
ചാലക്കുടി ∙ ഷോളയാർ ഡാമിലെ അധികജലം ചാലക്കുടിപ്പുഴയിലേക്ക് ഒഴുക്കി ജലനിരപ്പു ക്രമീകരിക്കാൻ അനുമതി നൽകി കലക്ടർ അർജുൻ പാണ്ഡ്യൻ ഉത്തരവിട്ടു. കഴിഞ്ഞ ദിവസം നടത്തിയ മലയാള മനോരമ നാടിനൊപ്പം സെമിനാറിലെ പ്രധാന ആവശ്യമായിരുന്നു ഇത്.
കേരള സർക്കാരിന്റെ 2024ലെ കാലവർഷ-തുലാവർഷ മുന്നൊരുക്ക ദുരന്തപ്രതികരണ മാർഗരേഖ പ്രകാരമാണ് ഉത്തരവ്.
ഡാമിന്റെ വൃഷ്ടിപ്രദേശങ്ങളിൽ ശക്തമായ മഴ തുടരുന്നതിനാലും ഡാമിലേക്കുള്ള നീരൊഴുക്കു വർധിച്ചതിനാലും ജലനിരപ്പു ക്രമീകരിക്കാനായി ഷോളയാർ ഡാമിൽ നിന്നു ഘട്ടംഘട്ടമായി ഗേറ്റുകൾ തുറന്നു പരമാവധി 400 ക്യുമെക്സ് വരെ ജലം അധികമായി പുറത്തേക്ക് ഒഴുക്കുന്നതിന് അനുമതി നൽകണമെന്ന് എക്സിക്യൂട്ടീവ് എൻജിനീയർ ആവശ്യപ്പെട്ടിരുന്നു. ജൂലൈ 31നു ഷോളയാർ ജലസംഭരണിയിലെ ജലനിരപ്പ് 2661.90 അടിയാണെന്നും പറമ്പി ആളിയാർ പദ്ധതി കരാർ പ്രകാരം സെപ്റ്റംബർ ഒന്നിനു ഡാം പരമാവധി ജലനിരപ്പായ 2663 അടിയിൽ നിയന്ത്രിക്കേണ്ടതാണെന്നും എക്സിക്യൂട്ടീവ് എൻജിനീയർ ചൂണ്ടിക്കാട്ടിയിരുന്നു.
ഷോളയാർ ഡാം തുറന്നു ജലം പുറന്തള്ളുമ്പോൾ ആവശ്യമായ മുന്നറിയിപ്പുകൾ നൽകി മാത്രം ഡാമിന്റെ ഗേറ്റുകൾ ഘട്ടംഘട്ടമായി തുറക്കണമെന്നും ഉത്തരവിൽ നിർദേശിച്ചു.
ചാലക്കുടിപ്പുഴയിലെ ജലനിരപ്പു കൃത്യമായി നിരീക്ഷിച്ചു പരമാവധി 400 ക്യുമെക്സ് വരെ ജലം ചാലക്കുടി പുഴയിലേക്ക് ഒഴുക്കി ഡാമിലെ ജലനിരപ്പു ക്രമീകരിക്കാൻ ഇടമലയാർ റിസർച് ആൻഡ് ഡാം സേഫ്റ്റി ഡിവിഷൻ എക്സിക്യൂട്ടീവ് എൻജിനീയർക്ക് അനുമതി നൽകി. ജില്ലാ ദുരന്തനിവാരണ അതോറിറ്റിയുടെ ചെയർപഴ്സൻ എന്ന നിലയ്ക്കാണു കലക്ടർ ദുരന്തനിവാരണ ആക്ട് പ്രകാരം ഉത്തരവിട്ടത്.
പ്രധാന നിർദേശങ്ങൾ
∙ ചാലക്കുടിപ്പുഴയിലെ ജലനിരപ്പ് ഉയരുവാൻ സാധ്യതയുള്ളതിനാൽ ജനങ്ങൾ, പ്രത്യേകിച്ചു കുട്ടികൾ പുഴയിൽ ഇറങ്ങുന്നതിനും പുഴയിൽ കുളിക്കുന്നതിനും വസ്ത്രങ്ങൾ അലക്കുന്നതിനും ഫോട്ടോ എടുക്കുന്നതിനും പൊലീസ് മേധാവികൾ നിയന്ത്രണം ഏർപ്പെടുത്തണം. ∙ പ്രളയദുരിതാശ്വാസ ക്യാംപുകൾ ഒരുക്കുന്നത് ഉൾപ്പെടെ മുൻകരുതൽ നടപടികൾ ചാലക്കുടി, മുകുന്ദപുരം, കൊടുങ്ങല്ലൂർ തഹസിൽദാർമാരും എൽഎസ്ജിഡി ജോയിന്റ് ഡയറക്ടറും സ്വീകരിക്കണം.
∙ മുന്നറിയിപ്പ് ഉച്ചഭാഷിണി മുഖേന നൽകണം.
നടപടികൾ ചാലക്കുടി, കൊടുങ്ങല്ലൂർ നഗരസഭാ സെക്രട്ടറിയും അതിരപ്പിള്ളി, പരിയാരം, മേലൂർ, കാടുകുറ്റി, അന്നമനട, കുഴൂർ, കൊരട്ടി, എറിയാട് പഞ്ചായത്ത് സെക്രട്ടറിമാരും സ്വീകരിക്കണം. ∙ ചാലക്കുടിപ്പുഴയിൽ മത്സ്യ ബന്ധനത്തിനു കർശന നിയന്ത്രണം ഏർപ്പെടുത്തണം. ∙ ചാലക്കുടിപ്പുഴയുടെ തീരത്തുള്ള വിനോദസഞ്ചാര കേന്ദ്രങ്ങളിൽ കർശന നിയന്ത്രണവും സുരക്ഷയും ഏർപ്പെടുത്തണം. ∙ അപകടസാഹചര്യം നേരിടുന്നതിനാവശ്യമായ തയാറെടുപ്പുകൾ ജില്ലാ ഫയർ ഓഫിസർ സ്വീകരിക്കണം. …
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]