
കൊച്ചി ∙ കലാഭവൻ എന്ന ചിരി ബ്രാൻഡിന്റെ ഏറ്റവും പ്രശസ്തമായ മേൽവിലാസമായിരുന്നു കലാഭവൻ നവാസ്. ആ ചിരി മാഞ്ഞുവെന്ന് സുഹൃത്തുക്കൾക്കും ആസ്വാദക ലോകത്തിനും വിശ്വസിക്കാനാകുന്നില്ല.
നാടകത്തിലൂടെ വന്നു സിനിമയിൽ ശ്രദ്ധനേടിയ അബൂബക്കറിന്റെ മകന് അനായാസ അഭിനയശേഷി പാരമ്പര്യമായി കിട്ടിയതാണ്. ‘വാത്സല്യം’ സിനിമയിൽ മമ്മൂട്ടി അവതരിപ്പിച്ച മേലേടത്ത് രാഘവൻ നായരുടെ അമ്മാവനായി അഭിനയിച്ച അബൂബക്കറിന്റെ കഥാപാത്രത്തെ മലയാളികൾക്കു മറക്കാനാവില്ലല്ലോ.
1993ൽ കെ.എസ്.
പ്രസാദാണ് നവാസിനെ കലാഭവനിലെത്തിച്ചത്. മിമിക്രി വേദികളെ കുടുകുടെ ചിരിപ്പിച്ച ‘സിംഗിൾ മാൻ’ ഷോകളിലൂടെ നവാസ് അതിനകം ഏറെ ശ്രദ്ധ നേടിയിരുന്നു.
നന്നായി പാടാനറിയാവുന്ന മികച്ച പാരഡി ഗാനങ്ങളിലൂടെയും ജനകീയനായി. ഗായിക എസ്.
ജാനകിയുടെ ശബ്ദം അതിമനോഹരമായി വേദികളിൽ അവതരിപ്പിച്ചിരുന്നു. എസ്.പി.
ബാലസുബ്രഹ്മണ്യം ഉൾപ്പെടെ മറ്റ് ഒട്ടേറെ ഗായകരുടെ ശബ്ദവും അനുകരിക്കുമായിരുന്നു.
ഒരിക്കൽ നവാസ് ഉൾപ്പെടുന്ന സംഘം ബഹ്റൈനിൽ ഷോയിൽ പങ്കെടുക്കുമ്പോഴായിരുന്നു നാട്ടിൽ അബൂബക്കറിന്റെ മരണം. പിതാവിനെ അവസാനമായി കാണാൻ കഴിയാതെ പോയതിന്റെ സങ്കടം നവാസിന് എപ്പോഴുമുണ്ടായിരുന്നു.
ചൈതന്യം (1995) ആണ് ആദ്യചിത്രമെങ്കിലും ഒട്ടേറെ മിമിക്രി താരങ്ങൾ ഒന്നിച്ചണിനിരന്ന ‘മിമിക്സ് ആക്ഷൻ 500’ എന്ന സിനിമയിലൂടെയാണ് നവാസ് അറിയപ്പെട്ടുതുടങ്ങിയത്. 1998–ൽ പുറത്തിറങ്ങിയ ‘മാട്ടുപ്പെട്ടി മച്ചാൻ’ ശ്രദ്ധിക്കപ്പെട്ടു.
പിന്നീട് നാൽപതോളം ചിത്രങ്ങളിൽ അഭിനയിച്ചെങ്കിലും മിമിക്രിയിലെന്ന പോലെ നവാസ് സിനിമ രംഗത്തു സജീവമായില്ല.
സ്റ്റേജ് പ്രോഗ്രാമുകളുടെ തിരക്കുകൾ മൂലം സിനിമയെ ഗൗരവത്തോടെ എടുത്തിരുന്നില്ലെന്നു നവാസ് തന്നെ ഒരിക്കൽ പറഞ്ഞിട്ടുണ്ട്. തുടക്കക്കാലത്തു തുടർച്ചയായി കോമഡി കഥാപാത്രങ്ങൾ മാത്രമാണ് ലഭിച്ചതും.
‘നീലാകാശം നിറയെ’ എന്ന സിനിമയിൽ ഒന്നിച്ചഭിനയിച്ച ശേഷമാണ് നവാസും രഹ്നയും വിവാഹിതരാകുന്നത്. രഹ്ന പിന്നീട് സിനിമയിൽനിന്നു മാറിനിന്നു.
ഇരുവരും രണ്ടാമത് ഒരുമിച്ച് അഭിനയിച്ച ചിത്രമായിരുന്നു ഈ വർഷം പുറത്തിറങ്ങിയ ‘ഇഴ’. മകൾ നഹ്റിനും സിനിമയിൽ അഭിനയിച്ചിട്ടുണ്ട്.
നഹ്റിൻ നായികയായ ‘കൺഫഷൻസ് ഓഫ് എ കുക്കു’ ഒടിടിയിൽ റിലീസ് ചെയ്തിരുന്നു.
…
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]