
തൊടുപുഴ ∙ സർക്കാർ സ്പോൺസേഡ് ദുരിതമാണ് ചിന്നക്കനാലിലെ 301 കോളനിയിലേതെന്നാണ് നിവാസികൾ ഒന്നടങ്കം പറഞ്ഞു വയ്ക്കുന്നത്. ക്ഷണിച്ചു കൊണ്ടുവന്നു തുറന്ന ജയിലിൽ അടച്ച പോലെ ജീവിക്കുകയാണ് ഇവിടത്തെ ആദിവാസികൾ.
ഭൂപ്രകൃതിയാണ് ഇവരെ ഇവിടെ ജീവിക്കാൻ പ്രേരിപ്പിക്കുന്നതും മറ്റൊരു സ്ഥലം തേടാൻ തോന്നിപ്പിക്കുന്നതും. ആനയിറങ്കൽ ഡാമിന്റെ വൃഷ്ടിപ്രദേശത്താണ് ചിന്നക്കനാൽ പഞ്ചായത്തിലെ 301 കോളനി മേഖല ഉൾപ്പെട്ടിരിക്കുന്നത്.
ടൂറിസം സാധ്യതകൾ ഏറെയാണിവിടെ…
പൊന്ന് വിളയും മണ്ണ് തേടിയവർ
വിവിധ പദ്ധതികൾക്കായി കുടിയൊഴിപ്പിക്കപ്പെട്ടവരും സ്വന്തമായി ഭൂമിയില്ലാത്തവരുമായ ആദിവാസികളെ പുനരധിവസിപ്പിക്കാൻ ചിന്നക്കനാൽ മേഖലയിൽ 1490 ഏക്കർ ഭൂമി പതിച്ചു നൽകാനായിരുന്നു 2002ൽ സർക്കാരിന്റെ തീരുമാനം. എന്നാൽ 810 ഏക്കർ ഭൂമി മാത്രമാണു റവന്യു വകുപ്പിന് അന്നു കണ്ടെത്താൻ കഴിഞ്ഞത്.
ഇതിൽ 668 ഏക്കർ 566 കുടുംബങ്ങൾക്കായി വിതരണം ചെയ്തു.
301 കുടുംബങ്ങൾക്കു ചിന്നക്കനാൽ വില്ലേജിൽ സർവേ നമ്പർ 178ൽ ഒരേക്കർ വീതം ഭൂമി പതിച്ചു നൽകാൻ തീരുമാനമായി. ഇതാണ് ഇന്ന് 301 കോളനി എന്ന് അറിയപ്പെടുന്നത്.
കൂടാതെ എൺപതേക്കർ കോളനിയിൽ 68, പന്തടിക്കളത്ത് 62 പട്ടികവർഗ കുടുംബങ്ങളെ കുടിയിരുത്തി. ഇതോടെ 431 കുടുംബങ്ങൾ ചിന്നക്കനാലിൽ താമസം ആരംഭിച്ചു.
നിലവിലെ സ്ഥിതി
അരിക്കൊമ്പനാണ് ചിന്നക്കനാലിനെ കേരളത്തിന്റെ ശ്രദ്ധയിലേക്ക് എത്തിച്ചത്.
അരിക്കൊമ്പനെ പേടിച്ചു ജീവിച്ച ചിന്നക്കനാലിലെ ജനതയുടെ ജീവിതം, കാട്ടാനയെ നാടുകടത്തിയിട്ടും മാറിയിട്ടില്ല. ഇതിൽ ഏറ്റവും കഷ്ടത അനുഭവിക്കുന്നത് 301 കോളനിയിലുള്ളവരാണ്.
വീടുകളിലേക്ക് വാഹനമെത്താനുള്ള വഴിയില്ലാത്തതിനാൽ സകല സൗകര്യവും ഇവർക്കു നിഷേധിക്കപ്പെടുകയാണ്.
സിംഗുകണ്ടത്ത് നിന്നുള്ള പ്രധാന പാതയിൽ നിന്ന് 2 കിലോമീറ്ററോളം ദൂരമുണ്ട് 301 കോളനിയിലെ വിവിധ വീടുകളിലേക്ക്. 282 കുടുംബങ്ങൾക്കാണ് 301 കോളനിയിൽ പട്ടയം കിട്ടിയത്.
ഇതിൽ 117 വീടുകളാണ് ഇവിടെ പണിതിരിക്കുന്നത്. 45 കുടുംബങ്ങളിലായി 114 പുരുഷന്മാരും 76 സ്ത്രീകളുമാണ് സ്ഥിരതാമസക്കാർ.
മിക്ക വീടുകളും കാട്ടാന തകർത്തു. ചില വീടുകൾ ഒന്നിൽ കൂടുതൽ തവണ തകർത്തു.
വീടുവിട്ട് മക്കൾ
301 കോളനിയിലെ ഭൂരിഭാഗം പേരുടെയും മക്കളിൽ പ്രായപൂർത്തിയായവർ അവിടെ നിന്ന് മറ്റിടങ്ങളിലേക്ക് കുടിയിറങ്ങി.
സൗകര്യങ്ങളില്ലാത്തതും അടിയന്തര സാഹചര്യത്തിൽ ആശുപത്രിയിൽ എത്തിക്കാൻ കഴിയാത്തതുമാണ് ഇവരുടെ നാടുമാറ്റത്തിന്റെ കാരണമെന്ന് ഊരുകൂട്ടം സെക്രട്ടറി സാമുവൽ ഐസക് (ദാസ്) എന്ന അൻപത്തഞ്ചുകാരൻ പറയുന്നു.‘ഒരേക്കർ സ്ഥലം കിട്ടിയപ്പോൾ കൃഷിയോടുള്ള ആഗ്രഹം കൊണ്ട് കഞ്ഞിക്കുഴിയിൽ നിന്ന് 301 കോളനിയിലേക്ക് എത്തിയത്. ഇന്ന് ഞാൻ മാത്രമാണ് വീട്ടിൽ താമസിക്കുന്നത്.
പ്രായപൂർത്തിയായ മക്കളുള്ള 301 കോളനിയിലെ മാതാപിതാക്കളുടെയെല്ലാം ജീവിതം ഇതു തന്നെയാണ്’ – സാമുവൽ പറയുന്നു.
ദുരിതത്തിന് ആക്കം കൂട്ടി വനംവകുപ്പ്
ചിന്നക്കനാലിൽ ഓരോ കുടുംബത്തിനും ഒരേക്കർ വീതം കൃഷിഭൂമി ലഭിച്ചപ്പോൾ അവയിൽ കൂടുതലും പൈൻമരം പ്ലാന്റേഷനായിരുന്നു. അവ മുറിച്ചുമാറ്റി കൃഷി വ്യാപിപ്പിക്കാൻ സർക്കാർ ഉത്തരവ് നൽകി.
എന്നാൽ പൈൻ മരങ്ങൾ നീക്കം ചെയ്യുന്നതിന് സർക്കാരിന്റെ അനുമതിയെ മറികടന്നും വനംവകുപ്പ് എതിരു നിൽക്കുകയാണെന്ന് നാട്ടുകാർ പറയുന്നു. കൃഷി വ്യാപിപ്പിക്കാൻ കഴിയാതെ വന്നതോടെ പലരുടെയും ജീവിതം പ്രതിസന്ധിയിലായി.
വന്യജീവി സംരക്ഷണത്തിന്റെ മറവിൽ വനംവകുപ്പിൽ നിന്ന് കടുത്ത നിയന്ത്രണങ്ങളാണ് റവന്യു ഭൂമിയിൽ ജീവിക്കുന്ന 301 കോളനി നിവാസികൾ അനുഭവിക്കുന്നത്. ഹിന്ദുസ്ഥാൻ ന്യൂസ്പ്രിന്റിന്റെ ഭൂമിയിലെ പുൽമേടിന് കഴിഞ്ഞ മാസം വനംവകുപ്പ് തീയിട്ടു.
പുതുതായി നാമ്പിടുന്ന പുല്ല് തിന്നാൻ ഇനിമുതൽ കാട്ടാനകൾ വ്യാപകമായി എത്തുമെന്നാണ് നിവാസികളുടെ ഭീതി. …
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]