
അമ്പലപ്പുഴ ക്ഷേത്രം അമ്പലപ്പുഴ∙ വാസുദേവ മന്ത്രങ്ങൾ നിറഞ്ഞ ഭക്തി സാന്ദ്രമായ അന്തരീക്ഷത്തിൽ ശ്രീകൃഷ്ണസ്വാമി ക്ഷേത്രത്തിൽ നടന്ന ഇല്ലംനിറ ചടങ്ങുകൾ ഭക്തരുടെ മനസ്സിനും മിഴികൾക്കും വേറിട്ട അനുഭവമായി.
കാർഷിക സമൃദ്ധിയുടെ ആദ്യ ഫലം ദേവനു സമർപ്പിക്കുന്ന ചടങ്ങിൽ പങ്കെടുക്കാൻ നാടിന്റെ നാനാ ഭാഗത്തു നിന്ന് ഒട്ടേറെപ്പേർ എത്തി. എട്ടുജാതി വൃക്ഷങ്ങളുടെ ഇലകളും ദശപുഷ്പവും നെൽക്കതിരും കൂട്ടി ചേർത്തുകെട്ടി തലേദിവസം കിഴക്കേ കുളപ്പുരയിൽ പട്ടുകൊണ്ടു മൂടി സൂക്ഷിച്ചിരുന്നു.
മേൽശാന്തിമാരായ എസ്.യദു കൃഷ്ണൻ നമ്പൂതിരി, ബാബു നമ്പൂതിരി, കീഴ്ശാന്തിക്കാർ എന്നിവർ ചേർന്നു കതിർക്കറ്റകൾ എടുത്തു വാദ്യമേളങ്ങളുടെ അകമ്പടിയോടെ നാലമ്പലത്തിനു പ്രദക്ഷിണം വച്ചു.
നാലമ്പലത്തിനുള്ളിൽ കടന്നു ശ്രീകോവിലിനു മുന്നിലെ മണ്ഡപത്തിൽ തന്ത്രി പുതുമന വാസുദേവൻ നമ്പൂതിരി വിഷ്ണുവിനെയും മഹാലക്ഷ്മിയെയും പൂജിച്ചു. കതിരുകൾ ശ്രീകോവിലിനുള്ളിൽ കൊണ്ടു പോയി ദേവന്റെ പാദത്തിൽ സമർപ്പിച്ചു.
ശ്രീകോവിലിൽ കെട്ടിത്തൂക്കിയ ശേഷം ഉപദേവാലയങ്ങളിലും തൂക്കി. തുടർന്നു ഭക്തർക്കു വിതരണം ചെയ്തു.
കോയ്മസ്ഥാനി ശ്രീകുമാർ വലിയമഠം, ദേവസ്വം അഡ്മിനിസ്ട്രേറ്റീവ് ഓഫിസർ എൻ.അജിത് കുമാർ എന്നിവരും ചടങ്ങുകൾക്കു മുഖ്യകാർമികത്വം വഹിച്ചു. ക്ഷേത്രത്തിലെ പുത്തരി കന്നി മാസത്തിലാണ്.
ഹരിപ്പാട് സുബ്രഹ്മണ്യ ക്ഷേത്രം
ഹരിപ്പാട് ∙ ഹരിപ്പാട് സുബ്രഹ്മണ്യ ക്ഷേത്രത്തിൽ നിറപുത്തരി ആഘോഷിച്ചു.
രാവിലെ നെൽക്കതിരുകൾ നെല്ലിയില, മുളയില, കരിലാഞ്ചിയില, വെള്ളിപ്പാലയില എന്നിവ കൂട്ടിക്കെട്ടി ക്ഷേത്രത്തിനു കിഴക്കുള്ള നിറകതിർ ആൽത്തറയിൽ എത്തിച്ചു. ശ്രീബലി എഴുന്നള്ളിപ്പിനു ശേഷം കൈസ്ഥാനികളായ മൂസത് നെൽക്കതിരുകൾ ആൽത്തറയിൽ നിന്ന് ആനപ്പുറത്ത് വച്ച് വാദ്യമേളങ്ങളുടെ അകമ്പടിയോടെ പ്രദക്ഷിണം ചെയ്തു ബലിക്കൽപ്പുരയിൽവച്ചു മേൽശാന്തിയെ ഏൽപിച്ചു.
മേൽശാന്തി കാർത്തികേശ് നമ്പൂതിരിയുടെ മുഖ്യ കാർമികത്വത്തിൽ നെൽക്കതിരുകൾ ശ്രീകോവിലിനുള്ളിൽ പ്രത്യേകം തയാറാക്കിയ പത്മത്തിൽ പൂജിച്ചു. കതിര് ക്ഷേത്രത്തിലും ഉപദേവാലയങ്ങളിലും നിറച്ചു.
തുടർന്നു പൂജിച്ച കതിരുകൾ ഭക്തർക്കു വിതരണം ചെയ്തു.
ക്ഷേത്രത്തിലെ ചടങ്ങുകൾക്കു ശേഷം പൂജിച്ച കതിരിൽ ഒരു ഭാഗം കീഴ്ശാന്തി ആനപ്പുറത്ത് വച്ച് വാദ്യമേളങ്ങളുടെ അകമ്പടിയോടെ ട്രഷറിയിൽ എത്തിച്ചു. ട്രഷറി ഭണ്ഡാരത്തിനു മുന്നിൽ പ്രത്യേക പൂജകൾക്കു ശേഷം ഭണ്ഡാരത്തിനു മുൻ ഭാഗത്തു കതിർച്ചാർത്തി ഭണ്ഡാരം നിറയ്ക്കൽ ചടങ്ങ് നടത്തി.
നഗരസഭാധ്യക്ഷൻ കെ.കെ. രാമകൃഷ്ണൻ, ആഘോഷ സമിതി ചെയർമാൻ കെ.കെ.സുരേന്ദ്രനാഥ്, സെക്രട്ടറി മഹാദേവൻ, ട്രഷറർ ജി.കാർത്തികേയൻ, ട്രഷറി ഓഫിസർ രജിത തുടങ്ങിയവർ പങ്കെടുത്തു.
നിറപുത്തരിയുടെ ഭാഗമായി ഭണ്ഡാരം നിറയ്ക്കൽ ചടങ്ങ് രാജഭരണ കാലത്ത് തുടങ്ങിയതാണ്. …
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]