കോന്നി ∙ വിദ്യാർഥിയുടെ ശരീരത്തേക്ക് വൈദ്യുതക്കമ്പി പൊട്ടിവീണ സംഭവത്തിൽ കെഎസ്ഇബി അധികൃതരുടെ വാദം പച്ചക്കള്ളമെന്ന് വീട്ടുകാർ. വീട്ടിലേക്കുപോകുന്ന വഴിയിലെ വൈദ്യുതക്കമ്പി ഭീഷണിയാകുന്നതായി പരാതി ലഭിച്ചിട്ടില്ലെന്നാണ് അധികൃതർ അറിയിച്ചത്.
അതേസമയം, പരാതി നൽകിയതിന്റെ തെളിവുകൾ വീട്ടുകാർ പുറത്തുവിട്ടു.
കഴിഞ്ഞ ഞായറാഴ്ച ഉച്ചയ്ക്ക് 1.30ന് സെക്ഷൻ ഓഫിസിലെ പരാതിപ്പുസ്തകത്തിൽ വിദ്യാർഥിയുടെ അച്ഛൻ സതീഷ് ചന്ദ്രന്റെ പരാതി രേഖപ്പെടുത്തിയിട്ടുണ്ട്. സതീഷിന്റെ ഫോൺ നമ്പറും കൺസ്യൂമർ നമ്പറും ഉൾപ്പെടെ രേഖപ്പെടുത്തിയ തെളിവാണ് വീട്ടുകാർ പുറത്തുവിട്ടത്.
പരാതിപ്പുസ്തകത്തിൽ വ്യക്തമായി ഇതു രേഖപ്പെടുത്തിയിട്ടും പരാതി ലഭിച്ചിട്ടില്ലെന്നു പറയുന്നത് ഉത്തരവാദിത്തത്തിൽ നിന്നുള്ള ഒളിച്ചോട്ടമാണെന്ന് വീട്ടുകാർ പറയുന്നു.
വലിയ ദുരന്തമായേക്കാവുന്ന സംഭവമാണ് ഉദ്യോഗസ്ഥർ നിസ്സാരവൽക്കരിച്ച് വീട്ടുകാരുടെ മേൽ കുറ്റംചാർത്തി രക്ഷപ്പെടാനുള്ള ശ്രമം നടത്തിയതെന്ന് ആരോപണം ഉയർന്നു. ഇതുസംബന്ധിച്ച് അന്വേഷിക്കണമെന്നും കുറ്റക്കാർക്കെതിരെ കർശന നടപടി സ്വീകരിക്കണമെന്നും ആവശ്യപ്പെട്ട് വീട്ടുകാർ ഉന്നത ഉദ്യോഗസ്ഥർക്ക് പരാതി നൽകാനുള്ള തയാറെടുപ്പിലാണ്.
മിനി സിവിൽ സ്റ്റേഷനു സമീപം പുതുവൽ പുരയിടം വീട്ടിൽ സതീഷിന്റെ മകൻ കോന്നി ഗവ.
ഹയർസെക്കൻഡറി സ്കൂളിലെ എട്ടാം ക്ലാസ് വിദ്യാർഥി എസ്.പി.സനീഷിന്റെ പുറത്തേക്കാണ് ചൊവ്വാഴ്ച വൈകിട്ട് വൈദ്യുതക്കമ്പി പൊട്ടിവീണത്. സ്കൂൾവിട്ടു വീട്ടിലേക്കുള്ള വഴിയിലൂടെ നടന്നുപോകുമ്പോൾ എൽടി ലൈനാണ് പൊട്ടിവീണത്. കാറ്റടിച്ചതിനെ തുടർന്ന് ലൈനുകൾ കൂട്ടിമുട്ടി തീപ്പൊരിയുണ്ടാകുകയും ഒരു ലൈൻ പൊട്ടി താഴേക്കു വീഴുകയുമായിരുന്നു. 15 അടിയോളം ഉയരത്തിൽനിന്ന് താഴേക്കു ചാടിയാണ് സനീഷ് രക്ഷപ്പെട്ടത്.
പൊട്ടിയ ലൈനിന്റെ ഒരറ്റം സനീഷിന്റെ പുറത്തേക്കു വീഴുകയും ചെയ്തു. രാത്രി ശാരീരിക അസ്വസ്ഥതയുണ്ടായ സനീഷിനെ കോന്നി താലൂക്ക് ആശുപത്രിയിൽ പ്രവേശിപ്പിച്ച് ചികിത്സ നൽകിയിരുന്നു. … FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]