
കോട്ടയം ∙ ഒരു പുരസ്കാരത്തിനും ഒരു തിരസ്കാരത്തിനും അത്രവേഗമൊന്നും ഉലയ്ക്കാനോ കുലുക്കാനോ കഴിയാത്ത കാതലുറപ്പുള്ള വീടിന്റെ പേരാണ് ‘ഡയനീഷ്യ’. മലയാളനാടകവേദിയുടെ കാരണവരായിരുന്ന എൻ.എൻ.പിള്ളയായിരുന്നു ആ വീടിന്റെ നാഥൻ.
ഇപ്പോൾ ആ വീട്ടിലേക്ക് ഒരു ദേശീയപുരസ്കാര വാർത്ത എത്തുകയാണ്. മകൻ വിജയരാഘവനാണ് ഈ അംഗീകാരം.
‘അഭിനയം എന്റെ കുലത്തൊഴിലാണ്.
അച്ഛന്റെ കാലം തൊട്ട് കുടുംബം മുഴുവൻ അഭിനയത്തിലാണ്. കുട്ടിക്കാലത്തു തന്നെ ഞാൻ നാടകത്തിൽ അഭിനയിച്ചു.
വളർന്നപ്പോഴും മറ്റു മേഖല തേടി പോയില്ല. സിനിമയിലെത്തി.
പ്രേക്ഷകർ തീരുമാനിക്കും വരെ അഭിനയം തുടരും’– പുരസ്കാരവാർത്തയെക്കുറിച്ച് പറഞ്ഞപ്പോൾ വിജയരാഘവന്റെ വാക്കുകൾ ഇങ്ങനെ.
ഇണക്കങ്ങളും പിണക്കങ്ങളുമായി കഴിയുന്ന മുതിർന്ന ദമ്പതികളായ ഇട്ടൂപ്പിന്റെയും കൊച്ചുത്രേസ്യയുടെയും പ്രണയത്തിന്റെ കഥയാണ് പൂക്കാലം. സിനിമയിൽ നൂറു വയസ്സുള്ള ഇട്ടുപ്പിലേക്കുള്ള ഭാവപ്പകർച്ചയെക്കുറിച്ച് ഓർത്തപ്പോൾ വിജയരാഘവന്റെ ഇപ്പോഴും ശബ്ദം ഇടറി. വളരെ പതുങ്ങിയ ശബ്ദമായിരുന്നു ഇട്ടൂപ്പ് എന്ന കഥാപാത്രത്തിന്റേതെന്നു പറഞ്ഞ വിജയരാഘവൻ, ആ ശബ്ദം അനുകരിച്ച്, നിമിഷങ്ങൾ കൊണ്ട് കഥാപാത്രമായി മാറി.
‘ ഒന്നര വർഷം നീണ്ടു തയാറെടുപ്പ്.
ഭക്ഷണം ക്രമീകരിച്ച് ശരീരഭാരം 12 കിലോഗ്രാം കുറച്ചു. പുരികം വളർത്തി.
ആദ്യമായിട്ടാകും ഒരു നടൻ പുരികം വളർത്തുന്നത്. താടിയും മുടിയും വളർത്തുന്നതല്ലേ കേട്ടിട്ടുള്ളു.
മൂക്കിലെ രോമം വരെ ശ്രദ്ധിച്ചു. ദിവസവും മൂന്നര മണിക്കൂർ മേക്കപ്പിലൂടെയാണ് വൃദ്ധനായത്. മുഖത്തെയും ശരീരത്തിലെയും ചുളിവുകളായിരുന്നു പ്രധാനം.
ഷൂട്ടിങ് ദിവസം, രാവിലെ മേക്കപ്പിനു മുൻപ് ഭക്ഷണം കഴിക്കും. പിന്നെ അന്നു ഭക്ഷണമില്ല.
സെറ്റിൽ ചിരിക്കില്ല. ദേഷ്യപ്പെടില്ല.
ശരീരത്തിന്റെ ചൂടു പോലും നിയന്ത്രിച്ചു. ശരീരം ചൂടായാൽ ചുളിവുകൾക്കു മാറ്റം വരും.
നടപ്പിൽ മാത്രമല്ല, എല്ലാ രീതിയിലും വൃദ്ധനായി.
‘കുടുംബബന്ധങ്ങളുടെ ഇഴയടുപ്പം പറയുന്നതാണ് ആ സിനിമ. ഞങ്ങളുടേതു കൂട്ടുകുടുംബമായിരുന്നു.
അതിന്റെ മാധുര്യം അനുഭവിച്ചയാളാണ് ഞാൻ. അച്ഛനും അമ്മയും ചിറ്റയും എല്ലാം സ്നേഹത്തിന്റെയും ആത്മബന്ധങ്ങളുടെയും മൂല്യങ്ങളാണ് പഠിപ്പിച്ചത്’– വിജയരാഘവൻ കഥയും ജീവിതവും പറഞ്ഞു.
കൊച്ചിയിൽ ഒരു സിനിമയുടെ ഡബ്ബിങ് കഴിഞ്ഞ് ഒളശ്ശയിലെ വീട്ടിലേക്കു കാറിൽ മടങ്ങുംവഴിയാണ് അവാർഡ് വിവരം അറിഞ്ഞത്. സന്ധ്യയോടെ വീട്ടിൽ എത്തിയപ്പോഴേക്കും അയൽക്കാരും സ്നേഹിതരും മധുരവുമായി കാത്തുനിൽക്കുന്നുണ്ടായിരുന്നു.
ഭാര്യ അനിതയും മരുമകൾ ശ്രുതിയും പേരക്കുട്ടികളായ ചിന്മയും വിജയും സന്തോഷത്തിലാണ്. ‘പള്ളിച്ചട്ടമ്പി’ എന്ന സിനിമയിലാണ് വിജയരാഘവൻ ഇപ്പോൾ അഭിനയിക്കുന്നത്.
…
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]