
കൊല്ലം∙ 52 ദിവസത്തെ ട്രോളിങ് നിരോധനം നാളെ അർധരാത്രി അവസാനിക്കാനിരിക്കെ മത്സ്യബന്ധന ഹാർബറിൽ പ്രതീക്ഷയോടെ ഒരുക്കങ്ങൾ. വല നിറയെ മീൻ പ്രതീക്ഷിച്ചു മത്സ്യത്തൊഴിലാളികൾ നാളെ കടലിലേക്കിറങ്ങും.
കഴിഞ്ഞ ജൂൺ ഒൻപതിനാണ് ട്രോളിങ് നിരോധനം നിലവിൽ വന്നത്. അറ്റകുറ്റപ്പണികൾ പൂർത്തിയാക്കിയ ബോട്ടുകളിൽ 2 ദിവസം മുൻപു തന്നെ ഐസ് നിറച്ചുതുടങ്ങി. ബോട്ടുകളുടെ എണ്ണത്തിനനുസരിച്ച് ഐസ്പ്ലാന്റുകൾ ഇല്ലാത്തതിനാലാണ് നേരത്തേ ഐസ് നിറയ്ക്കുന്നത്.
ഐസിനു പുറമേ ഡീസൽ, കുടിവെള്ളം എന്നിവ നിറയ്ക്കുന്നതിന്റെ തിരക്കിലാണ് മത്സ്യത്തൊഴിലാളികൾ.
ട്രോളിങ് നിരോധനസമയത്ത് ബോട്ടുകളിൽ നിന്ന് മാറ്റിയ വലകൾ, ജിപിഎസ്, വാക്കിടോക്കി, വയർലെസ് സെറ്റ് തുടങ്ങിയ ഇലക്ട്രോണിക്സ് ഉപകരണങ്ങളും അനുബന്ധ സാമഗ്രികളും ഘടിപ്പിച്ചു തുടങ്ങി. പെയ്ന്റിങ്, വലകളും കയറുകളും സജ്ജീകരിക്കുക തുടങ്ങി എല്ലാവിധ ഒരുക്കങ്ങളും തകൃതിയായി നടക്കുന്നുണ്ട്.
അതേസമയം ട്രോളിങ് നിരോധനത്തിന് ദിവസങ്ങൾ മുൻപു കനത്ത കാറ്റും മഴയും കാരണം മത്സ്യബന്ധനം നടത്താൻ കഴിയാതിരുന്നതും കണ്ടെയ്നറുകൾ കടലിലടഞ്ഞതുമൂലമുള്ള പ്രതിസന്ധികളും കാരണം അറ്റകുറ്റപ്പണി നടത്താൻ സാമ്പത്തികമില്ലാതെ വിഷമിക്കുന്ന ബോട്ടുടമകളുമുണ്ട്.
ട്രോളിങ് കാലം അവസാനിക്കാറായതോടെ സ്വന്തം നാട്ടിലേക്കു മടങ്ങിപ്പോയിരുന്ന ഇതര സംസ്ഥാന തൊഴിലാളികളും മറ്റു പണികൾക്ക് പോയിരുന്നവരെല്ലാം ഹാർബറുകളിൽ തിരിച്ചെത്തി അനുബന്ധ ജോലികളിൽ ഏർപ്പെട്ടു കഴിഞ്ഞു. ഹാർബർ പ്രദേശങ്ങൾ പഴയ ജനത്തിരക്കിലേക്ക് എത്തിയതോടെ സമീപത്തെ കച്ചവട
സ്ഥാപനങ്ങളിലും തിരക്ക് അനുഭവപ്പെട്ടു തുടങ്ങി.
ഹാർബറിൽ അറ്റകുറ്റപ്പണിയില്ല; പ്രതിഷേധം
ട്രോളിങ് നിരോധനം അവസാനിക്കാൻ മണിക്കൂറുകൾ ബാക്കിനിൽക്കെ ഹാർബർ പ്ലാറ്റ്ഫോം അറ്റകുറ്റപ്പണി, ഓട ശുചീകരണം തുടങ്ങിയ പ്രവർത്തനങ്ങൾ കാര്യക്ഷമമായി നടത്താത്തതിൽ പ്രതിഷേധം ശക്തം.
ബോട്ടുകൾ കെട്ടിയിടുന്ന ബൊള്ളാർഡുകളുടെ അറ്റകുറ്റപ്പണി നടത്തുക, കുഴി രൂപപ്പെട്ടിരിക്കുന്ന പ്ലാറ്റ്ഫോമുകൾ നന്നാക്കുക തുടങ്ങിയ ആവശ്യങ്ങൾ ഹാർബർ എൻജിനീയറിങ് വിഭാഗത്തെ അറിയിച്ചിരുന്നെങ്കിലും പാടെ അവഗണിച്ചെന്നാണ് പരാതി.
കാലവർഷം കനത്തപ്പോൾ കനത്തകാറ്റിൽ പറന്നു പോയ ഷെഡിന്റെ ഷീറ്റുകൾ പുനഃസ്ഥാപിച്ചിട്ടില്ല, ഫ്യൂസായ വൈദ്യുതവിളക്കുകൾക്കു പകരം ലൈറ്റ് സ്ഥാപിച്ചു തുടങ്ങിയില്ല, ഹാർബറിന്റെ പടിഞ്ഞാറുഭാഗത്തായി നിർമാണപ്രവർത്തനങ്ങൾക്കുള്ള മെറ്റലുകളും റിങ്ങുകളും കൂട്ടിയിട്ടിരിക്കുന്നത് ബുദ്ധിമുട്ട് സൃഷ്ടിക്കുന്നതിനാൽ മാറ്റിയിടണമെന്ന ആവശ്യം പരിഗണിച്ചില്ല എന്നിങ്ങനെയുള്ള വിഷയങ്ങൾ ഉന്നയിച്ച് ബോട്ട് ഓപ്പറേറ്റേഴ്സ്, സീ ഫുഡ് ഏജന്റ്സ്, ലേലത്തൊഴിലാളികൾ എന്നിവർ ചേർന്ന് ഹാർബർ എൻജിനീയറിങ് വിഭാഗത്തിന്റെ ഓഫിസിന് മുൻപിൽ പ്രതിഷേധിച്ചു. പീറ്റർ മത്യാസ്, രാജു പട്രോപ്പിൻ, സേവ്യർ മത്യാസ്, ജോസഫ് ബെർണാഡ്, ഔസേപ്പ് ലിയോൺ, സുനിൽ ലോറൻസ്, ജാക്സൺ എന്നിവർ നേതൃത്വം നൽകി.
…
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]