
സോച്ചി: യുക്രൈൻ നടത്തിയ ഡ്രോൺ ആക്രമണത്തെ തുടർന്ന് റഷ്യയുടെ തെക്കുപടിഞ്ഞാറൻ നഗരമായ സോച്ചിയിലെ എണ്ണ സംഭരണശാലയിൽ വൻ തീപിടിത്തം. റഷ്യയുടെ ആക്രമണങ്ങൾക്ക് പ്രതികാരമായി യുക്രൈൻ റഷ്യൻ എണ്ണ, വാതക സൗകര്യങ്ങൾക്കെതിരെ തുടർച്ചയായി ആക്രമണങ്ങൾ നടത്തിവരികയാണെന്ന് നേരത്തെ തന്നെ റിപ്പോർട്ടുകളുണ്ടായിരുന്നു.
ഇതിനിടയിലാണ് സോച്ചിലിലെ എണ്ണ സംഭരണശാലയിലെ വൻ തീപിടിത്തത്തിന്റെ വാർത്ത പുറത്തുവന്നത്. യുക്രൈൻ നടത്തിയ ഡ്രോൺ ആക്രമണത്തിൽ ഒരു എണ്ണ ടാങ്കിൽ ഡ്രോൺ അവശിഷ്ടങ്ങൾ പതിച്ചതാണ് തീപിടിത്തത്തിന് കാരണമായതെന്ന് റഷ്യയിലെ ക്രാസ്നോദർ മേഖലയുടെ ഗവർണർ വെന്യാമിൻ കോന്ദ്രോതിയേവ് അറിയിച്ചു.
ഡ്രോൺ ആക്രമണത്തിൽ 2000 ക്യൂബിക് മീറ്റർ സംഭരണശേഷിയുള്ള ഒരു ഇന്ധന ടാങ്കിനാണ് തീപിടിച്ചത്. തീ നിയന്ത്രണവിധേയമാക്കാൻ 100 ലേറെ അഗ്നിരക്ഷാ സേനാംഗങ്ങൾ രംഗത്തുണ്ടെന്നും വെന്യാമിൻ കോന്ദ്രോതിയേവ് വ്യക്തമാക്കി.
ആക്രമണത്തിൽ ആർക്കും പരുക്കേറ്റിട്ടില്ലെന്നും തീ നിയന്ത്രണവിധേയമാണെന്നും അഗ്നിരക്ഷാ സേനാംഗങ്ങൾ തീ അണയ്ക്കുന്നതിനുള്ള ശ്രമത്തിലാണെന്നും സോച്ചി മേയർ ആന്ദ്രേ പ്രോഷുനിൻ വ്യക്തമാക്കി. റയാസാൻ, പെൻസ തുടങ്ങിയ നഗരങ്ങളിലും യുക്രെയ്ൻ ഡ്രോൺ ആക്രമണം നടത്തിയതായി റഷ്യ ആരോപിച്ചു.
തീപിടിത്തത്തിന്റെ കൂടുതൽ വിശദാംശങ്ങൾ ലഭ്യമായിട്ടില്ല. യുക്രൈൻ ആക്രമണത്തെ തുടർന്ന് സോച്ചി വിമാനത്താവളത്തിലെ വിമാന സർവീസുകൾ താൽക്കാലികമായി നിർത്തിവച്ചെങ്കിലും പിന്നീട് പുനരാരംഭിച്ചതായി റഷ്യയുടെ വ്യോമഗതാഗത റെഗുലേറ്റർ റോസാവിയാറ്റ്സിയ അറിയിച്ചു.
കഴിഞ്ഞ രാത്രി മുതൽ യുക്രെയ്ൻ തൊടുത്തുവിട്ട 93 ഡ്രോണുകൾ തടഞ്ഞതായി റഷ്യ അവകാശപ്പെട്ടു.
ഇതിൽ 60 ഡ്രോണുകൾ കരിങ്കടലിനു മുകളിൽവച്ചാണ് പ്രതിരോധിച്ചതെന്ന് റഷ്യൻ പ്രതിരോധ മന്ത്രാലയം വ്യക്തമാക്കി. യുക്രെയ്നിൽനിന്ന് ഏകദേശം 400 കിലോമീറ്റർ അകലെയുള്ള സോച്ചിയിൽ ഇത്തരം ആക്രമണങ്ങൾ താരതമ്യേന അപൂർവമാണ്.
എന്നാൽ, കഴിഞ്ഞ മാസം അവസാനം ഈ മേഖലയിൽ നടന്ന ഡ്രോൺ ആക്രമണങ്ങളിൽ രണ്ട് പേർ കൊല്ലപ്പെട്ടതായി പ്രാദേശിക അധികൃതർ റിപ്പോർട്ട് ചെയ്തിരുന്നു. യുക്രൈൻ ഈ ആക്രമണത്തെക്കുറിച്ച് ഔദ്യോഗികമായി പ്രതികരിച്ചിട്ടില്ല.
എന്നാൽ റഷ്യയുടെ ആക്രമണങ്ങൾ വർധിച്ച സാഹചര്യത്തിൽ, സിവിലിയന്മാർ ഉൾപ്പെടെ ഡസൻ കണക്കിന് ആളുകൾ കൊല്ലപ്പെട്ടതിനാൽ റഷ്യയ്ക്കെതിരെ ആകാശ ആക്രമണങ്ങൾ ശക്തമാക്കുമെന്ന് യുക്രൈൻ മുന്നറിയിപ്പ് നൽകിയിരുന്നു. കഴിഞ്ഞ രാത്രി റഷ്യ 76 ആക്രമണ ഡ്രോണുകളും ഏഴ് മിസൈലുകളും ഉപയോഗിച്ച് യുക്രൈലെ എട്ട് സ്ഥലങ്ങളിൽ ആക്രമണം നടത്തിയതായി യുക്രൈൻ വ്യോമസേന അറിയിച്ചിരുന്നു.
ഇതിൽ 60 ഡ്രോണുകളും ഒരു മിസൈലും പ്രതിരോധ യൂണിറ്റുകൾ തകർത്തതായും യുക്രൈൻ അവകാശപ്പെട്ടിരുന്നു. സപോരിഷിയ, ഖെർസൺ തുടങ്ങിയ മേഖലകളിൽ റഷ്യ നടത്തിയ ആക്രമണങ്ങളിൽ കുറഞ്ഞത് മൂന്ന് പേർ കൊല്ലപ്പെടുകയും 12 ലേറെ പേർക്ക് പരുക്കേൽക്കുകയും ചെയ്തതായി പ്രാദേശിക ഗവർണർമാർ അറിയിച്ചു.
യുക്രൈന്റെ തെക്കൻ നഗരമായ മികോലെയ്വിൽ റഷ്യൻ മിസൈൽ ആക്രമണത്തിൽ ഏഴ് പേർക്ക് പരുക്കേറ്റതായും ഡസൻ കണക്കിന് വീടുകളും സിവിലിയൻ അടിസ്ഥാന സൗകര്യങ്ങളും തകർന്നതായും റിപ്പോർട്ടുകളുണ്ടായിരുന്നു. …
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]