
ഏറ്റുമാനൂർ ∙ അതിരമ്പുഴ സ്വദേശിനി ജെയ്നമ്മയുടെ തിരോധാനവുമായി ബന്ധപ്പെട്ട് അറസ്റ്റിലായ ചേർത്തല ചൊങ്ങുംതറ സെബാസ്റ്റ്യൻ (68)നായി ക്രൈം ബ്രാഞ്ച് നൽകിയ കസ്റ്റഡി അപേക്ഷ അൽപ സമയത്തിനകം കോടതി പരിഗണിക്കും. കേസിൽ റിമാൻഡിൽ കഴിയുന്ന പ്രതി സെബാസ്റ്റ്യനെ വൈദ്യപരിശോധനയ്ക്ക് ശേഷം ഏറ്റുമാനൂരിലെത്തിക്കും.
ഏറ്റുമാനൂർ കോടതിയാണ് കസ്റ്റഡി അപേക്ഷ പരിഗണിക്കുന്നത്. സെബാസ്റ്റ്യന്റെ വീട്ടുവളപ്പിൽ നിന്നും മൃതദേഹ അവശിഷ്ടങ്ങൾ കണ്ടെത്തിയ സംഭവത്തിൽ കൂടുതൽ ചോദ്യം ചെയ്യലും തെളിവെടുപ്പും ആവശ്യമുണ്ടെന്നു ചൂണ്ടിക്കാട്ടിയാണ് ക്രൈംബ്രാഞ്ച് കസ്റ്റഡി അപേക്ഷ സമർപ്പിച്ചിരിക്കുന്നത്. കേസിൽ ചില നിർണായക വിവരങ്ങൾ കണ്ടെത്താനുണ്ടെന്നും പ്രതിയെ 10 ദിവസത്തേക്ക് വിട്ടു കിട്ടണമെന്നാണ് ക്രൈംബ്രാഞ്ചിന്റെ അപേക്ഷ.
ജെയ്നമ്മയെ പരിചയമുണ്ടെന്ന് പ്രതി സെബാസ്റ്റ്യൻ സമ്മതിച്ചെന്നും, ഇയാൾ കുറ്റസമ്മതം നടത്തിയെന്നും ക്രൈംബ്രാഞ്ച് കോടതിയിൽ സമർപ്പിച്ച കസ്റ്റഡി അപേക്ഷയിൽ സൂചിപ്പിച്ചിരുന്നു. ആദ്യ ഘട്ടത്തിൽ അന്വേഷണത്തോട് സഹകരിക്കാതിരുന്ന പ്രതിക്കു മുന്നിൽ ശാസ്ത്രീയ തെളിവുകൾ നിരത്തി ചോദ്യം ചെയ്തതോടെയാണ് കുറ്റസമ്മതം നടത്തിയത്.
എന്നാൽ ചില മൊഴികളിൽ വൈരുദ്ധ്യമുണ്ട്. ഇക്കാര്യങ്ങളിൽ വ്യക്തത വരുത്തേണ്ടതുണ്ടെന്നും അന്വേഷണ ഉദ്യോഗസ്ഥൻ വ്യക്തമാക്കി.
കഴിഞ്ഞ ഡിസംബർ 23 നാണ് അതിരമ്പുഴ കോട്ടമുറി കാക്കനാട്ടുകാലായിൽ കെ.എം.മാത്യുവിന്റെ ഭാര്യ ജെയിൻ മാത്യു (ജെയ്നമ്മ -55)യെ കാണാതാകുന്നത്.
സെബാസ്റ്റ്യന്റെ ചേർത്തലയിലെ വീട്ടിൽ നിന്നും കണ്ടെത്തിയ മൃതദേഹ അവശിഷ്ടങ്ങൾ ജെയ്നമ്മയുടേത് ആണോയെന്നാണ് അന്വേഷണ സംഘം പരിശോധിക്കുന്നത്. സെബാസ്റ്റ്യനെതിരെ കൊലപാതക കുറ്റം, തെളിവ് നശിപ്പിക്കൽ തുടങ്ങി ഭാരതീയ ന്യായ സംഹിത 103–ാം വകുപ്പ് (ഐപിസി 302,) വകുപ്പു പ്രകാരമുള്ള കുറ്റങ്ങൾ ചുമത്തിയാണ് അറസ്റ്റ് ചെയ്തത്.
∙ പ്രതിയുമായി ചേർത്തലയിൽ തെളിവെടുപ്പ് നടത്തും
സെബാസാറ്റ്യനെ കസ്റ്റഡിയിൽ വിട്ടു കിട്ടിയാൽ വിവിധ സ്ഥലങ്ങളിൽ തെളിവെടുപ്പ് നടത്താനൊരുങ്ങി അന്വേഷണ സംഘം.
മൃതദേഹ അവശിഷ്ടങ്ങൾ കണ്ടെത്തിയ ചേർത്തലയിലെ വീട്, ജെയ്നമ്മയുടെ മൊബൈൽ ചാർജ് ചെയ്തെന്നു പറയപ്പെടുന്ന ഈരാറ്റു പേട്ടയിലെ കട, ജെനമ്മയുടെ ഫോൺ സിഗ്നൽ കാണിച്ച മേലുകാവ്, സ്വർണാഭരണങ്ങൾ പണയപ്പെടുത്തിയ ധനകാര്യ സ്ഥാപനം തുടങ്ങിയ സ്ഥലങ്ങളിൽ പ്രതിയെ എത്തിച്ച് തെളിവെടുപ്പ് നടത്തും. കേസിൽ പ്രതിയുടെ സാന്നിധ്യം കണ്ടെത്തിയ സ്ഥലങ്ങളിൽ നിന്നുമുള്ള സാക്ഷികളുമായി തിരിച്ചറിയൽ പരിശോധനയും നടക്കും.
∙ കാലപ്പഴക്കവും പല്ലിലെ ക്യാപും സ്ഥിരീകരിക്കാനായില്ല
സെബാസ്റ്റ്യന്റെ വീട്ടുവളപ്പിൽ നിന്നും കണ്ടെത്തിയ മൃതദേഹ അവശിഷ്ടങ്ങളുടെ കാലപ്പഴക്കം സംബന്ധിച്ച് അന്തിമ റിപ്പോർട്ട് ഫൊറൻസിക് സംഘത്തിൽ നിന്നും ലഭിച്ചിട്ടില്ലെന്നു അന്വേഷണ സംഘം വ്യക്തമാക്കി.
മൃതദേഹ അവശിഷ്ടങ്ങൾ കത്തിച്ച ശേഷം കുഴിച്ചിട്ടതിനാൽ വിശദമായ പരിശോധന ആവശ്യമാണ്. ഇതാണ് റിപ്പോർട്ട് വൈകാൻ കാരണം.
ഇതോടൊപ്പം പല്ലിനു ക്യാപ് ഇട്ടതു പോലെ തോന്നിക്കുന്ന അടയാളവും അതു തന്നെയാണെന്ന് സ്ഥിരീകരിച്ചിട്ടില്ല. മറ്റ് ചില കാരണങ്ങൾ കൊണ്ടും ഇത്തരം അടയാളങ്ങൾ ഉണ്ടാകാമെന്നാണ് വിവരം.
ഇതു സംബന്ധിച്ച് ഫൊറൻസിക് ഡെൻറ്റൽ വിഭാഗം ശാസ്ത്രീയ പരിശോധന നടത്തി വരികയാണ്.
∙ പരിചയം ധ്യാന കേന്ദ്രങ്ങളിൽ വച്ചെന്ന് പ്രതി
കാണാതായ ജെയ്നമ്മയെ പരിചയമില്ലെന്ന നിലപാടിലായിരുന്നു പ്രതി സെബാസ്റ്റ്യൻ. എന്നാൽ വിവിധ സ്ഥലങ്ങളിൽ ഇരുവരുടെയും മൊബൈൽ സിഗ്നലുകൾ ഒന്നിച്ച് വന്നത് ചൂണ്ടിക്കാട്ടിയപ്പോഴാണ് പരിചയമുണ്ടെന്ന് പ്രതി സമ്മതിച്ചത്.
വെറും പരിചയം എന്നതല്ലാതെ കൂടുതൽ വിവരങ്ങൾ വെളിപ്പെടുത്താൻ പ്രതി തയാറായില്ല. ഇരുവരുടെയും ടെലിഫോൺ വിശദാംശങ്ങൾ തങ്ങളുടെ പക്കലുണ്ടെന്ന് അന്വേഷണം സംഘം പറഞ്ഞതോടെയാണ് ധ്യാന കേന്ദ്രങ്ങളിൽ ഒന്നിച്ചു പോകാറുണ്ടെന്ന് സമ്മതിച്ചത്.
തുടക്കം മുതൽ അന്വേഷണത്തോട് സഹകരിക്കാത്ത നിലപാടിലായിരുന്നു സെബാസ്റ്റ്യൻ. താൻ രോഗിയാണെന്നും ശാരീരിക ബുദ്ധിമുട്ട് ഉണ്ടെന്ന് പറഞ്ഞ് ചോദ്യങ്ങളിൽനിന്നും ഒഴിഞ്ഞുമാറാനുള്ള ശ്രമമാണ് നടത്തിയത്.
പ്രതിയുടെ നിസ്സഹകരണം അന്വേഷണത്തെ ആദ്യഘട്ടത്തിൽ പ്രതികൂലമായി ബാധിച്ചു. പൂർണമായും ശാസ്ത്രീയ തെളിവുകളുടെ നിരത്തിയാണ് സെബാസ്റ്റ്യനെ അന്വേഷണ സംഘം കുടുക്കിയത്.
കോട്ടയം ക്രൈംബ്രാഞ്ച് സംഘമാണ് കേസ് അന്വേഷിക്കുന്നത്.
∙ പണയപ്പെടുത്തിയ സ്വർണാഭരണങ്ങൾ വീണ്ടെടുക്കും
സെബാസ്റ്റ്യൻ പണയം വച്ചിരിക്കുന്ന സ്വർണാഭരണങ്ങൾ ക്രൈംബ്രാഞ്ച് സംഘം തിരിച്ചെടുക്കും. മൂന്നര പവന്റെ മാലയും വളയും മോതിരവും കമ്മലും ഉൾപ്പെടെ എട്ടര പവന്റെ സ്വർണം ജെയ്നമ്മക്ക് ഉണ്ടെന്ന് സഹോദരങ്ങൾ ഇന്നലെ മൊഴി നൽകി.
പണയം വച്ച സ്വർണം ജെയ്നമ്മയുടെയത് തന്നെയെന്ന് ഉറപ്പു വരുത്താൻ ബന്ധുക്കളുടെ സഹായം തേടും. …
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]