
ഗൗതം അദാനിയുടെ വിമാനത്താവള വികസന പ്രവർത്തനങ്ങൾ എയർപോർട്ടിൽ മാത്രമായി ഒരുങ്ങുന്നില്ല, സമീപപ്രദേശങ്ങളിലേയ്ക്ക് കൂടി വിപുലമാക്കുന്നു. അദാനിയുടെ വിമാനത്താവളങ്ങൾ സ്ഥിതി ചെയ്യുന്ന രാജ്യത്തെ 8 നഗരങ്ങളുടെയും പ്രാന്തപ്രദേശങ്ങളുടെ വികസനമാണ് ഗ്രൂപ്പിന്റെ ഭാഗമായ അദാനി എന്റർപ്രൈസസ് ലക്ഷ്യമിടുന്നത്.
തിരുവനന്തപുരം ഉൾപ്പടെയുള്ള നഗരങ്ങൾ ഇതിലുണ്ട്. അദാനി തിരുവനന്തപുരം രാജ്യാന്തര വിമാനത്താവള ലിമിറ്റിന് 700 കോടിയാണ് നീക്കി വച്ചിട്ടുള്ളത്.
രാജ്യത്തെ അദാനിയുടെ ഉടമസ്ഥതയിലുള്ള വിമാനത്താവളങ്ങളുടെ സമീപപ്രദേശങ്ങൾ അടുത്ത തലത്തിലേക്ക് വികസിപ്പിക്കാനാണ് പദ്ധതി. മൊത്തം 655 ഏക്കറുകളിൽ ആയാണ് ഈ വികസനം വരുന്നത്.
മൂന്ന് ഘട്ടങ്ങളിലായുള്ള വികസന പ്രവർത്തനങ്ങൾ ഉടൻ ആരംഭിക്കും. എയർപോർട്ട് സ്ഥിതി ചെയ്യുന്ന നഗര പ്രാന്ത പ്രദേശങ്ങളെ കൊമേഴ്സ്യൽ ഹബ്ബുകൾ ആക്കി മാറ്റുകയാണ് ലക്ഷ്യം.
ലക്ഷ്യം സമഗ്ര വികസനം
അദാനി എന്റർപ്രൈസസിന്റെ ഭാഗമായി എട്ട് എയർപോർട്ടുകൾ ആണ് ഗ്രൂപ്പിനുള്ളത്.
തിരുവനന്തപുരത്തിന് പുറമെ മുംബൈ, നവി മുംബൈ,അഹമ്മദാബാദ്, ലക്നൗ, ജയ്പൂർ, ഗുവഹട്ടി, ബെംഗളൂരു എന്നിവിടങ്ങളിലാണ് വികസന പ്രവർത്തനങ്ങൾ നടക്കുക. ആദ്യഘട്ടത്തിൽ 114 ഏക്കറിലായി പ്രവർത്തനങ്ങൾ ആരംഭിക്കും.
ഇതിൽ 50 ഏക്കർ മുംബൈ, നവി മുംബൈ എയർപോർട്ടുകളിൽ ആയിരിക്കും. ബാക്കി 60 – 64 ഏക്കർ വികസനം മറ്റ് 6 എയർപോർട്ടുകളുടെ പ്രാന്തപ്രദേശങ്ങളിലായി നടക്കും.
എയർപോർട്ടിന് അടുത്തുള്ള ഈ പ്രദേശങ്ങൾ വാണിജ്യവൽക്കരിക്കുന്നതിനായിരിക്കും മുൻതൂക്കം.
മുന്തിയ ഹോട്ടലുകൾ, ഷോപ്പിങ് കോംപ്ലക്സ്, കൺവൻഷൻ സെന്ററുകൾ, ഓഫീസുകൾ, ഫുഡ്കോർട്ടുകൾ, വിനോദാവശ്യങ്ങൾക്കുള്ള സൗകര്യങ്ങൾ എന്നിവയെല്ലാം ഉണ്ടായിരിക്കും. എയർപോർട്ടിലേക്ക് വരുന്നവർക്കും നഗരവാസികൾക്കും ഉപയോഗിക്കാനാകുന്ന വിധത്തിൽ ആയിരിക്കും ഈ സൗകര്യങ്ങൾ ഒരുക്കുക.
ഡൽഹിയിലെ ഇന്ദിരാഗാന്ധി രാജ്യാന്തര വിമാനത്താവളത്തിനടുത്ത് സ്ഥിതി ചെയ്യുന്ന എയ്റോസിറ്റി പോലെയായിരിക്കും ഇവ വിഭാവനം ചെയ്യുന്നത്. എയർപോർട്ടിൽ നിന്നുള്ള വരുമാനത്തിന് പുറമേ വാണിജ്യ മേഖലയിൽ നിന്നു കൂടി വരുമാനം വർദ്ധിപ്പിക്കുകയാണ് ലക്ഷ്യം.
അനുമതി കാത്ത് തിരുവനന്തപുരം
അദാനി ഗ്രൂപ്പ് നിയന്ത്രിക്കുന്ന തിരുവനന്തപുരം രാജ്യാന്തര വിമാനത്താവളത്തിന് സമീപം പഞ്ചനക്ഷത്ര ഹോട്ടൽ അന്തിമ അനുമതി ലഭിച്ചാലുടൻ നിർമാണമാരംഭിക്കും.
ഇതിനു പുറമേ വിമാനത്താവളത്തിന്റെ രണ്ടാം ടെർമിനലിന്റെ നിർമാണത്തിനുള്ള ‘പ്രോജക്ട് അനന്ത’ യ്ക്കായി ഗ്രൂപ്പ് 1,300 കോടി നീക്കി വച്ചിട്ടുണ്ട്. ഇതിന്റെ നിർമാണം കൺസ്ട്രക്ഷൻ ഇൻഡസ്ട്രി ആർബിട്രേഷൻ കൗൺസിലിന്റെ (CIAC) ന്റെ അനുമതിയ്ക്കായി കാത്തിരിക്കുകയാണ്.
ഇതിൽ പുതിയ ടെർമിനലിനു പുറമേ, ഹോട്ടൽ, കൊമേഴ്സ്യൽ – അഡ്മിനിസ്ട്രേഷൻ ബ്ലോക്ക് ഇവയെല്ലാം ഉൾപ്പെടുന്ന എയർപോർട്ട് കോംപ്ലക്സുമുണ്ടാകും
വികസന പ്രവർത്തനങ്ങളുടെ ഒന്നാം ഘട്ടം ആരംഭിച്ചതായി അദാനി എന്റർപ്രൈസസ് ഗ്രൂപ്പ് ചീഫ് ഫിനാൻസ് ഓഫീസർ ജുകേഷിന്ദർസിങ് നിക്ഷേപകരെ അറിയിച്ചു.
നിർമാണം വിവിധ ഘട്ടങ്ങളിൽ
മുംബൈ എയർപോർട്ടിൽ ഹോട്ടൽ, ഷോപ്പുകൾ, ഫുഡ് കോർട്ട്, വിനോദ മേഖലകൾ എന്നിവയുടെ നിർമ്മാണം ആരംഭിച്ചു. പ്രവർത്തന സജ്ജമാകാനൊരുങ്ങുന്ന നവി മുംബൈ എയർപോർട്ടിന് ഒക്ടോബറോടെ അന്തിമാനുമതി ലഭിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്.
ഇതിന്റെ പൂർണ പ്രവർത്തശേഷി ആറുമാസത്തിനകം പൂർത്തിയാകും. രണ്ടാമത്തെ ടെർമിനലിന്റെ നിർമാണവും ആറുമാസത്തിനകം തുടങ്ങും.
ഇതിന്റെ ഭാഗമായിട്ടായിരിക്കും വികസന പ്രവർത്തനങ്ങൾ ആരംഭിക്കുക. മറ്റു വിമാനത്താവളങ്ങളുടെ സമീപപ്രദേശങ്ങളിലെ വികസന പ്രവർത്തനങ്ങളും ഇതോടൊപ്പം പുരോഗമിക്കുന്നുണ്ട്.
മുന്നേറ്റ പാതയിൽ
അദാനി ഗ്രൂപ്പിന്റെ അതിവേഗം മുന്നേറുന്ന ബിസിനസ് വിഭാഗമാണ് അദാനി എന്റർപ്രൈസസിന്റെ ഭാഗമായ അദാനി എയർപോർട്സ്.
നടപ്പ് സാമ്പത്തിക വർഷം ആദ്യ പാദഫലം അനുസരിച്ച് അദാനി എന്റർപ്രൈസസിന്റെ വിമാനത്താവള വിഭാഗത്തിന്റെ വരുമാനം 25 ശതമാനം വളർച്ച നേടി 10,244 കോടി രൂപയാണ്. ഈ കാലയളവിൽ 2.34 കോടി യാത്രക്കാരാണ് അദാനി വിമാനത്താവളങ്ങളിലൂടെ കടന്നുപോയത്.
കഴിഞ്ഞ വർഷത്തേക്കാൾ മൂന്ന് ശതമാനം അധികമാണിത്. ചരക്ക് വിഭാഗത്തിലാകട്ടെ നാല് ശതമാനം വളർച്ച കൈവരിച്ച് 2.8 ലക്ഷം ടൺ ചരക്ക് കയറ്റി അയച്ചു.
അതേസമയം 2025 ആദ്യപാദത്തിൽ അദാനി എന്റർപ്രൈസസിന്റെ പുറമേ നിന്നുള്ള അറ്റ കടം 61,500 കോടി രൂപയാണ്.
ഇതിൽ 30,900 കോടി രൂപ എയർപോർട്ട് ബിസിനസിനായി എടുത്തതാണ്. 14,600 കോടി രൂപയുടെ കടം റോഡ് പദ്ധതികളുടേതാണ്.
ഓസ്ട്രേലിയയിലെ പദ്ധതി പ്രവർത്തനങ്ങൾക്ക് വേണ്ടി 8,700 കോടി രൂപയുടെ വായ്പ എടുത്തിട്ടുണ്ട്. …
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]