
യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപിന്റെ ഉപരോധ ഭീഷണിയുടെ പശ്ചാത്തലത്തിൽ റഷ്യയിൽ നിന്ന് ക്രൂഡ് ഓയിൽ വാങ്ങുന്നത് നിർത്തി ഇന്ത്യയുടെ പൊതുമേഖലാ എണ്ണക്കമ്പനികൾ. ഇന്ത്യൻ ഓയിൽ കോർപ്പറേഷൻ (ഐഒസി), ഭാരത് പെട്രോളിയം കോർപ്പറേഷൻ (ബിപിസിഎൽ), ഹിന്ദുസ്ഥാൻ പെട്രോളിയം കോർപ്പറേഷൻ (എച്ച്പിസിഎൽ), മാംഗ്ലൂർ റിഫൈനറി പെട്രോകെമിക്കൽസ് (എംആർപിഎൽ) എന്നിവയാണ് റഷ്യൻ എണ്ണയോട് മുഖംതിരിച്ചത്.
അതേസമയം, മുകേഷ് അംബാനി നയിക്കുന്ന റിലയൻസ് ഇൻഡസ്ട്രീസ്, റഷ്യൻ എണ്ണക്കമ്പനിയായ റോസ്നെഫ്റ്റിന് മുഖ്യ ഓഹരി പങ്കാളിത്തമുള്ള നയാര എനർജി എന്നിവയ്ക്ക് റഷ്യയുമായി വാർഷിക കരാർ ഉണ്ട്.
ഇറക്കുമതി നിലപാട് ഈ കമ്പനികൾ വ്യക്തമാക്കിയിട്ടില്ല. പ്രതിദിനം 5 ലക്ഷം ബാരൽ വീതം വാങ്ങാനുള്ള 10 വർഷത്തെ കരാറിനാണ് റോസ്നെഫ്റ്റുമായി റിലയൻസ് ധാരണയിലെത്തിയത്.
13 ബില്യൻ ഡോളറിന്റെ (1.1 ലക്ഷം കോടി രൂപ) കരാറാണിത്.
എന്നാൽ, ഒക്ടോബറിലേക്കുള്ള ഇറക്കുമതിക്കായി റിലയൻസ് അബുദാബി മർബൻ ക്രൂഡിനായി കരാറിലേർപ്പെട്ടെന്ന് റിപ്പോർട്ടുകളുണ്ട്. റിലയൻസ് ഇക്കാര്യത്തിൽ പ്രതികരിച്ചിട്ടില്ല.
ഇന്ത്യൻ പൊതുമേഖലാ എണ്ണക്കമ്പനികളും ഇതേ ക്രൂഡ് ഇനം റഷ്യൻ എണ്ണയ്ക്കുപകരം വാങ്ങാനാണ് ശ്രമിക്കുന്നത്.
ട്രംപിന്റെ ഭീഷണി
യുക്രെയ്നുമായി 50 ദിവസത്തിനകം സമാധാന ഉടമ്പടിയുണ്ടാക്കണമെന്ന് റഷ്യയ്ക്ക് ട്രംപ് മുന്നറിയിപ്പ് നൽകിയിരുന്നു. അല്ലാത്തപക്ഷം റഷ്യയ്ക്കുമേൽ ‘രണ്ടാംഘട്ട’ ഉപരോധം ഏർപ്പെടുത്തുമെന്നായിരുന്നു ഭീഷണി.
ഈ സമയപരിധി ട്രംപ് കഴിഞ്ഞയാഴ്ച വെറും 12 ദിവസമായി ചുരുക്കിയ പശ്ചാത്തലത്തിലാണ് ഇന്ത്യൻ പൊതുമേഖലാ കമ്പനികൾ റഷ്യൻ എണ്ണ വാങ്ങുന്നത് നിർത്തിയത്. റഷ്യയുമായി വ്യാപാരബന്ധം പുലർത്തിയാൽ 100% ഇറക്കുമതി തീരുവ ചുമത്തുമെന്നാണ് ട്രംപിന്റെ മുന്നറിയിപ്പ്.
യുക്രെയ്ൻ-റഷ്യ യുദ്ധം ആരംഭിച്ച 2022 മുതലാണ് ഇന്ത്യ റഷ്യയിൽ നിന്ന് വൻതോതിൽ എണ്ണ വാങ്ങിത്തുടങ്ങിയത്. യൂറോപ്യൻ യൂണിയനും യുഎസും മറ്റും റഷ്യയ്ക്കുമേൽ ഉപരോധം പ്രഖ്യാപിക്കുകയും റഷ്യൻ എണ്ണ വാങ്ങുന്നത് ചുരുക്കുകയും ചെയ്ത പശ്ചാത്തലത്തിലായിരുന്നു അത്.
ഇന്ത്യയ്ക്കും ചൈനയ്ക്കും റഷ്യ വിപണിവിലയേക്കാൾ വൻതോതിൽ ഡിസ്കൗണ്ട് വാഗ്ദാനം ചെയ്യുകയായിരുന്നു.
കുറഞ്ഞവിലയ്ക്ക് എണ്ണ കിട്ടുമെന്നതിനാൽ ഓഫർ ഇന്ത്യ സ്വീകരിക്കുകയും ചെയ്തു. റഷ്യ-യുക്രെയ്ൻ യുദ്ധത്തിന് മുമ്പ് ഇന്ത്യയുടെ മൊത്തം എണ്ണ ഇറക്കുമതിയിൽ 0.2% മാത്രമായിരുന്നു റഷ്യയുടെ പങ്ക്.
നിലവിൽ അതു 35-40 ശതമാനമാണ്. മാത്രമല്ല, ഇന്ത്യയുടെ പരമ്പരാഗത എണ്ണ സ്രോതസ്സുകളായ ഗൾഫ് രാഷ്ട്രങ്ങളെ ബഹുദൂരം പിന്തള്ളി റഷ്യ ഒന്നാംസ്ഥാനവും പിടിച്ചെടുത്തു.
ട്രംപ് കഴിഞ്ഞദിവസം ഇന്ത്യയ്ക്കുമേൽ 25% താരിഫ് പ്രഖ്യാപിക്കുകയും റഷ്യൻ എണ്ണ വാങ്ങുന്നത് പിഴ ചുമത്തുമെന്ന് അറിയിക്കുകയും ചെയ്തിരുന്നു.
പുതിയ താരിഫ് ഇന്ന് പ്രാബല്യത്തിലായി. എന്നാൽ, പിഴ എന്താണെന്ന് ട്രംപ് വെളിപ്പെടുത്തിയിട്ടില്ല.
100% തീരുവയാണോ അദ്ദേഹം ഉദ്ദേശിച്ചതെന്നും വ്യക്തമല്ല.
വൈറ്റ്ഹൗസിന് അസ്വസ്ഥത
ഇന്ത്യയുടെയും റഷ്യയുടെയും സമ്പദ്വ്യവസ്ഥകളെ കഴിഞ്ഞദിവസം ട്രംപ് ‘ചത്ത’ സമ്പദ്വ്യവസ്ഥകൾ എന്ന് വിശേഷിപ്പിച്ചിരുന്നു. റഷ്യൻ എണ്ണയും ആയുധങ്ങളും തുടർച്ചയായി വാങ്ങിക്കൂട്ടുന്ന ഇന്ത്യയുടെ നിലപാടിൽ വൈറ്റ്ഹൗസിനും ട്രംപിനും അസ്വസ്ഥതയുണ്ടെന്ന് യുഎസ് സ്റ്റേറ്റ് സെക്രട്ടറി മാർക്കോ റൂബിയോ ഒരു മാധ്യമത്തോട് പറഞ്ഞു.
ഇന്ത്യയ്ക്ക് വലിയ ഊർജാവശ്യമുണ്ടെന്നും ഇറക്കുമതിയും വിലക്കുറവും നിർണായകമാണെന്നും അമേരിക്കയ്ക്ക് അറിയാം. പക്ഷേ, ദൗർഭാഗ്യമെന്നോണം അവർ ഉപരോധമുള്ള റഷ്യൻ എണ്ണയാണ് വാങ്ങുന്നത്.
റഷ്യ അതുവഴി ലഭിക്കുന്ന പണം യുക്രെയ്നെതിരയ യുദ്ധത്തിന് ഉപയോഗിക്കുകയുമാണ്. അത് അമേരിക്കയെ അലോസരപ്പെടുത്തുകയാണെന്നും അദ്ദേഹം പറഞ്ഞു.
∙ റഷ്യയിൽ നിന്നുള്ള മൊത്തം എണ്ണ ഇറക്കുമതിയിൽ 60% റിലയൻസ് ഇൻഡസ്ട്രീസ്, നയാര എന്നീ സ്വകാര്യകമ്പനികളും ബാക്കി പൊതുമേഖലാ എണ്ണക്കമ്പനികളുമാണ് വാങ്ങിയിരുന്നത്.
∙ റഷ്യയിൽ നിന്ന് എണ്ണ വാങ്ങുന്നതിനെ ഇന്ത്യയുടെ പെട്രോളിയം മന്ത്രി ഹർദീപ് സിങ് പുരി അടുത്തിടെ ന്യായീകരിച്ചിരുന്നു.
∙ റഷ്യയെ രാജ്യാന്തര എണ്ണവിപണിയിൽ ഒറ്റപ്പെടുത്തിയാൽ, ക്രൂഡ് ഓയിൽ വില 130-140 ഡോളറിൽ എത്തുമെന്ന് അദ്ദേഹം അഭിപ്രായപ്പെട്ടിരുന്നു.
ഇന്ത്യ റഷ്യ ബന്ധം തുലാസിൽ
2024-25ലെ കണക്കുപ്രകാരം ഇന്ത്യയും റഷ്യയും തമ്മിലെ ഉഭയകക്ഷി വ്യാപാരം 68.7 ബില്യൻ ഡോളറിന്റേതാണ്.
കോവിഡ് കാലത്തിനു മുൻപ് ഇതു 10.1 ബില്യൻ മാത്രമായിരുന്നു. 68.7 ബില്യനിൽ 63.84 ബില്യനും റഷ്യയിൽ നിന്നുള്ള ഇന്ത്യയുടെ ഇറക്കുമതിയാണ്.
റഷ്യയിലേക്കുള്ള ഇന്ത്യയുടെ കയറ്റുമതി വെറും 4.88 ബില്യൻ. 2030 ഓടെ വ്യാപാരം 100 ബില്യനിൽ എത്തിക്കുകയാണ് ഇരു രാജ്യങ്ങളും ലക്ഷ്യമിട്ടിരിക്കുന്നത്.
ഇതിനിടെയാണ്, ട്രംപ് ഇപ്പോൾ താരിഫ്, ഉപരോധ ഭീഷണിയുമായി എത്തിയത്.
∙ അമേരിക്കയുടെയും യൂറോപ്യൻ യൂണിയന്റെയും ഉപരോധം ഭയന്ന് റഷ്യയുമായുള്ള വ്യാപാരബന്ധം നിർത്തുന്നത് ഇന്ത്യൻ സമ്പദ്വ്യവസ്ഥയ്ക്ക് ദോഷം ചെയ്യുമെന്നാണ് വിലയിരുത്തൽ.
∙ ലോകത്ത് എണ്ണ ഇറക്കുമതിയിൽ മൂന്നാംസ്ഥാനത്തുള്ള ഇന്ത്യ, മൊത്തം ഉപഭോഗത്തിന്റെ 85-90 ശതമാനവും ഇറക്കുമതി ചെയ്യുകയാണ്. ഫലത്തിൽ, കുറഞ്ഞവിലയ്ക്ക് എണ്ണ കിട്ടേണ്ടത് ഇന്ത്യയ്ക്ക് അനിവാര്യവുമാണ്.
ബിസിനസ്, ഇക്കണോമി, സ്റ്റോക്ക് മാർക്കറ്റ്, പഴ്സനൽ ഫിനാൻസ്, കമ്മോഡിറ്റി, സമ്പാദ്യം വാർത്തകൾക്ക്:
…
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]