
വടശേരിക്കര ∙ നേരം ഇരുണ്ടാൽ കാട്ടാനകളുടെ വിഹാര കേന്ദ്രമാണ് പഞ്ചായത്തിലെ മലയോര ഗ്രാമങ്ങൾ. ജനവാസ കേന്ദ്രങ്ങളിൽ തുടരെ ആനയെത്തുന്നതിനാൽ ഉറക്കം വെടിഞ്ഞ് ഭീതിയിൽ കഴിയുകയാണു എല്ലാ കുടുംബങ്ങളും.
വീടുകളുടെ മുറ്റം വരെ കാട്ടാനകളെത്തുമ്പോൾ എങ്ങനെ ഉറക്കം വരുമെന്നാണ് അവരുടെ ചോദ്യം. തിങ്കളാഴ്ചയും കാട്ടാന ജനവാസ കേന്ദ്രത്തിലെത്തി.
പേഴുംപാറ, ചിറയ്ക്കൽ, ബൗണ്ടറി എംആർഎസ് സ്കൂൾ ഭാഗം എന്നിവിടങ്ങളിലാണ് ഒറ്റയാൻ വിഹരിച്ചത്.
ചിറയ്ക്കൽ പുലിപ്രേത്ത് പി.ടി.മാത്യുവിന്റെ (രാജു) വീടിന്റെ മുറ്റം വരെ കാട്ടാനയെത്തി. ഏറെ നേരം ഇവിടെ നിലയുറപ്പിച്ചിരുന്നു.
രാജുവും ഭാര്യ ഓമനയും മാത്രമാണ് ഇവിടുള്ളത്. പട്ടി തുടരെ കുരയ്ക്കുന്ന ശബ്ദം കേട്ടു നോക്കിയപ്പോഴാണ് ആന മുറ്റത്തു നിൽക്കുന്നതു കണ്ടത്.
പടക്കം പൊട്ടിച്ചപ്പോൾ മടങ്ങിപ്പോയി. പേഴുംപാറ പെയ്ന്റ് പണിശാലയുടെ എതിർ വശത്തും ആനയെത്തി. ഇന്നലെ പുലർച്ചെ 4 മണിയോടെ ബൗണ്ടറി എംആർഎസ് സ്കൂളിനു സമീപം ആനയെത്തി നാശം വിതച്ചു.
താഴത്തില്ലത്ത് പുരയിടത്തിലെ തെങ്ങ് പിഴുതു തള്ളി. സമീപത്തെ പുത്തൻപറമ്പിൽ ജോയിക്കുട്ടിയുടെ പുരയിടത്തിലുമെത്തി.
ഇവിടെ നട്ടിരുന്ന കസ്തൂരി മഞ്ഞൾ ചവിട്ടി മെതിച്ചു. ഞായറാഴ്ച രാത്രി തറത്താനത്തുപടിയിലും ഒറ്റയാനെത്തി നാശം വിതച്ചിരുന്നു.
ആനകൾക്കു പേടിയില്ല
പടക്കം പൊട്ടിച്ചാലും വിരട്ടിയാലും കാട്ടാനകൾക്കു ഭയമില്ലാതായിരിക്കുന്നു.
മൂന്നും നാലും സംഘങ്ങളായി വനപാലകർ പട്രോളിങ് നടത്തുന്നുണ്ട്. എന്നാൽ അവർക്കും പരിമിതികളേറെയാണ്.
വെടി വയ്ക്കുന്ന ശബ്ദം കേൾപ്പിക്കാമെന്നല്ലാതെ മറ്റൊന്നും ചെയ്യാനാകില്ല. അരീക്കക്കാവ്, പേഴുംപാറ, ചിറയ്ക്കൽ, ബൗണ്ടറി, എംആർഎസ് സ്കൂൾ ഭാഗം, ചെമ്പരത്തിമൂട്, ആർക്കേമൺ, താമരപ്പള്ളി തോട്ടം, ഒളികല്ല് മിച്ചഭൂമി, ഒളികല്ല്, കുമ്പളത്താമൺ, മണപ്പാട്ട്, മുക്കുഴി, മെഡിക്കൽ കോളജ് ഭാഗം എന്നിവിടങ്ങളിലാണ് സ്ഥിരമായി ആനകളെത്തുന്നത്. ഞായറാഴ്ച തലച്ചിറ ജംക്ഷനിലും ആനയെത്തി.
ഒരു വർഷത്തിലധികമായി ജനവാസ കേന്ദ്രങ്ങളിൽ സ്ഥിരമായി ആനകളെത്തുന്നുണ്ട്. മണപ്പാട്ട് ഭാഗത്താണ് കൂടുതൽ ആനകൾ ചുറ്റിത്തിരിയുന്നത്.
മനോരമ മുക്ക്–കുമ്പളത്താമൺ–മുക്കുഴി റോഡിലൂടെ സന്ധ്യയ്ക്കു ശേഷം യാത്ര നടത്താൻ ജനത്തിനു ഭയമാണ്. കഴിഞ്ഞ ദിവസം രാത്രി പിതാവും മകളും ആനകളുടെ മുന്നിൽ നിന്ന് രക്ഷപ്പെട്ടത് തലനാരിഴയ്ക്കാണ്. …
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]