
തൊടുപുഴ ∙ കുമാരമംഗലം– പാറത്തലയ്ക്കൽ പാറ റോഡ് കുണ്ടും കുഴിയും നിറഞ്ഞ് ശോചനീയാവസ്ഥയിൽ ആയിട്ട് മാസങ്ങൾ പിന്നിട്ടു. ബസ് ഉൾപ്പെടെയുള്ള വാഹനങ്ങൾ സഞ്ചരിക്കുന്ന റോഡായതിനാൽ ദിനംപ്രതി സ്ഥിതി മോശമായി വരുന്ന അവസ്ഥയാണെന്ന് യാത്രക്കാർ പറയുന്നു. കുഴികൾ കയറിയിറങ്ങി പതിയെ പോകുന്നതിനാൽ റോഡിൽ ഗതാഗതക്കുരുക്കും പതിവാണ്.
മാത്രമല്ല ആഴത്തിലുള്ള കുഴികളിൽ വെള്ളം കെട്ടിനിൽക്കുന്നതിനാൽ വലിയ വാഹനം വരുമ്പോൾ ദേഹത്തേക്ക് വെള്ളം തെറിക്കുമെന്നതിനാൽ കാൽനടയാത്രക്കാർക്കു മാത്രമല്ല ഇരുചക്രവാഹനങ്ങൾക്കു പോലും സഞ്ചരിക്കാൻ സാധിക്കാത്ത സ്ഥിതിയാണ്.
പല ഭാഗത്തും ശരാശരി നാലും അഞ്ചും വലിയ കുഴികളാണ് രൂപപ്പെട്ടിരിക്കുന്നത്. നിലവിൽ മിക്ക വാഹനങ്ങളും കുഴി ഇല്ലാത്ത ഭാഗം നോക്കി വഴിയോരങ്ങൾ ചേർന്നാണു പോകുന്നത്.
ഇത് എതിരെ വരുന്ന വാഹനങ്ങൾക്കു ഏറെ ബുദ്ധിമുട്ട് ഉണ്ടാക്കുന്നു എന്നതു മാത്രമല്ല അപകടത്തിനും കാരണമാകുന്നു.
മഴയ്ക്കു മുൻപ് കുഴികളടച്ച് റോഡ് റീ ടാറിങ് ചെയ്യണമെന്ന നാട്ടുകാരുടെ ആവശ്യം അധികൃതർ ഗൗനിക്കാത്തതാണ് നിലവിലെ സ്ഥിതിക്കു കാരണം. നിലവിൽ മഴ കാരണം കുഴികൾ അടയ്ക്കുന്നത് എങ്ങനെ എന്നാണ് അധികൃതർ ഉന്നയിക്കുന്ന വാദം. ഇനി മഴ മാറി കുഴികൾ അടയ്ക്കുന്ന വരെ ഇതുവഴിയുള്ള ദുരിത യാത്ര അനുഭവിക്കേണ്ട
സ്ഥിതിയാണ് യാത്രക്കാർക്ക്. അതേസമയം താൽക്കാലിക പരിഹാരം കാണാനെങ്കിലും നടപടി സ്വീകരിക്കണമെന്നാണു യാത്രക്കാരുടെ ആവശ്യം.
…
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]