
ചങ്ങനാശേരി ∙ റെയിൽവേ ജംക്ഷൻ ഫ്ലൈഓവർ നിർമാണത്തിനുള്ള നടപടികൾ പുരോഗമിക്കുന്നു. ബൈപാസ് റോഡിൽ ഫ്ലൈഓവർ കടന്നു പോകുന്ന ഭാഗത്തെ 140 മരങ്ങൾ വെട്ടി നീക്കം ചെയ്യും.
റെയിൽവേ സ്റ്റേഷന്റെ പുതിയ പ്രവേശന കവാടത്തിന്റെ സമീപത്ത് നിന്നാരംഭിച്ച് റെയിൽവേ ജംക്ഷൻ കുറുകെ കടന്ന് കാന്താരി റസ്റ്ററന്റിന്റെ സമീപത്ത് അവസാനിക്കും വിധമാണ് ഫ്ലൈഓവർ നിർമിക്കുന്നത്. മരങ്ങൾ വെട്ടി നീക്കുന്നതിന് വനം വകുപ്പിന്റെ അനുമതി ലഭിച്ചു.
ട്രീ കമ്മിറ്റി അനുവദിക്കുന്ന മുറയ്ക്ക് മരങ്ങൾ നീക്കം ചെയ്യുമെന്ന് റോഡിന്റെ നിർമാണ ചുമതലയുള്ള റോഡ് ആൻഡ് ബ്രിജസ് കോർപറേഷൻ അറിയിച്ചു.
ഫ്ലൈഓവർ പദ്ധതിക്ക് വേണ്ടി ഏറ്റെടുത്ത സ്ഥലങ്ങളിലെ 64 ഭൂവുടമകൾക്ക് പണം കൈമാറിയിരുന്നു. ഒരു സ്വകാര്യ വ്യക്തിയുടെ 5 ഭൂമി സംബന്ധിച്ച കേസ് കോടതിയിലാണ്.
ഇതു തീർപ്പായാൽ നിർമാണം ആരംഭിക്കും. ഫ്ലൈഓവർ നിർമാണത്തിനായി 85.68 കോടി രൂപയുടെ ഭരണാനുമതിയാണ് ലഭിച്ചിരിക്കുന്നത്.
സാങ്കേതിക നടപടികൾ പൂർത്തിയാക്കി നിർമാണം ഉടനെ ആരംഭിക്കുമെന്ന് ജോബ് മൈക്കിൾ എംഎൽഎ പറഞ്ഞു.
മരങ്ങൾ കാഴ്ചയിൽ സുന്ദരം, പക്ഷേ
ബൈപാസ് റോഡിലേക്ക് തണൽ വിരിച്ചു നിൽക്കുന്ന മരങ്ങൾ കാഴ്ചയിൽ സുന്ദരമാണെങ്കിലും അപകടഭീഷണി ചെറുതല്ല. ഒട്ടേറെ മരങ്ങളാണ് ജീർണിച്ച് അപകടഭീഷണിയിൽ നിൽക്കുന്നത്.
കഴിഞ്ഞ ദിവസം എകെഎം സ്കൂളിനു സമീപം മരം കടപുഴകി വീണിരുന്നു. സമീപത്ത് നിന്ന രണ്ട് മരങ്ങളും മാസങ്ങൾക്ക് മുൻപ് കടപുഴകി.
ഭാഗ്യത്തിനു ആളപായമുണ്ടായില്ല. മരം തുടരെ വീണ് കെഎസ്ഇബിക്ക് ലക്ഷങ്ങളുടെ നഷ്ടമുണ്ടാകുന്നുണ്ട്.
ഫ്ലൈഓവർ നിർമാണത്തിന്റെ ഭാഗമാകാതെ ബാക്കി നിൽക്കുന്ന മരങ്ങൾ നിശ്ചിത ഉയരത്തിൽ വെട്ടി നിർത്തി സംരക്ഷിക്കണമെന്നാണ് ആളുകളുടെ ആവശ്യം. അപകട
ഭീഷണിയില്ലാത്ത ചെറിയ മരങ്ങൾ വളർത്തുന്നതിനെ പ്രോത്സാഹിപ്പിക്കുകയും വേണം. …
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]