
സ്വന്തം ലേഖകൻ
ടാറ്റയുടെ ഉടമസ്ഥതയിലുള്ള എയർ ഇന്ത്യ സമ്പൂർണമായി റീബ്രാൻഡ് ചെയ്തു. നിറവും ലോഗോയും യൂനിഫോമും ഉൾപ്പടെ മാറുന്ന തരത്തിലാണ് പുതിയ പരിഷ്കാരങ്ങൾ വരുത്തിയിരിക്കുന്നത്. നവീകരണ പദ്ധതികളുടെ ഭാഗമായി എയർ ഇന്ത്യ പുതിയ ലോഗോ പുറത്തിറക്കി. എയർക്രാഫ് ഉദ്യോഗസ്ഥർക്ക് പുതിയ യൂണിഫോമും കൊണ്ടുവന്നിട്ടുണ്ട്.ദ വിസ്ത എന്ന് പേരിട്ട ലോഗോ അനന്ത സാധ്യതകളെയാണ് സൂചിപ്പിക്കുന്നതെന്ന് ടാറ്റാ സൺസ് ചെയർമാൻ എൻ ചന്ദ്രശേഖരൻ പറഞ്ഞു.
വിമാനങ്ങളിലെ നിറങ്ങളിലും മാറ്റം വരുത്തിയിട്ടുണ്ട്. ഡിസംബർ മുതലാവും പുതിയ ലുക്കിൽ വിമാനങ്ങൾ സർവീസ് തുടങ്ങുക. എയർ ഇന്ത്യയുടെ എ350 വിമാനങ്ങളിലാണ് പുതിയ ലോഗോ ആദ്യം അവതരിപ്പിക്കുക. ചുവപ്പ്, സ്വർണം, പർപ്പിൾ എന്നിങ്ങനെയുള്ള നിറങ്ങൾ ഉൾക്കൊള്ളിച്ചാണ് എയർ ഇന്ത്യ പുതിയ ലോഗോ ഡിസൈൻ ചെയ്തിരിക്കുന്നത്. സ്വർണ നിറത്തിലുള്ള ഫ്രെയിമിനകത്താണ് എയർ ഇന്ത്യ എന്ന് ചുവന്ന, ബോൾഡ് അക്ഷരങ്ങളിൽ എഴുതിയിരിക്കുന്നത്.
പുതിയ ഡിസൈനിൽ എയർ ഇന്ത്യയുടെ ഐതിഹാസിക ചിഹ്നമായ മഹാരാജയെ ഒഴിവാക്കിയിട്ടില്ലെന്നും കമ്പനി അറിയിച്ചു. പുതിയ ഡിസൈനിൽ മഹാരാജയെയും ചില മാറ്റങ്ങളോടെയാണ് ഉൾപ്പെടുത്തിയിരിക്കുന്നത്. ‘ലോകമെമ്പാടുമുള്ള യാത്രക്കാർക്ക് മികച്ച സേവനം നൽകുന്ന ഒരു ലോകോത്തര വിമാനക്കമ്പനിയായി എയർ ഇന്ത്യയെ മാറ്റാനുള്ള ശ്രമങ്ങളുടെ ഭാഗമായാണ് ഞങ്ങൾ പുതിയ ലോഗോ അവതരിപ്പിച്ചിരിക്കുന്നത്. ആഗോള തലത്തിൽ അഭിമാനത്തോടെ പുതിയ ഇന്ത്യയെ പ്രതിനിധീകരിക്കുക കൂടിയാണ് ഞങ്ങളുടെ ലക്ഷ്യം’-എയർ ഇന്ത്യ സി.ഇ.ഒ കാംബെൽ വിൽസൺ പറഞ്ഞു.
അടുത്ത 9 മുതൽ 12 വരെ മാസത്തിൽ ഏറ്റവും മികച്ച സാങ്കേതിക വിദ്യ ഉപയോഗപ്പെടുത്താനാണ് എയർ ഇന്ത്യ ലക്ഷ്യമിടുന്നതെന്നും ഇന്ത്യയിലും വിദേശത്തും മികച്ച സേവനങ്ങൾ നൽകുമെന്നും കമ്പനിയുടെ ചെയർമാൻ എൻ. ചന്ദ്രശേഖരൻ പറഞ്ഞു. ഇന്ത്യയുടെ മുൻനിര എയർലൈൻ എന്ന നിലയിൽ കമ്പനിയിലാകെ മാറ്റം കൊണ്ടുവരുന്നതിന്റെ ഭാഗമായാണ് പുതിയ ലോഗോയും യൂനിഫോമും അവതരിപ്പിച്ചത്.
ജൂണിൽ, 70 ബില്യൺ ഡോളർ ചെലവഴിച്ച്, 470 പുതിയ വിമാനങ്ങൾ വാങ്ങുന്നതിനുള്ള കരാറിൽ എയർബസുമായും ബോയിംഗുമായും എയർ ഇന്ത്യ ഒപ്പുവെച്ചിരുന്നു. നവംബറിൽ ഈ വിമാനങ്ങളുടെ ഡെലിവറി ആരംഭിക്കും. കമ്പനിയിൽ അടിമുടി മാറ്റങ്ങൾ വരുത്തുന്നതിന്റെ ഭാഗമായി 43 വൈഡ് ബോഡി വിമാനങ്ങളുടെ ഇന്റീരിയർ പൂർണ്ണമായും നവീകരിക്കാനുള്ള പദ്ധതിയും എയർ ഇന്ത്യ ആവിഷ്കരിച്ചിട്ടുണ്ട്. 400 മില്യൺ ഡോളറാണ് ഇതിനായി ചെലവാകുക.
The post പുത്തൻ രൂപഭാവങ്ങളിൽ എയർ ഇന്ത്യ; പുതിയ ലോഗോ പുറത്തിറക്കി appeared first on Third Eye News Live.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]