
കർണാടക: ധർമസ്ഥലയിൽ സാക്ഷിയായ മുൻ ശുചീകരണത്തൊഴിലാളിയെ എസ്ഐടിയിലെ ഉദ്യോഗസ്ഥൻ ഭീഷണിപ്പെടുത്തി മൊഴി പിൻവലിക്കുന്നെന്ന് പറയുന്ന വീഡിയോ പകർത്തിയെന്ന ഗുരുതര ആരോപണവുമായി അഭിഭാഷകർ. സംഘത്തിലെ ഇൻസ്പെക്ടർമാരിലൊരാളായ മഞ്ജുനാഥ് ഗൗഡയെ പുറത്താക്കണമെന്നാവശ്യപ്പെട്ട് സാക്ഷിയുടെ അഭിഭാഷകർ എസ്ഐടി തലവനും ആഭ്യന്തരവകുപ്പിനും കത്ത് നൽകി.
ആരോപണം അന്വേഷിക്കുകയാണെന്ന് എസ്ഐടി വൃത്തങ്ങൾ ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞു. ഉത്തരകന്നഡ ജില്ലയിലെ സിർസി റൂറൽ ഇൻസ്പെക്ടർ മഞ്ജുനാഥ ഗൗഡയ്ക്ക് എതിരെയാണ് സാക്ഷിയുടെ അഭിഭാഷകർ ഗുരുതരമായ ആരോപണമുന്നയിച്ചിരിക്കുന്നത്.
ഇന്നലെ രാത്രി ഏഴും എട്ടും പോയന്റുകളിലെ തെളിവെടുപ്പിന് ശേഷം എസ്ഐടി ഓഫീസിൽ വച്ചാണ് സാക്ഷിയെ മഞ്ജുനാഥ ഗൗഡ ഭീഷണിപ്പെടുത്തിയത് എന്നാണ് ആരോപണം. ബാഹ്യസമ്മർദ്ദം കൊണ്ടാണ് പരാതി നൽകിയതെന്നും താൻ നൽകിയത് വ്യാജപരാതിയാണെന്നും സാക്ഷിയെക്കൊണ്ട് പറയിച്ച് മൊബൈലിൽ ഈ വീഡിയോ പകർത്തിയെന്നും അഭിഭാഷകർ ആരോപിക്കുന്നു.
ഇക്കാര്യം ചൂണ്ടിക്കാട്ടി എസ്ഐടി തലവൻ പ്രണബ് മൊഹന്തിക്കും ആഭ്യന്തരവകുപ്പിനും സാക്ഷിയുടെ അഭിഭാഷകർ പരാതി നൽകിയിട്ടുണ്ട്. പരാതി കിട്ടിയെന്ന് സ്ഥിരീകരിച്ച എസ്ഐടി വൃത്തങ്ങൾ ഇക്കാര്യം അന്വേഷിച്ച് വരികയാണെന്ന് ഏഷ്യാനെറ്റ് ന്യൂസിനോട് സ്ഥിരീകരിച്ചു.
അന്വേഷണസംഘത്തിനുള്ളിൽ പുഴുക്കുത്തുകളുണ്ട് എന്ന് തെളിയിക്കുന്നതാണിതെന്നാണ് ധർമസ്ഥല കേസിലെ ആക്ഷൻ കമ്മിറ്റി പറയുന്നത്. ദേശീയപാതയ്ക്ക് അരികിലെ കാട്ടിലുള്ള ഒൻപതാമത്തെ പോയന്റ് മുതലുള്ള പരിശോധന ഇന്നും തുടരുകയാണ്.
മൂന്നാം ദിവസം ആറാമത്തെ പോയന്റിൽ നിന്ന് കണ്ടെടുത്ത അസ്ഥിഭാഗങ്ങൾ ബെംഗളുരുവിലെ എഫ്എസ്എൽ ലാബിലെത്തിച്ച് പരിശോധന തുടങ്ങി. …
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]