
കൊല്ലം ∙ അഞ്ചുകല്ലുംമൂട്ടിൽ പ്രവർത്തിച്ചിരുന്ന ക്വയിലോൺ ബിൽഡിങ് കോഓപ്പറേറ്റീവ് സൊസൈറ്റിയിൽ കോടിക്കണക്കിന് രൂപയുടെ തട്ടിപ്പ് നടത്തിയ കേസിലെ മുഖ്യപ്രതിയായ ഓഫിസ് സെക്രട്ടറി അറസ്റ്റിൽ. കുന്നത്തൂർ സ്വദേശിയായ ശ്രീമംഗലം വീട്ടിൽ ജി.ഗംഗയെ (54) കൊല്ലം വെസ്റ്റ് പൊലീസാണ് ബന്ധുവീട്ടിൽ നിന്ന് ഇന്നലെ അറസ്റ്റ് ചെയ്തത്.
ഗംഗയുടെ ജാമ്യാപേക്ഷ ഹൈക്കോടതി കഴിഞ്ഞ ആഴ്ച തള്ളിയിരുന്നു. ജില്ലയുടെ വിവിധ ഭാഗങ്ങളിലായി ഒട്ടേറെ ആൾക്കാരുടെ കയ്യിൽ നിന്നു സൊസൈറ്റിയുടെ പേര് പറഞ്ഞും സൊസൈറ്റിയിൽ ജോലി തരപ്പെടുത്തി കൊടുക്കാമെന്നു പറഞ്ഞും ലക്ഷക്കണക്കിന് രൂപ വാങ്ങി തട്ടിപ്പ് നടത്തിയെന്നാണ് പരാതി. പത്തോളം പരാതികൾ ഇവർക്കെതിരെ കൊല്ലം വെസ്റ്റ് പൊലീസ് സ്റ്റേഷനിൽ റജിസ്റ്റർ ചെയ്തിട്ടുണ്ട്.
സൊസൈറ്റിയുടെ പേരിൽ സ്ഥിരനിക്ഷേപ സർട്ടിഫിക്കറ്റുകൾ നൽകുകയും തുടർന്ന് കാലാവധി കഴിഞ്ഞിട്ടും തുക തിരികെ നൽകാത്ത സാഹചര്യത്തിൽ സെക്രട്ടറിയെ ബന്ധപ്പെടാൻ കഴിയാതെ വന്നതോടെയാണ് നിക്ഷേപകർ പരാതിയുമായി രംഗത്തെത്തിയത്.
നിക്ഷേപകരിൽ ഒരു ലക്ഷം മുതൽ 45 ലക്ഷം വരെ നഷ്ടപ്പെട്ടവരുണ്ട്. 3 കോടിയോളം രൂപ ഇതുവരെ ആകെ നഷ്ടപ്പെട്ടതായാണ് കണക്കാക്കുന്നത്. നിക്ഷേപകരുടെ പണം സൊസൈറ്റിയുടെ ബാധ്യതകൾ തീർക്കാനും മറ്റുമായി ഉപയോഗിച്ചുവെന്നാണ് ജി.ഗംഗ പറയുന്നത്.
പ്രതിയെ കസ്റ്റഡിയിൽ വാങ്ങി വിശദമായി ചോദ്യം ചെയ്താൽ മാത്രമേ സംഭവത്തിൽ വ്യക്തത വരൂ എന്ന് പൊലീസ് പറഞ്ഞു. ഗംഗയുടെ ഭർത്താവിനെ പൊലീസ് ചോദ്യം ചെയ്തെങ്കിലും കാര്യമായ തെളിവുകൾ ലഭിക്കാത്തതിനാൽ വിട്ടയച്ചിരുന്നു.
അതേ സമയം സൊസൈറ്റിയിൽ വിവിധ രീതികളിൽ പണം നിക്ഷേപിച്ച നിക്ഷേപകർ വലിയ ആശങ്കയിലാണ്.
എന്നാൽ കേസിൽ തന്നെ കുടുക്കിയതാണെന്നും സൊസൈറ്റിയിൽ ഇതുവരെ നടന്ന ക്രമക്കേടുകളെ കുറിച്ച് ഊർജിതമായ അന്വേഷണം നടത്തണമെന്നും ആവശ്യപ്പെട്ട് ജി.ഗംഗ മുഖ്യമന്ത്രിക്കു പരാതി നൽകിയിട്ടുണ്ട്. സൊസൈറ്റിയുടെ പ്രസിഡന്റിന്റെയും ഭരണസമിതിയുടെയും നിർദേശപ്രകാരമാണ് നിക്ഷേപകരെ തെറ്റിദ്ധരിപ്പിച്ചു കൊണ്ട് പണം വാങ്ങിയത്.
സൊസൈറ്റിയുടെ ബാധ്യത തീർക്കാൻ വേണ്ടിയാണ് പലരുടെയും കയ്യിൽ നിന്ന് പണം സ്വീകരിച്ചത്. വ്യക്തിപരമായി ഒരു രൂപ പോലും എടുത്തിട്ടില്ല.
ഭരണസമിതിയും പ്രസിഡന്റും എല്ലാ കുറ്റങ്ങളും തന്റെ പേരിലാക്കി മാറ്റുകയാണെന്നും സംഭവത്തിൽ വിശദമായ അന്വേഷണം വേണമെന്നും ജി.ഗംഗ നൽകിയ പരാതിയിൽ പറയുന്നു. …
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]