
കൊല്ലം∙ഒാണത്തിന് മുൻപ് വെളിച്ചെണ്ണയ്ക്കു വില കുറയുമെന്ന് മന്ത്രി ജി.ആർ.അനിൽ. കൊല്ലം താലൂക്ക് സപ്ലൈ ഒാഫിസ് പരിസരത്തെ സപ്ലൈകോ ഔട്ട് ലെറ്റ് സന്ദർശിച്ച ശേഷമാണ് മന്ത്രി ഇക്കാര്യം അറിയിച്ചത്.
സപ്ലൈകോ വഴി വിതരണം ചെയ്യുന്ന ശബരി വെളിച്ചെണ്ണ ഒരു കിലോ 349 രൂപയ്ക്കു വിൽക്കാനാണ് നിശ്ചയിച്ചിരിക്കുന്നത്. 10 മുതൽ ഈ വില വീണ്ടും കുറയും.
വെളിച്ചെണ്ണ വില വൻ തോതിൽ വർധിച്ച സാഹചര്യത്തിൽ കേരളത്തിലെ 52 വെളിച്ചെണ്ണ ഉൽപാദകരുമായി ചർച്ച നടത്തി. അമിത ലാഭം എടുക്കുന്നതിൽ നിന്നു പിന്മാറണമെന്ന് അവരോട് ആവശ്യപ്പെട്ടിട്ടുണ്ട്.
വെളിച്ചെണ്ണ ഉൽപാദനത്തിലും വിതരണത്തിലും ഏറ്റവും പ്രധാനപ്പെട്ട
പങ്കു വഹിക്കുന്ന കൃഷി വകുപ്പിന്റെ കീഴിൽ പ്രവർത്തിക്കുന്ന സഹകരണ സ്ഥാപനങ്ങളായ കേര ഫെഡിന്റെയും കേരജയുടെയും വെളിച്ചെണ്ണ വില കുറയ്ക്കണമെന്ന് ഇന്നലെ രാവിലെ കൃഷി മന്ത്രിയുമായി നടത്തിയ ചർച്ചയിൽ ആവശ്യപ്പെട്ടിട്ടുണ്ട്. 2 ദിവസത്തിനകം അതിനും തീരുമാനമാകും.
ഇടത്തട്ടുകാർക്കും തമിഴ്നാട്ടിലെ വെളിച്ചെണ്ണ ഉൽപാദകർക്കുമാണ് വെളിച്ചെണ്ണ വില വർധനയുടെ ഗുണം ഉണ്ടായത്. ഒാണത്തോട് അനുബന്ധിച്ച് 140 മണ്ഡലങ്ങളിലും സഞ്ചരിക്കുന്ന മാവേലി സ്റ്റോറുകൾ പ്രവർത്തിക്കും.
ജൂലൈ മാസം 32 ലക്ഷം കുടുംബങ്ങളാണ് സപ്ലൈകോ വഴി സാധനങ്ങൾ വാങ്ങിയത്.
165 കോടി രൂപയുടെ വിൽപനയാണ് നടന്നത്. വിൽപന 50 ലക്ഷം കുടുംബങ്ങളിലേക്ക് എത്തിക്കാനുള്ള പ്രവർത്തനമാണ് നടന്നു വരുന്നത്.
റേഷൻ കട വഴി 82 ലക്ഷം പേരാണ് സാധനങ്ങൾ വാങ്ങിയത്.
ഒാണത്തിന് സബ്സിഡി നിരക്കിൽ റേഷൻ കട വഴി കിലോയ്ക്ക് 10.90 രൂപയ്ക്കും സപ്ലൈകോ വഴി കിലോയ്ക്ക് 25 രൂപ നിരക്കിലും ഒരു കുടുംബത്തിന് ആകെ 43 കിലോ ജയ അരി വിതരണം ചെയ്യുമെന്നും മന്ത്രി അറിയിച്ചു.
ഡപ്യൂട്ടി കൺട്രോളർ ഒാഫ് റേഷനിങ് സി.വി മോഹൻകുമാർ, ജില്ലാ സപ്ലൈകോ ഒാഫിസർ ജി.എസ് ഗോപകുമാർ, താലൂക്ക് സപ്ലൈ ഒാഫിസർ വൈ.സാറാമ്മ, സപ്ലൈകോ ഡിപ്പോ മാനേജർ ആർ.എസ്.അജിത്കുമാർ, ജൂനിയർ മാനേജർ എം.സീന എന്നിവരും മന്ത്രിക്കൊപ്പം ഉണ്ടായിരുന്നു. ‘ശമ്പളം ലഭിക്കുന്നില്ല ’
കൊല്ലം∙ ഇന്നലെ മന്ത്രി ജി.ആർ.അനിൽ കൊല്ലത്തെ സപ്ലൈകോ ഔട്ട് ലെറ്റ് സന്ദർശിച്ചപ്പോൾ ദിവസ വേതന അടിസ്ഥാനത്തിൽ ജോലി ചെയ്യുന്ന തൊഴിലാളികൾ തങ്ങൾക്കു ശമ്പളം കൃത്യമായി ലഭിക്കുന്നില്ലെന്ന പരാതി മന്ത്രിയുടെ ശ്രദ്ധയിൽപെടുത്തി.
3 വനിതാ തൊഴിലാളികളാണ് ഇവിടെ ജോലി ചെയ്യുന്നത്. തങ്ങൾക്ക് 2 പേരുടെ ശമ്പളമാണ് നിലവിൽ ലഭിക്കുന്നതെന്നായിരുന്നു തൊഴിലാളികളുടെ പരാതി.
എന്നാൽ തൊഴിലാളികളുടെ പരാതികൾ കേട്ട മന്ത്രി കാര്യങ്ങൾ അറിയാമെന്നു മാത്രം പറഞ്ഞ് മടങ്ങുകയായിരുന്നു.
…
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]