തൊടുപുഴ ∙ നീണ്ട വർഷത്തെ കാത്തിരിപ്പിനൊടുവിൽ തൊടുപുഴ ഫയർ സ്റ്റേഷന് സ്വന്തം കെട്ടിട
സമുച്ചയം ഉയരും. മുണ്ടേകല്ലിൽ കഴിഞ്ഞ യുഡിഎഫ് സർക്കാരിന്റെ കാലത്ത് അനുവദിച്ച 22 സെന്റ് സ്ഥലത്ത് ഫയർ സ്റ്റേഷൻ കെട്ടിടം പണിയുന്നതിന് 4 കോടി രൂപയാണ് സംസ്ഥാന സർക്കാർ അനുവദിച്ചിരിക്കുന്നത്. നവകേരള സദസ്സിൽ ഓരോ നിയോജക മണ്ഡലത്തിലും ഏതെങ്കിലും ഒരു പ്രധാന പ്രവൃത്തിക്കായി സ്ഥലം എംഎൽഎ മാർ നൽകുന്ന ശുപാർശയുടെ അടിസ്ഥാനത്തിലാണ് ഫയർ സ്റ്റേഷൻ കെട്ടിടം നിർമിക്കുന്നത്.
പി.ജെ.ജോസഫ് എംഎൽഎ നൽകിയ നിർദേശത്തിന്റെ അടിസ്ഥാനത്തിലാണ് തൊടുപുഴയിൽ ഫയർ സ്റ്റേഷൻ സമുച്ചയം പണിയുന്നതിന് സർക്കാർ ഫണ്ട് അനുവദിച്ചത്.സ്വന്തമായി ഇരിപ്പിടം ഇല്ലാത്ത തൊടുപുഴ ഫയർ സ്റ്റേഷൻ വർഷങ്ങളായി പല സ്ഥലങ്ങളിലായി പ്രവർത്തിച്ചു വരികയാണ്.
ആദ്യം മൂവാറ്റുപുഴ റോഡിലുള്ള സ്വകാര്യ കെട്ടിടത്തിൽ വർഷങ്ങളോളം പ്രവർത്തിച്ച ഫയർ സ്റ്റേഷൻ പിന്നീട് മുണ്ടേകല്ലിലെ എംവിഐപി കെട്ടിടത്തിലേക്ക് മാറ്റി. പിന്നീട് ഇവിടെ തൊടുപുഴ സിവിൽ സ്റ്റേഷൻ അനക്സ് നിർമിക്കുന്നതിന് തീരുമാനിക്കുകയും ഇതിന്റെ പ്രാഥമിക പണികൾ ആരംഭിക്കുകയും ചെയ്തതോടെ ഇവിടെ നിന്ന് വെങ്ങല്ലൂരിലേക്ക് മാറ്റി.
ഇപ്പോൾ വെങ്ങല്ലൂരിലുള്ള നഗരസഭാ കെട്ടിടത്തിലാണ് ഫയർ സ്റ്റേഷൻ ഇപ്പോൾ പ്രവർത്തിക്കുന്നത്. 39 ജീവനക്കാരും 2 വലിയ ഫയർ എൻജിനുകളും ആംബുലൻസും ചെറിയ ഫയർ എൻജിനും സ്കൂബ വാഹനം ഉൾപ്പെടെയുള്ള വാഹനങ്ങൾ പാർക്ക് ചെയ്യാനും ജീവനക്കാർക്ക് വിശ്രമിക്കാനും സൗകര്യം ഇല്ലാത്ത സ്ഥിതിയാണ്.
പുതിയ കെട്ടിട സമുച്ചയം യാഥാർഥ്യമായാൽ വാഹനങ്ങൾ പാർക്ക് ചെയ്യുന്നതിനുള്ള കൂടുതൽ സൗകര്യമുണ്ടാകും.
കൂടാതെ ജീവനക്കാർക്ക് ഡ്യൂട്ടി കഴിഞ്ഞ് വിശ്രമിക്കാനും മറ്റു പ്രാഥമിക കാര്യങ്ങൾക്കും സൗകര്യമുണ്ടാകും. വൈകാതെ ടെൻഡർ നടപടികൾ പൂർത്തിയാക്കി കെട്ടിട
സമുച്ചയം നിർമിക്കുമെന്ന പ്രതീക്ഷയിലാണ് നഗരവാസികളും നാട്ടുകാരും ഫയർ ഓഫിസ് ജീവനക്കാരും. പുതിയ കെട്ടിട സമുച്ചയം പൂർത്തിയാകുന്നതോടെ ആധുനിക ഉപകരണങ്ങളും തൊടുപുഴ സ്റ്റേഷനിൽ അനുവദിക്കും.
നിലവിൽ ജില്ലയിൽ സ്കൂബ ടീം ഉള്ളത് തൊടുപുഴയിലാണ്. മലങ്കര ഡാമിലും മറ്റും ജീവനക്കാർക്ക് സ്കൂബ പരിശീലനം നൽകുന്നതിനുള്ള കൂടുതൽ ഉപകരണങ്ങളും സംവിധാനങ്ങളും തൊടുപുഴയിൽ ഉണ്ടാകും.
…
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]