
ചെറുപുഴ∙ കൃഷിയിടത്തിലെ വെള്ളക്കെട്ടുമൂലം വാഴക്കൃഷി നശിച്ചു. ചെറുപുഴ പഞ്ചായത്തിലെ 3-ാം വാർഡിൽപെട്ട
വയലായിലെ പുള്ളോലിക്കൽ ജോജോയുടെ 400 ലേറെ കുലച്ച ഏത്തവാഴകളാണു കൃഷിയിടത്തിലെ വെള്ളക്കെട്ടുമൂലം നശിച്ചത്. ഓണവിപണി ലക്ഷ്യമിട്ടുനടത്തിയ വാഴക്കൃഷിയാണു നശിച്ചത്.
തമിഴ്നാട്ടിൽ നിന്നാണു വാഴവിത്ത് കൊണ്ടുവന്നത്.വയലായിലെ കൃഷിയിടത്തിൽ 800 വാഴകളും സമീപത്തുള്ള വീട്ടുവളപ്പിൽ 200 വാഴകളും കൃഷി ചെയ്തു. ഇതിൽ വയലായിലെ കൃഷിയിടത്തിൽ നട്ട
800 വാഴകളിൽ 100എണ്ണം കാട്ടുപന്നികൾ നശിപ്പിച്ചു. ശേഷിക്കുന്നവയിൽ 500എണ്ണം വെള്ളക്കെട്ടുമൂലം ഉണങ്ങി നശിച്ചു.
ഇനി 200 വാഴകൾ മാത്രമാണ് അവശേഷിക്കുന്നത്.
മഴ ഇനിയും തുടർന്നാൽ ഓണമാകുമ്പോഴേക്കും എത്ര വാഴക്കുല ലഭിക്കുമെന്നു പറയാനാവില്ലെന്നു ജോജോ പറയുന്നു. ഈ വർഷം ഇടതടവില്ലാതെ മഴ പെയ്തതാണു കൃഷിയിടത്തിൽ വെള്ളക്കെട്ട് ഉണ്ടാകാൻ പ്രധാന കാരണം.
കൃഷിയിടത്തിൽ വെള്ളം കെട്ടി നിന്നതോടെ വാഴകളുടെ അടിഭാഗം അഴുകുകയും ക്രമേണ ഉണങ്ങി നിലം പൊത്തുകയുമാണു ചെയ്യുന്നത്. വയലായിലെ കൃഷിയിടത്തിൽ നട്ട
വാഴകൾ ഏറെയും ഇതിനകം തന്നെ നശിച്ചു കഴിഞ്ഞു.
എന്നാൽ വീട്ടുപറമ്പിൽ നട്ട വാഴകളൊന്നും നശിക്കാത്തതിന്റെ ആശ്വാസത്തിലാണു ജോജോ.
വയലായിലെ കൃഷിയിടത്തിൽ മഴക്കാലത്ത് സ്ഥിരമായി കൃഷിയിറക്കാറുണ്ട്. എന്നാൽ വെള്ളക്കെട്ടുമൂലം കൃഷി നശിക്കുന്നത് ആദ്യമായിട്ടാണെന്നു ജോജോ പറയുന്നു.
കൃഷിയിടത്തിൽ വെള്ളം കെട്ടിക്കിടന്നതാണ് വാഴക്കൃഷി നശിക്കാൻ കാരണമെന്നു സ്ഥലം സന്ദർശിച്ച കൃഷിവകുപ്പ് ഉദ്യോഗസ്ഥർ പറഞ്ഞു. ഒരു ഭാഗത്തു കാട്ടുമൃഗങ്ങൾ കൃഷികൾ നശിപ്പിക്കുമ്പോൾ, കാലാവസ്ഥയിൽ ഉണ്ടാകുന്ന വ്യതിയാനവും കർഷകർക്ക് കനത്ത തിരിച്ചടിയാകുന്നു.
…
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]