
കാഞ്ഞങ്ങാട്∙ ‘സ്വർണത്താമരയിതളിലുറങ്ങും കണ്വതപോവന കന്യകേ…’ കാഞ്ഞങ്ങാട് അതിയാമ്പൂര് സുബ്രഹ്മണ്യ ക്ഷേത്രത്തിനു മുൻപിലെ രാം നിവാസിൽനിന്ന് ഒഴുകിയെത്തുന്ന യേശുദാസിന്റെ ഈ ശബ്ദം ന്യൂജെൻ സൗണ്ട് സിസ്റ്റത്തിൽ നിന്നല്ല, തലമുറകൾ കൈമാറി കെ.അനീഷ് എന്ന യുവചിത്രകാരൻ നിധി പോലെ സൂക്ഷിക്കുന്ന ഗ്രാമഫോണുകളൊന്നിൽ നിന്നാണ്. അനീഷിന്റെ ശേഖരത്തിൽ ഒന്നല്ല, ഇപ്പോഴും സംഗീതം പൊഴിക്കുന്ന 6 ഗ്രാമഫോണുകളുണ്ട്.ഗ്രാമഫോണുകളിൽ ഉപയോഗിച്ചിരുന്ന 1960കളിൽ പ്രചാരം നേടിയ ഹിന്ദി, മലയാളം പാട്ടുകളുടെ ശേഖരവും ഇതോടൊപ്പമുണ്ട്.
അനീഷിന്റെ അമ്മയുടെ അച്ഛൻ എം.വി.കുഞ്ഞമ്പുവിനു പണ്ട് സൈക്കിൾ കടയ്ക്കൊപ്പം മൈക്ക് സെറ്റ് വാടകയ്ക്കു കൊടുക്കുന്ന കടയുമുണ്ടായിരുന്നു.
അങ്ങനെ വല്യച്ഛനാണ് ആദ്യമായി അനീഷിനു ഗ്രാമഫോൺ സമ്മാനിച്ചത്. അന്നു അനീഷിനൊപ്പം കൂടിയതാണു ഗ്രാമഫോണുകളോടുള്ള സ്നേഹം.
സ്കൂൾ കാലത്തുതന്നെ അപൂർവ നാണയങ്ങളും കറൻസികളും ശേഖരിക്കുന്നത് ഹോബിയാക്കിയ അനീഷിനു പിന്നീട് പുരാവസ്തുക്കളോടായി ഹരം.
രാം നിവാസിലെത്തുന്ന അതിഥികളെ ഇപ്പോൾ സ്വാഗതം ചെയ്യുന്നതു കാലം മായ്ക്കുന്ന ഇത്തരം അപൂർവ വസ്തുക്കളുടെ വൻശേഖരമാണ്. കാളവണ്ടി, 1973 മോഡൽ അംബാസഡർ കാർ, പഴയ മോഡൽ ബുള്ളറ്റ് എന്നിവ വീട്ടുമുറ്റത്തു തന്നെയുണ്ട്.ആദ്യകാലത്തെ ടെലഫോണുകൾ, ക്യാമറകൾ, റേഡിയോ, ടേപ് റിക്കോർഡറുകൾ, അളവുതൂക്കത്തിന് ഉപയോഗിച്ചിരുന്ന റാത്തലുകൾ, പെട്രോമാക്സുകൾ, റാന്തൽ വിളക്കുകൾ, കാർഷികോപകരണങ്ങൾ എന്നിവയുടെ കാഴ്ചകളാണ് രാംനിവാസിന്റെ ഓരോ മുറികളിലും.
ഒട്ടേറെ മലയാള സിനിമകളിൽ അനീഷിന്റെ ശേഖരത്തിലെ വസ്തുക്കൾ ഇതിനകം ഉപയോഗിച്ചുകഴിഞ്ഞു.
വീടിനോടു ചേർന്നു മ്യൂസിയം തുറക്കാനുള്ള തയാറെടുപ്പിലാണ് കാഞ്ഞങ്ങാട് മേലാങ്കോട് ഡ്രീംഎക്സ് അഡ്വർടൈസേഴ്സ് എന്ന സ്ഥാപനം നടത്തുന്ന അനീഷ്. ഭാര്യ വീണയും മക്കളായ അൻവിതയും ശ്രീദർശും അനീഷിന്റെ ആഗ്രഹത്തിനൊപ്പമുണ്ട്.
…
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]