
സ്വന്തം ലേഖകൻ
കോട്ടയം: യുകെയിൽ നിന്നും നാട്ടിൽ അവധിക്കാലം ആഘോഷിക്കാനെത്തിയ അമ്മയും മകളും നിസ്സാര പ്രശ്നത്തിന്റെ പേരിൽ വഴക്കടിച്ചപ്പോൾ അതു പരിഹരിക്കാനെത്തിയ ഏറ്റുമാനൂർ പൊലീസ് രക്ഷിച്ചത് ഒരു ജീവൻ തന്നെയാണ്. കഴിഞ്ഞ ദിവസം രാത്രിയിലാണ് വിചിത്രമായ സംഭവം അരങ്ങേറിയത്. വ്യക്തികളുടെ പേരും വിവരങ്ങളും വെളിപ്പെടുത്താനാകാത്ത സാഹചര്യത്തിൽ സംഭവം എന്താണെന്നു മാത്രമാണ് വാർത്ത പുറത്തു വന്നിട്ടുള്ളത്.
വെള്ളി രാത്രി പത്തരയോടെയാണ് യുകെയിൽ പഠിക്കുന്ന പെൺകുട്ടി സഹായം ആവശ്യപ്പെട്ട് പൊലീസ് സ്റ്റേഷനിലേക്കു വിളിച്ചത്. അമ്മ, വീട്ടിൽനിന്ന് ഇറക്കിവിട്ടെന്നും പെരുവഴിയിൽ നിൽക്കുകയാണെന്നും പൊലീസ് സഹായം വേണമെന്നുമാണ് പെൺകുട്ടി ആവശ്യപ്പെട്ടത്. പരാതി കേട്ടയുടൻ എസ്ഐ എച്ച്.ഷാജഹാന്റെ നേതൃത്വത്തിലുള്ള പൊലീസ് സംഘം അതിവേഗം സംഭവ സ്ഥലത്തേക്ക് എത്തി. അവിടെയെത്തിയപ്പോൾ വീട്ടിൽ നിന്ന് 50 മീറ്റർ ദൂരത്തിൽ റോഡിൽ ഇറങ്ങി നിൽക്കുകയാണ് വിദ്യാർത്ഥിനി. കാര്യം അന്വേഷിച്ചപ്പോൾ, അമ്മ തനിക്ക് സ്വാതന്ത്ര്യം നൽകുന്നില്ലെന്നും ഉപദ്രവിക്കുകയാണെന്നും വീട്ടിൽനിന്ന് ഇറക്കിവിട്ടെന്നും പറഞ്ഞു.
വിദ്യാർത്ഥിനിയെ അനുനയിപ്പിച്ച് പൊലീസ് കുട്ടിയെയും കൂട്ടി വീട്ടിലേക്കു ചെന്നു. അവിടെയെത്തിയപ്പോൾ വീട്ടിലെ ഉപകരണങ്ങളിൽ ചിലത് തല്ലിത്തകർത്ത നിലയിലായിരുന്നു. ചോദിച്ചപ്പോൾ അമ്മയോടുള്ള ദേഷ്യത്തിൽ താൻ തന്നെയാണ് അവ തല്ലിത്തകർത്തതെന്നു പെൺകുട്ടി പറഞ്ഞു. രാത്രി സിനിമയ്ക്കു കൊണ്ടുപോകണമെന്ന് ആവശ്യപ്പെട്ടപ്പോൾ അമ്മ സമ്മതിച്ചില്ല എന്നതാണ് വിദ്യാർത്ഥിനിയുടെ പരാതി. യുകെയിൽ പഠിക്കുന്ന പെൺകുട്ടി കഴിഞ്ഞ ഇടയ്ക്കാണ് നാട്ടിലെത്തിയത്. നാളെ യുകെയിലേക്ക് തിരിച്ചു പോകാൻ ഇരിക്കുകയായിരുന്നു കുടുംബം. ഈ സാഹചര്യത്തിൽ രാത്രികാല യാത്ര വേണ്ട എന്ന് അമ്മ പറഞ്ഞതാണ് പെൺകുട്ടിയെ ചൊടിപ്പിച്ചത്.
പെൺകുട്ടിയുടെ വീട്ടിലെത്തിയ പൊലീസ് കണ്ടത് കരഞ്ഞ് തളർന്നു കിടക്കുന്ന അമ്മയെയാണ്. മകൾക്ക് പിടിവാശി കൂടുതലാണെന്നും തനിക്ക് സമാധാനം നൽകുന്നില്ലെന്നും അമ്മ പൊലീസിനോടു പറഞ്ഞു. സംസാരത്തിനിടയിൽ വീട്ടമ്മയുടെ നാക്ക് കുഴയുകയും കൺപോളകൾ അടയുകയും ചെയ്യുന്നതു കണ്ട് എസ്ഐക്ക് സംശയം തോന്നി.
പൊലീസുകാർ ഇവരെ ആദ്യം തെള്ളകത്തെ സ്വകാര്യ ആശുപത്രിയിലും തുടർന്ന് മെഡിക്കൽ കോളജ് ആശുപത്രിയിലും എത്തിച്ചു. ആശുപത്രിയിലേക്കു പോകുന്ന വഴിയിൽ വച്ചാണ്, താൻ അമിതഅളവിൽ ഗുളിക കഴിച്ചിട്ടുണ്ടെന്ന് വീട്ടമ്മ പൊലീസിനോടു വെളിപ്പെടുത്തിയത്. അൽപം വൈകിയിരുന്നെങ്കിൽ ജീവൻ നഷ്ടമാകുമായിരുന്നു എന്നാണ് മെഡിക്കൽ കോളജ് ആശുപത്രി അധികൃതർ പറഞ്ഞത്.
ഏറ്റുമാനൂർ എസ്ഐ എച്ച്.ഷാജഹാൻ, ഡ്രൈവർ നിതിൻ ശ്രീനിവാസൻ, ഹോം ഗാർഡ് രാജപ്പൻ, വനിത സിവിൽ പൊലീസ് ഓഫിസർ ലേഖ എന്നിവ അടങ്ങുന്ന സംഘമാണ് രക്ഷാപ്രവർത്തനം നടത്തിയത്.
The post യുകെയിൽ നിന്നും നാട്ടിൽ അവധി ആഘോഷിക്കാനെത്തി; രാത്രിയിൽ സിനിമ കാണാൻ പോകണമെന്ന മകളുടെ വാശി സമ്മതിക്കാതെ അമ്മ; വീട്ടിലെ സാധനങ്ങൾ തല്ലിത്തകർത്ത് വീട്ടിൽ നിന്നിറങ്ങി പോയി മകൾ; സഹായത്തിനായി പൊലീസിനെ വിളിച്ചത് രക്ഷയായി ; മരണത്തിൽ നിന്ന് വീട്ടമ്മയെ രക്ഷിച്ച് ഏറ്റുമാനൂർ പൊലീസ് appeared first on Third Eye News Live.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]