
എടത്വ ∙ സ്കൂൾ കെട്ടിടത്തിനു നൽകിയിരുന്ന ഫിറ്റ്നസ് പിൻവലിച്ചു കുട്ടികളെ പുറത്താക്കി ക്ലാസ്മുറി പൂട്ടിയ കോഴിമുക്ക് ഗവ. എൽപി സ്കൂളിൽ ഇന്നലെ മുതൽ പുതിയ കെട്ടിടത്തിൽ ക്ലാസ് ആരംഭിച്ചു.
രണ്ടു മുറികളുള്ള കെട്ടിടത്തിൽ ഓരോ മുറിയും രണ്ടായി വിഭജിച്ച് 4 ക്ലാസ്മുറികളാക്കി ആണ് ക്ലാസ് ആരംഭിച്ചത്. ഇതു കൂടാതെ വരാന്തയിൽ പൈപ്പ് വേലി നിർമിക്കുകയും, നെറ്റ് കെട്ടുകയും ചെയ്ത ശേഷമാണ് പ്രവർത്തനം ആരംഭിച്ചത്.
ഒന്നു മുതൽ 4 വരെ ക്ലാസുകളിൽ 19 കുട്ടികളും പ്രീപ്രൈമറി വിഭാഗത്തിൽ 11 കുട്ടികളുമാണ് ഉള്ളത്. നിലവിൽ കുട്ടികൾ പഠിച്ചു കൊണ്ടിരുന്ന കെട്ടിടത്തിനു ഫിറ്റ്നസ് ഉണ്ടായിരുന്നതാണ്.
എന്നാൽ മുറിയുടെ സീലിങ് അടർന്നു വീഴുകയും ഭിത്തി പൊട്ടുകയും ചെയ്തതോടെ സ്കൂൾ പിടിഎ വൈസ് പ്രസിഡന്റും രക്ഷിതാവുമായ കോഴിമുക്ക് കിഴക്കേപ്പറമ്പിൽ റെജിമോൻ സ്കൂൾ വിദ്യാർഥികളായ മക്കളെയും കൂട്ടി സ്കൂളിനു മുന്നിൽ 30നു കുത്തിയിരുന്നു പ്രതിഷേധിച്ചിരുന്നു. ഇതേത്തുടർന്ന് ഉപജില്ല ഓഫിസർ എത്തി സ്കൂളിന്റെ ഫിറ്റ്നസ് പിൻവലിച്ചു.
സംഭവം വിവാദമായതോടെ മറ്റു രക്ഷിതാക്കളും വിദ്യാർഥികളും സ്കൂളിലേക്കു പ്രതിഷേധവുമായി എത്തി.
പിന്നാലെ പൊലീസും ജനപ്രതിനിധികളും എത്തുകയും ക്ലാസ് പുതിയ കെട്ടിടത്തിലേക്കു മാറ്റാമെന്ന നിർദേശം വയ്ക്കുകയും ചെയ്തു. എന്നാൽ പുതിയ കെട്ടിടത്തിനു ഫിറ്റ്നസ് സർട്ടിഫിക്കറ്റ് ലഭിക്കാതിരുന്നതിനാൽ അവിടേക്കു ക്ലാസ് മാറ്റാൻ രക്ഷിതാക്കൾ തയാറായില്ല. പുതിയ കെട്ടിടത്തിലേക്കു കയറുന്ന റാംപിനു റെയിലും കുട്ടികൾ താഴെ വീഴാതിരിക്കാൻ സംരക്ഷണ വേലിയും ഇല്ല എന്ന കാരണത്താൽ ഫിറ്റ്നസ് ഇല്ലെന്നായിരുന്നു പ്രധാനാധ്യാപിക പറഞ്ഞിരുന്നത്.
പഴയ കെട്ടിടം നന്നാക്കി ഫിറ്റ്നസ് സർട്ടിഫിക്കറ്റ് നൽകണം എന്ന ആവശ്യത്തിൽ ഉറച്ചു നിൽക്കുകയായിരുന്നു രക്ഷിതാക്കൾ.
വൈകുന്നേരത്തോടെ പുതിയ കെട്ടിടത്തിനു താൽക്കാലിക ഫിറ്റ്നസ് ലഭിക്കുന്നതിന് ബ്ലോക്ക് പഞ്ചായത്ത് അസി. എൻജിനീയറുടെ അനുമതിക്കായി എത്തിയപ്പോൾ കെട്ടിടത്തിനു നേരത്തെ തന്നെ ഫിറ്റ്നസ് നൽകിയിരുന്നതായി രേഖയിൽ പറഞ്ഞിട്ടുണ്ടെന്നു ചൂണ്ടിക്കാട്ടി.
കാലതാമസം കൂടാതെ റെയിൽ നിർമിക്കണം എന്നും പറഞ്ഞിരുന്നു. എന്നാൽ ഇതു പ്രധാനാധ്യാപിക പഞ്ചായത്ത് അധികൃതരെ അറിയിക്കാതിരുന്നതാണ് പ്രശ്നമായത് എന്നാണ് പഞ്ചായത്ത് അധികൃതർ പറഞ്ഞത്.
താൽക്കാലിക ഫിറ്റ്നസ് പുതുക്കി നൽകിയതോടെയാണ് കുട്ടികളെ ക്ലാസിൽ പ്രവേശിപ്പിച്ച് പഠനം ആരംഭിക്കാനായത്.
കെട്ടിടങ്ങളുടെ അറ്റകുറ്റപ്പണി നടത്താൻ തീരുമാനം
പഴയ കെട്ടിടത്തിന്റെ അറ്റകുറ്റപ്പണി നടത്തുന്നതിനായി എഇയുടെ നേതൃത്വത്തിൽ മൂല്യനിർണയം നടത്തി ഫണ്ട് കണ്ടെത്തി അറ്റകുറ്റപ്പണി നടത്താൻ ഇന്നലെ ചേർന്ന പഞ്ചായത്ത് കമ്മിറ്റി തീരുമാനിച്ചു. പുതിയ കെട്ടിടത്തിന്റെ റാംപിനു റെയിലും വരാന്തയിൽ സംരക്ഷണവേലിയും നിർമിക്കുന്നതിനു പൊതുമരാമത്തു വകുപ്പ് 2.80 ലക്ഷം രൂപ അനുവദിച്ചിട്ടുണ്ട്. അതും ഉടൻ പൂർത്തിയാക്കും.
പുതിയ കെട്ടിടത്തിനു ഫിറ്റ്നസ് ലഭിച്ചിട്ടുണ്ട് എന്ന ഫയൽ മറച്ചുവച്ച് പഞ്ചായത്തിനെ അപകീർത്തിപ്പെടുത്തുന്നതിനു കൂട്ടുനിന്നതായി പഞ്ചായത്ത് കമ്മിറ്റി ആരോപിച്ചു, പ്രധാനാധ്യാപികയുടെ സാന്നിധ്യത്തിലായിരുന്നു യോഗം കൂടിയത്. പ്രാദേശിക ഭരണകൂടത്തിന്റെ പിടിപ്പുകേടെന്ന് അപകീർത്തിപ്പെടുത്തിയ പ്രധാനാധ്യാപികയ്ക്കെതിരെ നടപടി സ്വീകരിക്കാൻ വിദ്യാഭ്യാസ വകുപ്പ് അധികൃതർക്കു കത്തുനൽകാനും തീരുമാനിച്ചതായി പ്രസിഡന്റ് ആൻസി ബിജോയി അറിയിച്ചു. …
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]