
ശതകോടീശ്വരൻ ഗൗതം അദാനി നയിക്കുന്ന അദാനി ഗ്രൂപ്പിനു കീഴിലെ ഊർജ കമ്പനിയായ അദാനി പവർ ഓഹരി വിഭജനത്തിനൊരുങ്ങുന്നു (സ്റ്റോക്ക് സ്പ്ലിറ്റ്). നിലവിൽ കമ്പനിയുടെ ഓരോ ഓഹരിക്കും മുഖവില 10 രൂപയാണ്.
ഇത് രണ്ടു രൂപ വീതമുള്ള 5 ഓഹരികളായി (1:5 അനുപാതം) വിഭജിക്കാനാണ് തീരുമാനമെന്ന് കമ്പനി സ്റ്റോക്ക് എക്സ്ചേഞ്ചുകൾക്ക് സമർപ്പിച്ച റിപ്പോർട്ട് വ്യക്തമാക്കി.
ഓഹരി വിപണിയിൽ കമ്പനിയുടെ ഓഹരികളിലെ വ്യാപാരം സജീവമാക്കാനും പണലഭ്യത കൂട്ടാനുമാണിതെന്നും കമ്പനി പറഞ്ഞു. ഓഹരി വിഭജനത്തിനുള്ള ‘റെക്കോർഡ് തീയതി’ പിന്നീട് പ്രഖ്യാപിക്കും.
ആദ്യമായാണ് അദാനി പവർ ഓഹരി വിഭജനം പ്രഖ്യാപിക്കുന്നത്.
എന്താണ് ഓഹരി വിഭജനം?
മൂല്യത്തെ ബാധിക്കാതെ ഓഹരികളുടെ എണ്ണം കൂട്ടുകയും കൂടുതൽപേർക്ക് വാങ്ങാനാകുംവിധം ആകർഷകമാക്കുകയുമാണ് ഓഹരി വിഭജനത്തിലൂടെ ഉദ്ദേശിക്കുന്നത്. ഉദാഹരണത്തിന് 100 രൂപ വിലയുള്ള 10 ഓഹരികൾ ഒരു നിക്ഷേപകന്റെ കൈയിലുണ്ടെന്ന് കരുതുക.
ആകെ നിക്ഷേപമൂല്യം 1,000 രൂപ. ഇതേ ഓഹരികൾ 1:5 അനുപാതത്തിൽ വിഭജിക്കുന്നു എന്നു കരുതുക.
അതായത്, ഒരു ഓഹരിയെ 5 എണ്ണമായി വിഭജിക്കുന്നു.
ഇവിടെ ഓഹരി വില 20 രൂപയായി മാറും. ഓഹരികളുടെ എണ്ണം അൻപതും.
മൊത്തം നിക്ഷേപമൂല്യം 1,000 രൂപയായി തന്നെ നിലനിൽക്കും. ഫലത്തിൽ, ഓരോ ഓഹരിയുടെയും വില കുറയുമെങ്കിലും ആനുപാതികമായി എണ്ണം കൂടുന്നതിനാൽ നിക്ഷേപകന് നഷ്ടമുണ്ടാകുന്നില്ല.
∙ കമ്പനിയുടെ വിപണിമൂല്യത്തിലും (മാർക്കറ്റ് ക്യാപ്) ഓഹരി വിഭജനം മാറ്റമുണ്ടാക്കില്ല.
∙ അതേസമയം, കമ്പനിയുടെ ഒരു ഓഹരി വാങ്ങാൻ നേരത്തേ 100 രൂപ മുടക്കേണ്ടിയിരുന്നെങ്കിൽ വിഭജനശേഷം ഒന്നിന് 20 രൂപ മതിയാകും.
ഇതു കൂടുതൽ പേരെ ഓഹരിയിലേക്ക് ആകർഷിക്കും. വ്യാപാരം സജീവമാകുകയും ഓഹരികൾ നേട്ടത്തിലേക്ക് കയറുകയും ചെയ്യാം.
ഇതു പണലഭ്യത കൂട്ടുകയും ചെയ്യും.
ജൂൺപാദത്തിൽ ലാഭമിടിഞ്ഞു
നടപ്പു സാമ്പത്തിക വർഷത്തെ (2025-26) ആദ്യപാദമായ ഏപ്രിൽ-ജൂണിൽ അദാനി പവറിന്റെ സംയോജിതലാഭം 13.5% കുറഞ്ഞ് 3,384 കോടി രൂപയായി. മുൻ വർഷത്തെ സമാനപാദത്തിൽ ലാഭം 3,913 കോടി രൂപയായിരുന്നു.
സംയോജിത വരുമാനം 14,956 കോടി രൂപയിൽ നിന്ന് 6% താഴ്ന്ന് 14,109 രൂപയിലുമെത്തി.
വെള്ളിയാഴ്ച 3.52% താഴ്ന്ന് 566.75 രൂപയിലാണ് അദാനി പവർ ഓഹരികൾ വ്യാപാരം അവസാനിപ്പിച്ചത്. 2.18 ലക്ഷം കോടി രൂപ വിപണിമൂല്യമുള്ള കമ്പനിയാണിത്.
2024 ഓഗസ്റ്റ് ഒന്നിനു രേഖപ്പെടുത്തിയ 752.15 രൂപയാണ് കമ്പനിയുടെ ഓഹരികളുടെ 52-ആഴ്ചത്തെ ഉയരം. 52-ആഴ്ചത്തെ താഴ്ച കഴിഞ്ഞ നവംബർ 21ലെ 430.85 രൂപയും.
കഴിഞ്ഞ ഒരുവർഷത്തിനിടെ ഓഹരിവില 23% നഷ്ടം നേരിട്ടു. കഴിഞ്ഞ ഒരുമാസത്തിനിടെ 4 ശതമാനവും.
ബിസിനസ്, ഇക്കണോമി, സ്റ്റോക്ക് മാർക്കറ്റ്, പഴ്സനൽ ഫിനാൻസ്, കമ്മോഡിറ്റി, സമ്പാദ്യം വാർത്തകൾക്ക്:
(Disclaimer: ഈ ലേഖനം ഓഹരി/കടപ്പത്രം/മ്യൂച്വൽഫണ്ട്/ക്രിപ്റ്റോകറൻസി മുതലായവ വാങ്ങാനോ വില്ക്കാനോ ഉള്ള നിര്ദേശമോ ഉപദേശമോ അല്ല.
ഓഹരി/കടപ്പത്രം/മ്യൂച്വൽഫണ്ട് മുതലായ നിക്ഷേപങ്ങൾ വിപണിയിലെ റിസ്കുകൾക്ക് വിധേയമാണ്. നിക്ഷേപം നടത്തുന്നതിന് മുമ്പ് നിങ്ങള് സ്വയം പഠനങ്ങൾ നടത്തുകയോ ഒരു വിദഗ്ധന്റെ ഉപദേശം തേടുകയോ ചെയ്യുക) …
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]