
സ്വന്തം ലേഖകൻ
തൃശൂർ: ക്രൈംബ്രാഞ്ച് എസ്ഐയെ സിഐ കള്ളക്കേസിൽ കുടുക്കി സസ്പെൻഡ് ചെയ്തതായി പരാതി. പൊതുസ്ഥലത്ത് മദ്യപിച്ചെന്ന് ആരോപിച്ചാണ് എസ്ഐയെ സിഐ അറസ്റ്റ് ചെയ്തത്. എസ്ഐ ടി.ആർ.ആമോദിനെയാണ് നെടുപുഴ സിഐ ടി.ജി.ദിലീപ്കുമാർ കള്ളക്കേസിൽ കുടുക്കിയത്. ഇത് കള്ളക്കേസാണെന്ന് സംസ്ഥാന, ജില്ലാ സ്പെഷൽ ബ്രാഞ്ചുകൾ റിപ്പോർട്ട് നൽകി.
എസ്ഐ ആമോദ് വഴിയരികില്‍ ഫോണ്‍ ചെയ്ത് നില്‍ക്കുമ്പോഴാണ്, പൊതുസ്ഥലത്ത് മദ്യപിച്ചെന്ന് ആരോപിച്ച് സിഐ കസ്റ്റഡിയിലെടുത്തതെന്നും റിപ്പോർട്ടിൽ പറയുന്നു. ഇക്കഴിഞ്ഞ ജൂലൈ 31ന് തൃശൂര്‍ വടൂക്കരയിലാണ് നാടകീയ സംഭവങ്ങൾ അരങ്ങേറിയത്. അവധിയിലായിരുന്ന സിറ്റി ക്രൈംബ്രാഞ്ച് എസ്ഐയായ ടി.ആര്.ആമോദ് വീട്ടുസാധനങ്ങള്‍ വാങ്ങുന്നതിനാണ് വൈകിട്ട് കടയിൽ പോയത്.
ഇതിനിടെ സഹപ്രവര്‍ത്തകന്റെ ഫോണ്‍ വന്നു. വഴിയരികില്‍ ഫോണിൽ സംസാരിച്ചു നില്‍ക്കുമ്പോഴാണ് നെടുപുഴ സിഐ ടി.ജി.ദിലീപ്കുമാർ സ്ഥലത്തെത്തിയത്. മദ്യപിക്കാനാണോ വന്നതെന്ന് സിഐ, ആമോദിനോടു ചോദിച്ചു. കടയിലേക്കു വന്നതാണെന്ന് മറുപടി നൽകിയെങ്കിലും സിഐ അത് മുഖവിലയ്ക്കെടുത്തില്ല.
ജീപ്പില്‍ നിന്ന് പുറത്തിറങ്ങിയ സിഐ തൊട്ടടുത്ത മരക്കമ്പനിക്കുള്ളിൽ പോയി തിരച്ചില്‍ നടത്തി. അവിടെ നിന്ന് പാതി കാലിയായ മദ്യക്കുപ്പി കിട്ടി. ഇത് എസ്ഐ കഴിച്ചതാണെന്ന് ആരോപിച്ച് ആമോദിനെ കസ്റ്റഡിയിലെടുക്കുകയായിരുന്നു. ജില്ലാ ആശുപത്രിയിലെത്തിച്ച് പരിശോധന നടത്തിയെങ്കിലും, മദ്യത്തിന്റെ മണമില്ലെന്ന് ഡോക്ടര്‍ പറഞ്ഞു. തുടർന്ന് രക്ത സാംപിള്‍ എടുപ്പിച്ച ശേഷം, പൊതു സ്ഥലത്ത് മദ്യപിച്ചെന്ന കേസിൽ അറസ്റ്റ് രേഖപ്പെടുത്തി ജാമ്യത്തില്‍ വിടുകയായിരുന്നു.
ഇതിനിടെ എസ്ഐ പരാതിയുമായി രംഗത്തെത്തിയതോടെ സിഐയ്ക്കെതിരെ അന്വേഷണം തുടങ്ങി. ആമോദിനെ സസ്പെൻഡ് ചെയ്തതോടെ അദ്ദേഹത്തിന്റെ കുടുംബം തൃശൂര്‍ റേഞ്ച് ഡിഐജി അജിതാ ബീഗത്തിന് പരാതി നൽകി. ഡിഐജി, സിറ്റി പൊലീസ് കമ്മിഷണർ എന്നിവരുടെ നിർദേശപ്രകാരമായിരുന്നു അന്വേഷണം. സംഭവം കള്ളക്കേസാണെന്ന് സംസ്ഥാന ഇന്റലിജന്‍സ് റിപ്പോർട്ട് നൽകി. ജില്ലാ സ്പെഷല്‍ ബ്രാഞ്ചിന്റെ അന്വേഷണത്തിലും എസ്ഐ സംഭവസ്ഥലത്തിരുന്ന് മദ്യപിച്ചിട്ടില്ലെന്ന് കണ്ടെത്തി. ജീപ്പില്‍ വരുമ്പോള്‍ എസ്ഐ വഴിയരികില്‍ ഫോണില്‍ സംസാരിക്കുകയായിരുന്നെന്ന് സിഐയുടെ ഒപ്പം ജീപ്പിലുണ്ടായിരുന്ന ഉദ്യോഗസ്ഥനും മൊഴി നല്കി.
The post appeared first on Third Eye News Live.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]