിക്കാതെ വളരുകയുമായിരുന്നു. വേമ്പനാട്ട് കായലിന്റെ കിഴക്കൻ തീരത്ത് പോള വന്നടിഞ്ഞു കിടക്കുന്നു.
കിലോമീറ്ററോളം നീളത്തിൽ പോള നിറഞ്ഞു. തീരഭാഗത്തു കൂടി ബോട്ടുകൾക്കും വള്ളങ്ങൾക്കും പോകാൻ കഴിയാത്ത അവസ്ഥയാണ്.
കിഴക്കൻ തീരത്ത് അടിഞ്ഞ പോളക്കൂട്ടം സമീപത്തെ തോടുകളിലും വന്നു നിറയുന്നു. പോള നിറയുന്നത് കായൽ തൊഴിലാളികൾക്കും ടൂറിസം മേഖലയ്ക്കും തിരിച്ചടിയാകുന്നു.
വേലിയേറ്റ സമയത്താണു പോള തോടുകളിൽ വന്നു നിറയുന്നത്. ഈ സമയത്ത് വള്ളങ്ങൾക്കും ബോട്ടുകൾക്കും കായലിലേക്ക് ഇറങ്ങാൻ കഴിയാതെ വരുന്നു.
ഇപ്പോൾ തുറന്നു കിടക്കുന്ന ഷട്ടറുകൾ ഡിസംബർ മാസത്തിൽ അടയ്ക്കും.
പിന്നെ പോളയ്ക്കു വളരാൻ നല്ല കാലമാകും. തെക്കൻ കായൽ ഭാഗത്ത് ഒട്ടും ഉപ്പില്ലാത്ത വെള്ളമാകും.
അതിൽ പോളയ്ക്കു വളരുന്നതിനു തടസ്സങ്ങളൊന്നുമില്ല. ഷട്ടറുകൾ അടച്ചാലും തുറന്നാലും ഇപ്പോൾ പോളശല്യം കൊണ്ടു പൊറുതിമുട്ടുന്ന അവസ്ഥയിലാണു കുട്ടനാട്ടുകാർ.
പോള നശീകരണത്തിനു സർക്കാർ ശാശ്വത പരിഹാരം കാണാത്തിടത്തോളം കാലം പോളക്കൂട്ടം കുട്ടനാടിനു ദുരിതമാകും. …
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]