ചാലക്കുടി ∙ അതിദാരിദ്ര്യ പട്ടികയിൽ ഉൾപ്പെട്ട ഗുണഭോക്താക്കളിൽ ഭൂരഹിതരുടെ ലിസ്റ്റിലുള്ള 9 ഏകാംഗ കുടുംബങ്ങൾക്കു പദ്ധതി പ്രകാരം ഭൂമി നൽകാനാവില്ലെന്ന സർക്കാർ തീരുമാനം പുനഃപരിശോധിക്കണമെന്നും ഈ കുടുംബങ്ങൾക്കു കൂടി ഭൂമിയും വീടും നൽകിയ ശേഷമേ അതിദാരിദ്ര്യ പട്ടികയിൽ നിന്ന് ഒഴിവാക്കാവൂവെന്നും നഗരസഭാ കൗൺസിൽ ആവശ്യപ്പെട്ടു.
ഇതിൽ ഉൾപ്പെട്ട പലരും വർഷങ്ങളായി പുറമ്പോക്കിലോ വാടകവീടുകളിലോ ആണു താമസിക്കുന്നത്.
അതിദാരിദ്ര്യ പട്ടികയിൽ ഭൂരഹിതരായ 23 കുടുംബങ്ങളാണു ഭൂരഹിത – ഭവന രഹിതരായിട്ടുള്ളത്. ഈ 9 കുടുംബങ്ങൾ കൂടാതെയുള്ളവരിൽ ഭൂമി വേണ്ട
എന്നറിയിച്ച 3 കുടുംബങ്ങൾ ഒഴികെ 11 കുടുംബങ്ങൾക്കാണ് ഇപ്പോൾ ഭൂമി നൽകാൻ നടപടിയായിട്ടുള്ളത്.
പോട്ടയിൽ ഇറിഗേഷൻ വക പുറമ്പോക്ക് ഭൂമി ഈ 11 കുടുംബങ്ങൾക്ക് അനുവദിക്കാൻ കലക്ടർ നടപടി സ്വീകരിച്ചിട്ടുണ്ട്. മറ്റു തദ്ദേശസ്ഥാപന പരിധിയിൽ ഉൾപ്പെടുന്ന 4 കുടുംബങ്ങൾക്കു കൂടി ഇവിടെ ഭൂമി നൽകാൻ നീക്കമുണ്ട്.
ഇത് ഒഴിവാക്കണമെന്നും പോട്ട പ്രദേശത്തു തന്നെയുള്ള 4 ഭൂരഹിതരായ കുടുംബങ്ങൾക്ക് ഇവിടെ ഭൂമി അനുവദിക്കണമെന്നുമുള്ള നിർദേശം കൗൺസിൽ അംഗീകരിച്ചു.
തീരുമാനം കലക്ടറെയും സർക്കാരിനെയും അറിയിക്കും.
കലാഭവൻ മണി പാർക്കിൽ 8.40 ലക്ഷം രൂപ ചെലവിൽ ഓപ്പൺ ജിം സ്ഥാപിച്ചു നൽകാമെന്ന നീറ്റ ജലറ്റിൻ കമ്പനിയുടെ ഓഫർ കൗൺസിൽ അംഗീകരിച്ചു. പാർക്കിൽ കന്റീൻ ആരംഭിക്കുന്നതിനുള്ള ടെൻഡർ കൗൺസിൽ അംഗീകരിച്ചു.
രാവിലെ 5 മണി മുതൽ രാത്രി 8.30 വരെ പാർക്കിന്റെ പ്രവർത്തന സമയത്തായിരിക്കും പ്രവർത്തനം. ഇൻഡോർ സ്റ്റേഡിയം പ്രവർത്തനം ആരംഭിക്കുന്നതിന്റെ ഭാഗമായി ആദ്യഘട്ടത്തിൽ ബാസ്കറ്റ് ബോൾ, ഷട്ടിൽ എന്നിവയുടെ പരിശീലനം തുടങ്ങും. ഇൻഡോർ സ്റ്റേഡിയത്തിന്റെ മുൻഭാഗത്തെ യാർഡ് പാർക്കിങ്ങിനു സൗകര്യപ്പെടുത്തും.
റോഡരികിൽ സ്വകാര്യ സ്ഥാനങ്ങളുടെ സഹകരണത്തോടെ വേലി സ്ഥാപിക്കും.
ഇൻഡോർ സ്റ്റേഡിയത്തിനകത്തു പരസ്യങ്ങൾ സ്ഥാപിക്കുന്നതിനുള്ള നിരക്കും കൗൺസിൽ തീരുമാനിച്ചു. വിദ്യാർഥികൾക്ക് ഉൾപ്പെടെ നഗരസഭ പദ്ധതിയിൽ സൗജന്യ പരിശീലനം നൽകും.
മറ്റുള്ളവർക്ക് രാവിലെയും വൈകിട്ടും ഒരു മണിക്കൂർ വീതം പരിശീലനം നടത്താൻ ഒരു മാസത്തേക്ക് 500 രൂപ ഫീസ് നിശ്ചയിച്ചു. മാനേജർ, വാച്ച്മാൻ, ശുചീകരണ ജീവനക്കാർ എന്നിവരെ നിയമിക്കാനും തീരുമാനിച്ചു. ഛത്തീസ്ഗഡിൽ സേവനം ചെയ്യുന്ന കന്യാസ്ത്രീകൾക്കെതിരെ നടന്ന അതിക്രമത്തെ കൗൺസിൽ അപലപിച്ചു. നഗരസഭാധ്യക്ഷൻ ഷിബു വാലപ്പൻ അധ്യക്ഷത വഹിച്ചു.
…
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]