
കണ്ണൂർ ∙ ‘നിങ്ങൾ വിദ്യാർഥി നേതാവായി ഇവിടെ പ്രസംഗിക്കാൻ വരുമ്പോൾ ഞാൻ കോളജ് സെക്യൂരിറ്റിയായി ജോലി ചെയ്യുന്നുണ്ടായിരുന്നു’– കെ.വി.സുമേഷ് എംഎൽഎയോടു വീൽചെയറിലിരുന്നു ടി.ടി.സുകുമാരൻ പറയുമ്പോഴാണു തങ്ങൾ സഹായഹസ്തം നീട്ടുന്നതു കോളജിലെ മുൻ ജീവനക്കാരനാണെന്നു കൃഷ്ണമേനോൻ സ്മാരക ഗവ.വനിതാ കോളജിലെ വിദ്യാർഥികൾ അറിയുന്നത്. 14 വർഷം മുൻപു കെട്ടിടത്തിൽനിന്നു വീണു നട്ടെല്ലിനു പരുക്കേറ്റു വീൽചെയറിലായ ടി.ടി.സുകുമാരൻ നിർമിക്കുന്ന കടലാസുപേന കോളജിലെ എൻഎസ്എസ് വിദ്യാർഥികൾക്കു കൈമാറുന്ന ചടങ്ങിലാണ് ഉദ്ഘാടകനായ എംഎൽഎയോട് അദ്ദേഹം ഇക്കാര്യം പറയുന്നത്.
എടച്ചൊവ്വ സായൂജ്യത്തിൽ ടി.ടി.സുകുമാരന്റെ ഇപ്പോഴത്തെ വരുമാനം കടലാസുപേന, കുട
എന്നിവ വിറ്റു ലഭിക്കുന്ന പണമാണ്. പുതുതായി നിർമിക്കുന്ന വീടിന്റെ മേൽക്കൂരയിൽനിന്നു വീണാണു സുകുമാരൻ കിടപ്പിലായത്. ചികിത്സയ്ക്കായി വീടും പറമ്പുമെല്ലാം വിറ്റു വാടകവീട്ടിലേക്കു മാറി.
ഭാര്യ സപ്നയും രോഗിയായതോടെ, വരുമാനത്തിനു കുടയും പേനയും നിർമിച്ചു തുടങ്ങിയത്.
ഇതറിഞ്ഞാണു കോളജ് അധ്യാപകനും എൻഎസ്എസ് പ്രോഗ്രാം ഓഫിസറുമായ കെ.പി.നിധീഷ് ഇദ്ദേഹത്തെ കോളജിലേക്കു ക്ഷണിച്ചത്. വിദ്യാർഥികൾക്കു സ്വാതന്ത്ര്യദിന സന്ദേശമെഴുതിയ 350 പേനകൾ വേണമെന്നായിരുന്നു ആവശ്യം.
പുതുതായി എൻഎസ്എസിൽ ചേർന്ന കുട്ടികളുടെ ആദ്യ സാമൂഹിക പ്രവർത്തനമായിരുന്നു ഈ പേന വാങ്ങി കൈമാറൽ. പ്രിൻസിപ്പൽ ഡോ.കെ.ടി.ചന്ദ്രമോഹനൻ, എൻഎസ്എസ് പ്രോഗ്രാം ഓഫിസർ ഡോ.കെ.പി.നിധീഷ്, അഖില അനൂപ്, പി.പി.അലീന, ഫാത്തിമത്ത് നദ നാസർ, പി.ദേവനന്ദ എന്നിവർ നേതൃത്വം നൽകി. …
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]