
കാസർകോട് ∙വിദ്യാഭ്യാസ വകുപ്പിന്റെ പരിഷ്കരിച്ച മെനു പ്രകാരമുള്ള ഉച്ചഭക്ഷണം ജില്ലയിൽ വിദ്യാലയങ്ങളിൽ വിളമ്പിത്തുടങ്ങിയപ്പോൾ ചിലയിടങ്ങളിൽ മുട്ട ബിരിയാണി കിട്ടിയതിന്റെ ആഹ്ലാദത്തിൽ വിദ്യാർഥികൾ.
ഫ്രൈഡ് റൈസ്, ലെമൺ റൈസ്, വെജ് ബിരിയാണി എന്നിവയും പലയിടങ്ങളിലായി നൽകിയപ്പോൾ പതിവ് ഭക്ഷണം നൽകിയ വിദ്യാലയങ്ങളും ജില്ലയിലുണ്ട്.കുട്ടികളുടെ ഇഷ്ടവും ആരോഗ്യവും പരിഗണിച്ചാണ് ഉച്ചഭക്ഷണ മെനു പരിഷ്കരിക്കാൻ തീരുമാനിച്ചത്. സ്കൂൾ തുറക്കുമ്പോൾ തന്നെ ഇക്കാര്യം മന്ത്രി അറിയിച്ചിരുന്നെങ്കിലും നടപ്പാക്കിയത് ഇന്നലെ മുതലാണ്.
ജില്ലയിലെ ചില സ്കൂളുകളും പരീക്ഷണാടിസ്ഥാനത്തിൽ നേരത്തെ നടപ്പാക്കിയിരുന്നു.
കുട്ടികളുടെ ഉച്ചഭക്ഷണത്തിനായി നിലവിൽ സ്കൂളുകളിൽ ലഭിക്കുന്ന ഫോർട്ടിഫൈഡ് അരി ഉപയോഗിച്ച് ആഴ്ചയിൽ ഒരു ദിവസം വെജിറ്റബിൾ ഫ്രൈഡ്റൈസ്, ലെമൺ റൈസ്, വെജ് ബിരിയാണി, തക്കാളി റൈസ്, കോക്കനട്ട് റൈസ് എന്നിവയിൽ ഒന്ന് തയാറാക്കി നൽകണം. കൂടെ വെജിറ്റബിൾ കറിയോ കുറുമയോ വേണം.
ഇതാണ് മെനുവിൽ വന്ന പ്രധാന മാറ്റം.അല്ലാത്ത ദിവസങ്ങളിൽ മുൻകാലങ്ങളിൽ നൽകിയതുപോലെ ചോറിനോടൊപ്പം ഓരോ ദിവസവും സാമ്പാർകറി, എരിശ്ശേരി, പുളിശ്ശേരി തുടങ്ങി വ്യത്യസ്തങ്ങളായ കറി നൽകണം. കൂടെ തോരൻ നിർബന്ധം.തുടർച്ചയായി ഒരേ കറി നൽകുന്നതു കുട്ടികളിൽ മടുപ്പുളവാക്കുന്നത് ഒഴിവാക്കാനാണു നിർദേശം.
സാധ്യത അനുസരിച്ചു ചിക്കൻ നൽകാനും കഴിയണം.
രക്ഷിതാക്കളടങ്ങുന്ന കമ്മിറ്റിയിൽ മെനു അവതരിപ്പിച്ചു അവ നടപ്പിലാക്കുന്നുണ്ടോ എന്നു കമ്മിറ്റി പരിശോധിക്കണം. എന്നാൽ ഏറെ കുട്ടികൾ പഠിക്കുന്ന വിദ്യാലയങ്ങളിൽ ഇന്നലെയാണ് കമ്മിറ്റി പോലും രൂപീകരിച്ചത്. നിലവിലെ പാചകക്കാരിൽ പലർക്കും ബിരിയാണിയും ഫ്രൈഡ് റൈസും ലെമൺ റൈസും ഉണ്ടാക്കാനുള്ള പരിശീലനം ലഭിച്ചിട്ടുമില്ല.
പിടിഎ ഭാരവാഹികളും അധ്യാപകരും സഹായിച്ചാണ് ഇപ്പോൾ ഇതെല്ലാമുണ്ടാക്കുന്നത്. നിലവിലെ സാഹചര്യത്തിൽ സ്കൂളിലെ ഉച്ചഭക്ഷണത്തിനുള്ള പണം തികയാതെ പ്രയാസപ്പെടുമ്പോഴാണ് ഫ്രൈഡ് റൈസും ലെമൺ റൈസും വെജിറ്റബിൾ ബിരിയാണിയുമെല്ലാം നൽകാൻ ആവശ്യപ്പെട്ടിരിക്കുന്നത്. പുതിയ മെനു പ്രകാരം 100 വിദ്യാർഥികളുള്ള സ്കൂളിൽ ഉച്ചഭക്ഷണം നൽകുകയാണെങ്കിൽ മാസം 12,000 രൂപയെങ്കിലും കയ്യിൽനിന്നെടുക്കേണ്ടിവരുമെന്നാണ് പ്രധാനാധ്യാപകർ പറയുന്നത്.
…
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]