
കുമരകം ∙ കൊഞ്ചുമട – നസ്രത്തുപള്ളി റോഡിൽ കാൽനടക്കാരെ വീഴ്ത്താൻ ജല അതോറിറ്റിയുടെ ‘പൈപ്പ് കുഴികൾ’.
നസ്രത്തുപള്ളിക്കു സമീപത്തെ കലുങ്കിനോടു ചേർന്നാണു കുഴികൾ. കഴിഞ്ഞദിവസം പള്ളിയിൽ പ്രാർഥന കഴിഞ്ഞു തിരികെ മഠത്തിലേക്കു പോകുകയായിരുന്ന കന്യാസ്ത്രീയുടെ കാൽ കുഴിയൽ അകപ്പെട്ടു. വാഹനം വരുന്നതു കണ്ടു റോഡ് വശത്തേക്ക് മാറിയപ്പോൾ ജലഅതോറിറ്റി വാൽവ് സ്ഥാപിച്ചിരിക്കുന്ന ഭാഗത്ത് കുഴിച്ചിട്ടിരുന്ന പൈപ്പിൽ കാൽ കുടുങ്ങുകയായിരുന്നു.
ഭാഗ്യം കൊണ്ടു പരുക്കേൽക്കാതെ രക്ഷപ്പെട്ടു. കാൽ കുടുങ്ങിയ പൈപ്പിനു സമീപത്തായി മറ്റൊരു പൈപ്പ് കുഴി കൂടിയുണ്ട്.
റോഡ് വശം ചേർന്നു വരുന്ന കാൽനടക്കാരുടെ ശ്രദ്ധയിൽ ഇത് പെട്ടെന്നു പെടില്ല.
പള്ളിയിലെ പെരുന്നാൾ, എസ്എൻഡിപി ഗുരുമന്ദിരത്തിലെ താലപ്പൊലി ഘോഷയാത്ര എന്നിവ നടക്കുമ്പോൾ ആളുകൾ കൂട്ടമായി ഈ ഭാഗത്തു കൂടി നടന്നു പോകാറുണ്ട്. സ്കൂൾ കുട്ടികളും രാവിലെയും വൈകിട്ടുമായി നടന്നു പോകുന്നതു ഈ ഭാഗത്തു കൂടിയാണ്.
വർഷങ്ങൾക്കു മുൻപു നടപ്പാക്കിയ ജല വിതരണ പദ്ധതിക്കായി സ്ഥാപിച്ചതാണു വാൽവ്. സ്ഥാപിച്ചപ്പോൾ മുതൽ ഇത് അപകടത്തിനിടയാക്കുമെന്ന് നാട്ടുകാർ ചൂണ്ടിക്കാട്ടിയിരുന്നു. നേരത്തെ ഒരു തവണ കാൽനടക്കാരന്റെ കാൽ പൈപ്പിൽ കുടുങ്ങിയപ്പോൾ പത്രത്തിൽ വാർത്ത വന്നിരുന്നെങ്കിലും ജല അതോറിറ്റി നടപടി എടുത്തില്ല. പൈപ്പിനു മുകളിൽ തുറക്കാനും അടയ്ക്കാനും കഴിയുന്ന വിധം അടപ്പ് സ്ഥാപിച്ചാൽ തീരാവുന്ന പ്രശ്നമേ ഉള്ളൂ.
എന്നാൽ ജല അതോറിറ്റി അധികൃതർ കണ്ണു തുറന്നു ഈ അപകടക്കെണി കാണാൻ തയാറാകുന്നില്ലെന്നാണു നാട്ടുകാരുടെ പരാതി. …
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]