
ഒറ്റപ്പാലം∙ ജില്ലാ അതിർത്തിയിൽ ‘വഴിമുടക്കി’യായി മാറുന്ന ലക്കിടി റെയിൽവേ ഗേറ്റ് ഒഴിവാക്കാൻ സർക്കാർ വിഭാവനം ചെയ്ത പദ്ധതിയാണു മേൽപാലം. 5 വർഷത്തോളമായി മരവിച്ചുകിടക്കുന്ന പദ്ധതി നടപ്പാക്കാനാണു കേന്ദ്ര, സംസ്ഥാന സർക്കാരുകളുടെ അടിയന്തര ഇടപെടൽ വേണ്ടത്. റെയിൽവേ മേൽപാലത്തിന്റെ അനുമതിക്കും പദ്ധതി നിർവഹണത്തിനും കേന്ദ്രസർക്കാരിനു കീഴിലെ റെയിൽവേ മന്ത്രാലയത്തിന്റെ പച്ചക്കൊടിയാണ് ആവശ്യം.
ഇരുഭാഗത്തെയും അപ്രോച്ച് റോഡുകളും സ്ഥലം ഏറ്റെടുപ്പും പോലുള്ള മറ്റു നടപടികൾ ഏകോപിപ്പിക്കേണ്ടതു സംസ്ഥാന സർക്കാരും.
2020ലെ സംസ്ഥാന ബജറ്റിൽ ലക്കിടി റെയിൽവേ മേൽപാലത്തിനായി 20 കോടി രൂപയുടെ പദ്ധതിയാണു വിഭാവനം ചെയ്തിരുന്നത്. പിഡബ്ല്യുഡി (ബ്രിജസ്) 15 ലക്ഷം രൂപ വിനിയോഗിച്ചു സ്ഥലപരിശോധനയും സാധ്യതാ പഠനവും നടത്തിയതു മാത്രമാണു ബജറ്റിൽ ഉൾപ്പെട്ട
പദ്ധതിയുടെ ഭാഗമായി 5 വർഷത്തിനിടെ പൂർത്തിയായത്.
പിന്നീടു പദ്ധതി സംബന്ധിച്ച പരാമർശങ്ങൾ ബജറ്റുകളിൽ നിന്നു പോലും മാഞ്ഞു. ലക്കിടിയിൽ തുടർച്ചയായി റെയിൽവേ ഗേറ്റ് തകരാറിലാകുന്നതും പതിവു യാത്രാദുരിതങ്ങളും സജീവ ചർച്ചയാകാറുണ്ടെങ്കിലും ബദൽമാർഗം സംബന്ധിച്ച നടപടികളിൽ കാര്യമായ പുരോഗതി കണ്ടില്ല. താരതമ്യേന ഇത്രതന്നെ പ്രാധാന്യമില്ലാത്ത പല റോഡുകളിലെയും ‘വഴിമുടക്കി’കളായ റെയിൽവേ ഗേറ്റുകൾക്കു പകരം മേൽപാലങ്ങൾ പ്രഖ്യാപിക്കപ്പെടുകയും ചിലയിടങ്ങളിലെങ്കിലും നിർവഹണ ഘട്ടത്തിലേക്കു നീങ്ങുകയും ചെയ്തപ്പോഴും ജില്ലാ അതിർത്തിയിലെ സുപ്രധാന പദ്ധതി തീർത്തും അവഗണിക്കപ്പെട്ടു.
അതേസമയം, ലക്കിടിയിൽ റെയിൽവേ മേൽപാലം നിർമിക്കണമെന്ന് ആവശ്യപ്പെട്ടു കെ.രാധാകൃഷ്ണൻ എംപി കേന്ദ്ര റെയിൽവേ മന്ത്രിക്ക് അയച്ച കത്തും അനുഭാവപൂർവം പരിഗണിക്കാമെന്ന മന്ത്രിയുടെ ഉറപ്പും പ്രതീക്ഷയുടെ പച്ചപ്പാണ്.
ഇക്കാര്യത്തിൽ ജനപ്രതിനിധികളുടെയും സംസ്ഥാന സർക്കാരിന്റെയും സമ്മർദവും ഇടപെടലുമാണ് ഇനി വേണ്ടത്. ഒപ്പം ഇരു ഭാഗത്തെയും അപ്രോച്ച് റോഡുകൾക്ക് ആവശ്യമായ പദ്ധതി തയാറാക്കുകയും വേണം.
ഗേറ്റ് തകരാർ പതിവ്
ട്രെയിനുകൾ കടന്നുപോകുമ്പോഴുള്ള റെയിൽവേ ഗേറ്റ് അടവിനു പുറമേ, ഗതാഗതത്തെ ബാധിക്കുന്ന മറ്റൊരു തലവേദനയാണു തുടർച്ചയായി സംഭവിക്കുന്ന ഗേറ്റ് തകരാർ.
കഴിഞ്ഞ ഒരു വർഷത്തിനിടെ ചുരുങ്ങിയത് 6 തവണയെങ്കിലും ലക്കിടി ഗേറ്റ് തകരാറിലായി ഗതാഗതം മണിക്കൂറുകളോളം മുടങ്ങിയിരുന്നു. താനെ തകരാറിലാകുന്നതിനു പുറമേ, അടയ്ക്കും മുൻപ് അപ്പുറം എത്താനുള്ള വ്യഗ്രതയിൽ പായുന്ന വാഹനങ്ങൾ ഇടിച്ചും ഗേറ്റിന്റെ പ്രവർത്തനം നിലയ്ക്കുന്നതു പതിവാണ്. പ്രശ്നങ്ങൾ ആവർത്തിച്ചതോടെ ഗേറ്റ് ഇലക്ട്രിക് സംവിധാനത്തിലേക്കു മാറിയെങ്കിലും സാങ്കേതിക പ്രശ്നങ്ങൾ അപ്പോഴും തുടർന്നു. സ്വിച്ചിട്ടാൽ തുറക്കുകയും അടയ്ക്കുകയും ചെയ്യുന്ന ഇലക്ട്രിക്കലി ഓപ്പറേറ്റഡ് ലിഫ്റ്റിങ് ബാരിയർ സംവിധാനം പരീക്ഷിച്ച ശേഷവും പലതവണ തകരാറിലായി.
റെയിൽവേ ഗേറ്റ് തകരാറിലായാൽ പിന്നെ ഇരുഭാഗത്തുമുള്ളവർക്കു കിലോമീറ്ററുകൾ അധിക യാത്ര ചെയ്യുകയോ യാത്ര തന്നെ ഉപേക്ഷിക്കുകയോ വേണ്ടി വരും. ഇതിനു പുറമേ, ഒരു വർഷം മുൻപ് ഈ ഭാഗത്തു റെയിൽവേ ട്രാക്ക് അറ്റകുറ്റപ്പണിയുടെ പേരിൽ ഗേറ്റ് അടച്ചിട്ടപ്പോൾ 10 ദിവസത്തിലേറെ ഗതാഗതം പൂർണമായി പ്രതിസന്ധിയിലാകുകയും ചെയ്തു. ഗേറ്റ് തകരാറിലായാൽ പാമ്പാടി, തിരുവില്വാമല ഭാഗത്തുള്ളവർക്കു പഴയന്നൂർ, കൊണ്ടാഴി, മായന്നൂർപാലം വഴി വേണം ഒറ്റപ്പാലത്തെത്താൻ.
ഒറ്റപ്പാലത്തുകാർക്കും ലക്കിടിക്കാർക്കും വിളിപ്പാടകലെയുള്ള തിരുവില്വാമലയിലേക്കു പോകാനും ഇതേവഴി കിലോമീറ്ററുകളോളം വളയണം. …
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]