
മുട്ടം∙ പൊതുജനപങ്കാളിത്തത്തോടെ മലങ്കര ടൂറിസം പദ്ധതി വിപുലീകരിക്കാനുള്ള തീരുമാനത്തിനും നടപടിയില്ല. പൊതുജനപങ്കാളിത്തത്തോടെ പാർക്ക് നവീകരണത്തിനായി പദ്ധതി തയാറാക്കിയിരുന്നു.
ഇതിനായി ഡിടിപിസി പ്രപ്പോസൽ ക്ഷണിച്ചിരുന്നു. മേയ് മാസത്തിലാണ് അപേക്ഷകൾ സ്വീകരിച്ചത്. പാർക്ക് മുഴുവനായും ഏറ്റെടുത്ത് മലങ്കര ജലാശയത്തിലൂടെ ബോട്ട് സവാരി ഉൾപ്പെടെ നടത്താൻ തയാറായി വൻ ബിസിനസുകാർ രംഗത്ത് വന്നിട്ടുണ്ട്.
ലാഭത്തിന്റെ നിശ്ചിത ശതമാനം ഡിടിപിസിക്കു നൽകുമെന്ന വ്യവസ്ഥയിലാണ് പ്രപ്പോസൽ സമർപ്പിച്ചിട്ടുള്ളത്.
എന്നാൽ പ്രപ്പോസൽ ലഭിച്ച് 2 മാസം പിന്നിട്ടിട്ടും നടപടിയായില്ല. ജില്ലയിലെ ലോ റേഞ്ചിലെ പ്രധാന വിനോദ സഞ്ചാര കേന്ദ്രമാണ് മലങ്കര ടൂറിസം പദ്ധതി. 2010ൽ വി.എസ്.അച്യുതാനന്ദൻ മന്ത്രിസഭയിൽ ടൂറിസം വകുപ്പ് മന്ത്രിയായിരുന്ന കൊടിയേരി ബാലകൃഷ്ണനാണ് പദ്ധതിക്ക് തറക്കല്ലിട്ടത്. 11 കിലോമീറ്റർ ദൂരത്തിൽ പരന്ന് കിടക്കുന്ന മലങ്കര ജലാശയത്തെ ചുറ്റി മലമ്പുഴ മോഡൽ ടൂറിസം പദ്ധതി നടപ്പാക്കുമെന്നായിരുന്നു പ്രഖ്യാപനം.
ബോട്ടിങ്, സൈക്കിൾ സവാരി, കുതിരസവാരി, ബൊട്ടാണിക്കൽ ഗാർഡൻ, റോപ് വേ തുടങ്ങിയ എല്ലാം ആരംഭിക്കും എന്നും പറഞ്ഞിരുന്നു.
ഡീസൽ ബോട്ട് ഇറക്കിയാൽ കുടിവെള്ള സ്രോതസ്സായ മലങ്കര ജലാശയം മലിനമാകുമെന്ന് അധികൃതർ പറയുന്നു. ഇതിന് പരിഹാരമായി സോളർ ബോട്ട് ഇറക്കാൻ പല ഏജൻസികളും സന്നദ്ധത അറിയിച്ചെങ്കിലും അതിനും അനുമതി നൽകിയിട്ടില്ല.
ഇതിനിടെ ടൂറിസം പദ്ധതിക്ക് കണ്ടെത്തിയ ചില പ്രദേശങ്ങൾ വനംവകുപ്പിനു വിട്ടുനൽകി. 15 വർഷമായി കാത്തിരിക്കുന്ന മലങ്കര ടൂറിസം പദ്ധതി ഇനിയെങ്കിലും യാഥാർഥ്യമാക്കണമെന്നാണ് നാട്ടുകാരുടെ ആവശ്യം.
…
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]