
ബേപ്പൂർ∙ ശാരീരിക പരിമിതികൾ മറികടന്ന് എവറസ്റ്റ് കീഴടക്കാനുള്ള ഒരുക്കത്തിലാണ് പ്ലസ്വൺ വിദ്യാർഥിയായ അരക്കിണർ സ്റ്റാർ അപ്പാർട്മെന്റിൽ അമൻ അലി. സ്വാതന്ത്ര്യദിനത്തിൽ എവറസ്റ്റ് ബേസ് ക്യാംപിൽ പതാക ഉയർത്തുക എന്നതാണു ജന്മനാ ഇരു കൈകളുമില്ലാത്ത അമന്റെ ലക്ഷ്യം.
ഇതു നിറവേറ്റാൻ ഈ വിദ്യാർഥിക്കൊപ്പം ചേരുകയാണ് നാട്.
പർവതാരോഹകൻ ഷെയ്ഖ് ഹസ്സൻ ഖാൻ നയിക്കുന്ന 20 അംഗ മലയാളി സംഘത്തിനൊപ്പമാണു അമൻ അലിയുടെ യാത്ര. ഈ മാസം 4ന് തിരുവനന്തപുരത്തുനിന്ന് നേപ്പാളിലേക്ക് പുറപ്പെടും.
കഠ്മണ്ഡുവിൽ നിന്നു ലുക്ലയിൽ എത്തിയാകും സമുദ്രനിരപ്പിൽ നിന്നു 17,598 അടി ഉയരത്തിലുള്ള ബേസ് ക്യാംപിലേക്കുള്ള സഞ്ചാരം.
ലോക്കോമോട്ടർ ഡിസെബിലിറ്റി (ചലന വൈകല്യം) അസുഖ ബാധിതനായ അമൻ ഭിന്നശേഷി കുട്ടികൾക്കായി ഗോകുലം കേരള എഫ്സിയുടെ സഹകരണത്തോടെ ചെറുവണ്ണൂർ യൂണിറ്റി എഫ്സി നടത്തുന്ന മഴവില്ല് കായിക പരിശീലന ക്യാംപിലെ താരമാണ്. മഴവില്ല് ക്യാംപിലെ പരിശീലകൻ നടുവട്ടം പുളിക്കലകത്ത് മുഹമ്മദ് ഷഹലിനോടാണ് എവറസ്റ്റ് കയറാനുള്ള തന്റെ ആഗ്രഹം അമൻ പങ്കുവച്ചത്.
ഷഹൽ നടത്തിയ അന്വേഷണത്തിൽ എവറസ്റ്റ് യാത്രയ്ക്കും മറ്റുമായി 3.5 ലക്ഷം രൂപ വേണ്ടി വരുമെന്നറിഞ്ഞു.
ഇതോടെ ചെലവിനുള്ള പണം കണ്ടെത്തലായിരുന്നു അമന്റെ മുൻപിലെ വെല്ലുവിളി. വിവരം അറിഞ്ഞ് യാത്രയ്ക്കും മറ്റു ആവശ്യങ്ങൾക്കുമായി രണ്ടര ലക്ഷം രൂപ സൈലം എജ്യുക്കേഷനും ഒരുലക്ഷം രൂപ സന്തോഷ് ജോർജ് കുളങ്ങരയും നൽകി.
ഇതോടെയാണ് അമന്റെ ദൗത്യത്തിനു ചിറകുമുളച്ചത്.
അരക്കിണർ താഴത്തുംകണ്ടി ക്ഷേത്രത്തിനു സമീപം സ്വകാര്യ ബസ് ജീവനക്കാരൻ നടുവിലക്കണ്ടി എൻ.കെ.നൗഷാദ് അലി–റസിയ ദമ്പതികളുടെ മകനാണ് കോഴിക്കോട് റഹ്മാനിയ ഹയർ സെക്കൻഡറി സ്കൂൾ വിദ്യാർഥിയായ അമൻ അലി. എൻ.കെ.ആഷ്ന സഹോദരിയാണ്.
…
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]