
സ്വന്തം ലേഖകൻ
കോട്ടയം: പുതുപ്പള്ളി ഉപതിരഞ്ഞെടുപ്പില്‍ ജെയ്ക് സി. തോമസ് തന്നെ എല്‍ഡിഎഫ് സ്ഥാനാര്‍ഥി. ഔദ്യോഗിക പ്രഖ്യാപനം നാളെ. പുതുമുഖം വരുന്നത് ഗുണം ചെയ്യില്ലെന്ന അഭിപ്രായമാണ് സി.പി.എമ്മില്‍ ഉയര്‍ന്നത്. മണ്ഡലത്തില്‍ സുപരിചിതനാണെന്നതും കഴിഞ്ഞ തവണ ഉമ്മന്‍ചാണ്ടിക്കെതിരെ ശക്തമായ മല്‍സരം കാഴ്ചവയ്ക്കാനായതും ജെയ്കിന് അനുകൂലമാകും.
മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടിയുടെ നിര്യാണത്തോടെ ഒഴിവുവന്ന പുതുപ്പള്ളി മണ്ഡലത്തിലാണ് ഉപതിരഞ്ഞെടുപ്പ് നടക്കുന്നത്. സംസ്ഥാന സമിതി അംഗങ്ങൾക്കും പ്രത്യേക ഉത്തരവാദിത്തങ്ങൾ നൽകി പുതുപ്പള്ളിയിൽ പ്രവർത്തിക്കാൻ നിർദേശം നൽകിയിട്ടുണ്ട്. ഇതിനിടെയാണ് ജെയ്ക് സി. തോമസ് തന്നെ പുതുപ്പള്ളിയിൽ എൽഡിഎഫ് സ്ഥാനാർത്ഥിയാകുന്നത്.
എസ്.എഫ്.ഐ. പ്രസ്ഥാനത്തിലൂടെ ഉയർന്നുവന്ന ജെയ്ക് സംസ്ഥാന അദ്ധ്യക്ഷനായി 2016 തിരഞ്ഞെടുക്കപ്പെട്ടു. തുടർന്ന് 2016 മേയിൽ നടന്ന നിയമസഭാ തിരഞ്ഞെടുപ്പിൽ സിപിഐ.(എം.) ന്റെ സ്ഥാനാർത്ഥിയായി പുതുപ്പള്ളി നിയോജക മണ്ഡലത്തിൽ നിന്ന് അന്നത്തെ മുഖ്യമന്ത്രിയായിരുന്ന ഉമ്മൻ ചാണ്ടിക്കെതിരെ മത്സരിച്ച് പരാജയപ്പെട്ടു. 2016 തിരഞ്ഞെടുപ്പിൽ മത്സരിച്ചവരിൽ ഏറ്റവും പ്രായം കുറഞ്ഞയാളായിരുന്നു ജെയ്ക്. 2021 ലെ തിരഞ്ഞടുപ്പിൽ ഉമ്മൻ ചാണ്ടിയെ വിറപ്പിച്ച പ്രകടനമായിരുന്നു.
കോട്ടയം സി.എം.എസ്. കോളേജിൽ ബി.എ. കമ്മ്യൂണിക്കേറ്റിവ് ബിരുദപഠനത്തിന്റെ സിലബസ് മാറ്റിയതുമായി ബന്ധപ്പെട്ട് സമരം സംഘടിപ്പിച്ചിരുന്നു. ഇതിന്റെ പേരിൽ അദ്ദേഹത്തെ കലാലയത്തിൽ നിന്നും പിരിച്ചുവിടുകയും പിന്നീട് മദ്ധ്യസ്ഥശ്രമങ്ങൾക്കു ശേഷം പരീക്ഷ എഴുതാനാകുകയും ചെയ്തു. സി.എം.എസ്. കോളേജിലെ ഉപകരണങ്ങൾ നശിപ്പിച്ചുവെന്ന പേരിൽ കോളേജ് അധികൃതർ ജെയ്കിനും മറ്റു നേതാക്കൾക്കുമെതിരെ കേസ് രജിസ്റ്റർ ചെയ്തിരുന്നു. തന്നെ പുറത്താക്കിയ മാനേജ്മെന്റിന്റെ നടപടിക്കെതിരെ ‘ക്രൂരരായ ഭരണാധിപന്മാരെ, പൂക്കളെ നിങ്ങൾക്ക് നുള്ളിയെറിയാം. പക്ഷെ വസന്തത്തിന്റെ വരവിനെ തടയാനാവില്ല’ എന്ന നെരൂദയുടെ വാക്കുകൾ കൊണ്ടാണ് ജെയ്ക്ക് സി തോമസ് ഊർജം പകർന്നത്.
എസ്എഫ്ഐ ജില്ലാ പ്രസിഡന്റായിരുന്ന ഇദ്ദേഹം നിയമസഭാ സ്ഥാനാർത്ഥിയാവുന്നതിനും ഒരു മാസം മുമ്പാണ് സംസ്ഥാന പ്രസിഡന്റായി തിരഞ്ഞെടുക്കപ്പെട്ടത്. എസ്.എഫ്.ഐ കോട്ടയം ജില്ല പ്രസിഡന്റ്, സംസ്ഥാന വൈസ് പ്രസിഡന്റ് എന്നീ നിലകളിൽ പ്രവർത്തിച്ചിട്ടുണ്ട്. നിലവിൽ ഡിവൈഎഫ്ഐ സംസ്ഥാന സെക്രട്ടേറിയറ്റ് അംഗം, കേന്ദ്ര കമ്മിറ്റി അംഗം, സിപിഎം കോട്ടയം ജില്ലാ കമ്മിറ്റി അംഗം എന്നീ സ്ഥാനങ്ങൾ വഹിക്കുന്നു. ഇന്റർനാഷനൽ റിലേഷൻസ് ആൻഡ് പൊളിറ്റിക്സിൽ അണ്ണാമലൈ സർവകലാശാലയിൽ നിന്ന് ബിരുദാനന്തര ബിരുദവും കമ്യൂണിക്കേറ്റീവ് ഇംഗ്ലിഷിൽ ബിരുദവും നേടി.
മണർകാട് ചിറയിൽ പരേതനായ എം ടി. തോമസിന്റെയും അന്നമ്മ തോമസിന്റെയും മകനാണ് ജെയ്ക്ക്. മണർക്കാട് യാക്കോബായ പള്ളിയിലെ അംഗമായ ജേയ്ക്, മണർകാട് വി. മേരിയുടെ പേരിലുള്ള കത്തീഡ്രൽ പള്ളിയിലേയും അംഗമാണ്. സഹോദരൻ സി.ടി. തോമസ് വ്യാപാരിയാണ്.
ഉമ്മൻ ചാണ്ടിയുടെ മരണത്തെ തുടർന്ന് മണ്ഡലത്തിലുണ്ടാകുന്ന സഹതാപ തരംഗത്തെ ഉൾപ്പടെ മറികടക്കാൻ ജെയ്ക്കിന്റെ സ്ഥാനാർത്ഥിത്വത്തിന് കഴിയുമെന്ന കണക്കകൂട്ടലിലാണ് സിപിഎം. തിരഞ്ഞെടുപ്പ് മുന്നൊരുക്കങ്ങളുടെ ഭാഗമായി സിപിഎം സംസ്ഥാന സെക്രട്ടറി അടുത്തയാഴ്ച പുതുപ്പള്ളിയിലെത്തുമെന്നാണ് റിപ്പോർട്ടുകൾ.
The post പുതുപ്പള്ളിയിൽ ജെയ്ക് തന്നെ; പരാജയത്തിന്റെ കയ്പ്പ് നീരുമായി വീണ്ടും മൂന്നാം അങ്കത്തിന്; ജെയ്ക്-ചാണ്ടി ഉമ്മൻ പോരാട്ടത്തിനായി പുതുപ്പള്ളിയിൽ കളമൊരുങ്ങി; ബിജെപി സ്ഥാനാർത്ഥിയാരെന്ന ചോദ്യവുമായി വോട്ടർമാർ; ഉമ്മൻ ചാണ്ടിയുടെ സഹതാപതരംഗത്തെ മറികടക്കാൻ ജയ്ക്കിന് സാധിക്കുമോ? appeared first on Third Eye News Live.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]