
തിരുവനന്തപുരം∙ നഗര നിരത്തുകളിലെ നിയമ ലംഘനങ്ങൾ കണ്ടെത്തുന്നതിന് സ്മാർട് സിറ്റി ഫണ്ട് ഉപയോഗിച്ച് സ്ഥാപിച്ച നിരീക്ഷണ ക്യാമറകളുടെ നിലവാരത്തിൽ സംശയവുമായി പൊലീസ്. അത്യാധുനിക ഗുണമേന്മയുണ്ടെന്ന് പ്രചരിപ്പിച്ച് സ്ഥാപിച്ച ക്യാമറകൾ മിക്കതും വാഹനങ്ങളുടെ റജിസ്ട്രേഷൻ നമ്പർ തിരിച്ചറിയുന്നില്ലെന്നും തിരിച്ചറിയുന്ന അക്കങ്ങളിൽ തെറ്റുണ്ടെന്നും ചൂണ്ടിക്കാട്ടി കോർപറേഷന് സിറ്റി പൊലീസ് കത്തു നൽകി.
ഇതിന്റെ അടിസ്ഥാനത്തിൽ സ്മാർട് സിറ്റി തിരുവനന്തപുരം ലിമിറ്റഡ് അധികൃതരിൽ നിന്ന് മേയർ വിശദീകരണം തേടി. സ്മാർട് സിറ്റി ഫണ്ടിൽ നിന്ന് 38 കോടി മുടക്കിയാണ് വ്യത്യസ്ത ആവശ്യങ്ങൾക്കായി നഗരത്തിലെ നിരത്തുകളിൽ നിരീക്ഷണ ക്യാമറകൾ സ്ഥാപിച്ചത്.
ചെന്നൈ ആസ്ഥാനമായ സ്വകാര്യ കമ്പനിക്കായിരുന്നു നിർവഹണ ചുമതല. ട്രാഫിക് നിയമ ലംഘനങ്ങൾ കണ്ടെത്തുന്നതിന് സ്ഥാപിച്ച ക്യാമറകൾക്കെതിരെയാണ് പ്രധാന ആരോപണം.
ചില ക്യാമറകൾ വാഹനങ്ങളുടെ റജിസ്ട്രേഷൻ നമ്പർ തിരിച്ചറിയുന്നില്ലെന്നും ചില ക്യാമറകൾ അക്കങ്ങൾ തിരിച്ചറിയുന്നില്ലെന്നും പൊലീസ് നിയോഗിച്ച സാങ്കേതിക സമിതിയുടെ കണ്ടെത്തി. വയറിങ് ശരിയായ രീതിയിലല്ലെന്നും ക്യാമറയുടെ അനുബന്ധ ഉപകരണങ്ങൾ മിക്കയിടത്തും സ്ഥാപിച്ചിട്ടില്ലെന്നും ബാക്കപ് കുറവാണെന്നും കണ്ടെത്തിയിട്ടുണ്ട്.
ഗതാഗത നിയമ ലംഘനത്തിന് പിഴ നോട്ടിസ് അയയ്ക്കുമ്പോൾ വാഹന ഉടമകൾ പരാതിയുമായി രംഗത്തെത്തിയപ്പോഴാണ് കുഴപ്പം ക്യാമറയുടേതാണെന്ന് പൊലീസ് തിരിച്ചറിഞ്ഞത്.
വേഗ പരിധി ലംഘിക്കുന്ന വാഹനങ്ങളെ തിരിച്ചറിയാൻ കഴിയുന്നില്ലെന്നും കൺട്രോൾ റൂമിലെ ദൃശ്യങ്ങളിൽ വ്യക്തതയില്ലെന്നും പൊലീസിന് പരാതിയുണ്ട്. സ്മാർട് സിറ്റി ഫണ്ട് ഉപയോഗിച്ച് സ്ഥാപിച്ച ക്യാമറകളെ ഇന്റഗ്രേറ്റഡ് ട്രാഫിക് കൺട്രോൾ സിസ്റ്റവുമായി ബന്ധിപ്പിച്ചിട്ടുണ്ട്.
പൊലീസ് ക്യാംപിലും കോർപറേഷൻ ആസ്ഥാനത്തുമാണ് കൺട്രോൾ റൂം സജ്ജീകരിച്ചിട്ടുള്ളത്.സ്മാർട് സിറ്റി പദ്ധതി നടപ്പാക്കാനായി രൂപീകരിച്ച പ്രത്യേക ഉദ്ദേശ്യ കമ്പനിയായ സ്മാർട് സിറ്റി തിരുവനന്തപുരം ലിമിറ്റഡിന്റെ നേതൃത്വത്തിലാണ് ക്യാമറകൾ വാങ്ങാനുള്ള ടെൻഡർ നടപടികൾ പൂർത്തിയാക്കിയത്. ഇതിനാലാണ് സ്മാർട് സിറ്റി അധികൃതരോട് മേയർ വിശദീകരണം തേടിയത്.
…
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]