
കേരള സർക്കാര്‍ സംരംഭമായ കെഎസ്എഫ്ഇ കൈകാര്യം ചെയ്യുന്ന ആകെ ബിസിനസ് ആദ്യമായി 1 ലക്ഷം കോടി രൂപ കടന്നു. ചിട്ടി ബിസിനസിനൊപ്പം സ്വർണവായ്പ, ഭവനവായ്പ, വ്യക്തിഗത വായ്പ എന്നിവയുൾപ്പടെയുള്ള വിവിധ വായ്പകളിൽ ശ്രദ്ധകേന്ദ്രീകരിച്ചു നടത്തിയ പ്രവർത്തനങ്ങളിലൂടെയാണ് വരുന്ന ഡിസംബറിൽ കൈവരിക്കുന്നതിന് ലക്ഷ്യമിട്ട
1 ലക്ഷം കോടിയെന്ന നേട്ടം ജൂലൈ 31 നു കൈവരിക്കാനായതെന്ന് കെഎസ്എഫ്ഇ ചെയർമാൻ കെ.വരദരാജൻ പറഞ്ഞു. ഇതിന്റെ ഔദ്യോഗിക പ്രഖ്യാപനം ഓഗസ്റ്റ് 15നു മുഖ്യമന്ത്രി നടത്തുമെന്ന് അദ്ദേഹം അറിയിച്ചു.
ചിട്ടിയെ ഇനിയും ജനകീയമാക്കുക, ചെറുപ്പക്കാർക്കിടയില്‍ സ്വീകാര്യമാക്കുക, ആഗോളതലത്തിലേയ്ക്ക് സാന്നിധ്യമുയർത്തുക എന്നിങ്ങനെയുള്ള കാര്യങ്ങൾ പ്രാവർത്തികമാക്കുകയാണ് കേരള സർക്കാര്‍ സംരംഭമായ തൃശൂരിലെ കെഎസ്എഫ്ഇ.
ചിട്ടിയ്ക്കൊപ്പം വായ്പാ ഉൽപ്പന്നങ്ങളും
ചിട്ടയുടെ ഒപ്പം വായ്പ പോലെയുള്ള ഉൽപ്പന്നങ്ങളിലും ശ്രദ്ധ കേന്ദ്രീകരിച്ചതിലൂടെയാണ് ഈ നേട്ടം കൈവരിക്കനായതെന്ന് വരദരാജൻ പറഞ്ഞു.
സ്വർണപ്പണയ വായ്പ 10,000 കോടി കടന്നു. സർക്കാർ ജീവനക്കാരുടെ ഭവന വായ്പയിലും സജീവമാണ്.
കെഎസ്എഫ്ഇ യുടെ 700ലേറെ ശാഖകളിലൂടെയാണിത് കൈകാര്യം ചെയ്യുന്നത്. ചിട്ടി, ഭവനവായ്പ എന്നിവയുൾപ്പടെയുള്ള ഉൽപ്പന്നങ്ങളുടെ പരിരക്ഷയ്ക്കായി ജനറൽ ഇന്‍ഷുറൻസ് രംഗത്തേയ്ക്കും കടക്കാനൊരുങ്ങുകയാണ്.
ഇതിനായി സ്വന്തമായി ഇൻഷുറന്‍സ് കമ്പനി ആരംഭിക്കുകയോ നിലവിലുള്ളവരുമായി സഹകരിച്ചു പ്രവർത്തിക്കുകയോ ചെയ്യുമെന്ന് വരദരാജൻ വെളിപ്പെടുത്തി.
എല്ലാ പഞ്ചായത്തിലും കെ എസ് എഫ്ഇ ശാഖ
9000 നടുത്ത് ജീവനക്കാരിപ്പോൾ കെഎസ്എഫ്ഇയ്ക്കുണ്ട്. പിഎസ് സി വഴി 2200 പേരെക്കൂടി നിയമിക്കും.
40 ശതമാനം ചിട്ടിയും കാൻവാസ് ചെയ്യുന്നത് ജീവനക്കാരാണ്. അവരെ സഹായിക്കുന്നതിനായി 300ലധികം ബിസിനസ് പ്രമോർട്ടർമാരെ നിയമിച്ചിട്ടുണ്ട്.
കൂടുതൽ പേരെ നിയമിക്കാനുള്ള തയാറെടുപ്പിലുമാണ്. എല്ലാ പഞ്ചായത്തിലും ഒരു ശാഖ എന്നതാണ് ലക്ഷ്യം.
ചിട്ടിക്ക് പ്രവാസികൾക്കിടയില്‍ പ്രചാരം വർധിപ്പിക്കുന്നതിനായി വിദേശരാജ്യങ്ങളിലും ഏജന്റുമാരെ നിയമിക്കാനൊരുങ്ങുകയാണ് കെ എസ് എഫ് ഇ.
പ്രവാസികളെ ഓൺലൈനായി ചേർക്കുന്നവർക്ക് കമിഷൻ നേടാം. പ്രവാസികൾക്ക് ഓൺലൈനായി ചിട്ടിയിൽ ചേരാനും, ലേലത്തിൽ പങ്കെടുക്കുന്നതുൾപ്പടെ ഇടപാട് നടത്താനുമാകും.
തിരുവനന്തപുരത്തെ ഡിജിറ്റൽ ബിസിനസ് സെന്ററിൽ ഇതിന്റെ വിവരങ്ങളറിയാം.
അതിഥി തൊഴിലാളികൾക്കും ചിട്ടിയിൽ നിക്ഷേപിക്കാൻ അവസരമൊരുക്കും. അവർക്ക് ചിട്ടി പിടിച്ച് ഇവിടെ നിക്ഷേപിക്കാം.
ചിട്ടി വട്ടമെത്തിയാൽ തുക ലഭ്യമാകും. ഈടില്ലാതെ വായ്പയും ലഭ്യമാക്കും.
ചിട്ടി അടച്ചു കൊണ്ടിരുന്നാൽ മതി. ചെറുകിട
ബിസിനസുകാർക്ക് പ്രതിദിന – പ്രതിവാര കലക്ഷൻ ചിട്ടി ലഭ്യമാക്കാനും ഉദ്ദേശമുണ്ട്.
ഓണച്ചിട്ടി
ഓണത്തിന് ഗ്യാലക്സി ചിട്ടിയിൽ ചേരുന്നവർക്ക് ചിങ്ങം ഒന്നു മുതൽ ഓണം വരെ സപ്ലൈകോയുടെ ഓണക്കിറ്റ് ലഭിക്കും. തെരഞ്ഞെടുക്കപ്പെടുന്ന 100 പേർക്ക് കുടുബസമേതം സിങ്കപ്പൂർ സന്ദർശിക്കാനാകും.
…
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]