
കോഴഞ്ചേരി ∙ സ്വകാര്യ ബസ് ഡ്രൈവർ കെഎസ്ആർടിസി ബസ് ഓടിച്ച സംഭവത്തിൽ കേസെടുത്ത് പൊലീസ്. കോട്ടയത്തിനു സർവീസ് നടത്തുന്ന മല്ലപ്പള്ളി ഡിപ്പോയുടെ കെഎസ്ആർടിസി ബസിന്റെ പിൻഭാഗത്ത് കോട്ടയത്തേക്ക് സർവീസ് നടത്തിയ സ്വകാര്യ ബസ് ഇടിച്ചതാണ് സംഭവത്തിന് തുടക്കം. ഇന്നലെ വൈകിട്ട് 5.30ന് പുല്ലാടിനു സമീപം ചാലുവാതുക്കൽ എത്തിയപ്പോൾ സമയം തെറ്റിച്ച് വന്ന സ്വകാര്യ ബസ് കെഎസ്ആർടിസി ബസിന്റെ പിൻവശത്ത് ഇടിക്കുകയായിരുന്നു.
സംഭവത്തെ തുടർന്ന് കെഎസ്ആർടിസി ബസ് ഡ്രൈവർ പരിശോധന നടത്താൻ വാഹനത്തിന് പുറത്തിറങ്ങി. അപ്പോൾത്തന്നെ സ്വകാര്യ ബസ് ഡ്രൈവർ അദ്ദേഹത്തെ തള്ളിമാറ്റി കെഎസ്ആർടിസി ബസിന്റെ ഉള്ളിൽ കയറി വാഹനം സ്റ്റാർട്ടാക്കി ബസ് മുന്നോട്ട് മാറ്റിയിട്ടു.
ഇയാൾ സ്വകാര്യ ബസ് സ്റ്റാർട്ടാക്കി മുന്നോട്ട് പോകാൻ തുടങ്ങുമ്പോൾ കെഎസ്ആർടിസി ബസിന്റെ കണ്ടക്ടർ സ്വകാര്യ ബസിന്റെ മുൻപിൽ കയറിയിരുന്നു. തുടർന്ന്, പുറത്തിറങ്ങിയ സ്വകാര്യ ബസ് ജീവനക്കാർ കണ്ടക്ടറെയും ഡ്രൈവറെയും അസഭ്യ പറയുകയും ഭീഷണിപ്പെടുത്തുകയും ചെയ്തതായി ആരോപണമുണ്ട്.
വീണ്ടും സ്വകാര്യ ബസിൽ കയറിയ ഡ്രൈവർ ബസ് മുന്നോട്ട് എടുക്കാൻ തുടങ്ങിയപ്പോൾ കെഎസ്ആർടിസി ഡ്രൈവർ ഓടി മാറുകയും തുടർന്ന് സ്വകാര്യ ബസ് മുന്നോട്ട് പാഞ്ഞുപോകുകയുമായിരുന്നു.
മല്ലപ്പള്ളി ഭാഗത്തേക്ക് പോയ ബസിന്റെ വിവരങ്ങൾ കെഎസ്ആർടിസി ജീവനക്കാർ കീഴ്വായ്പൂര് പൊലീസിനെ അറിയിച്ചു. പൊലീസ്, ബസ് തടഞ്ഞുനിർത്തി ജീവനക്കാരെ കസ്റ്റഡിയിൽ എടുത്തു. സംഭവം നടന്നത് കോയിപ്രം പൊലീസ് സ്റ്റേഷൻ പരിധിയിൽ ആയിരുന്നതിനാൽ ജീവനക്കാരെ അവിടേക്ക് മാറ്റി കേസ് എടുക്കുന്നതിനുള്ള നടപടികൾ ആരംഭിച്ചു.
കോഴഞ്ചേരി–മല്ലപ്പള്ളി– കോട്ടയം റൂട്ടിൽ സ്വകാര്യ ബസ് ജീവനക്കാരുടെ നിലവിട്ട
പ്രവർത്തനം മൂലം കെഎസ്ആർടിസി ജീവനക്കാർക്ക് ജോലി ചെയ്യാൻ പറ്റാത്ത അവസ്ഥയാണെന്നും സമയം തെറ്റിച്ച് സർവീസ് നടത്തുകയും ജീവനക്കാരെ കയ്യേറ്റം ചെയ്യാൻ ശ്രമിക്കുന്നത് പതിവാണെന്നും ഇത്തരം വിഷയങ്ങളിൽ അടിയന്തര നടപടി വേണമെന്നാവശ്യപ്പെട്ട് ഇന്നലെ രാവിലെ ജില്ലാ കലക്ടർക്ക് പരാതി നൽകിയിരുന്നതായി കെഎസ്ആർടിസിഎ (സിഐടിയു) മല്ലപ്പള്ളി യൂണിറ്റ് പ്രസിഡന്റ് എം.സി.സുനിൽ പറഞ്ഞു. ഇന്നലെ നടന്ന സംഭവത്തിന്റെ ദൃശ്യങ്ങൾ അടങ്ങിയ വിവരങ്ങൾ എംഡിക്ക് കൈമാറിയെന്നും അദ്ദേഹം പറഞ്ഞു.
…
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]