
ചെറുവത്തൂർ∙ അമ്പത്തിരണ്ടു ദിവസത്തെ ട്രോളിങ് നിരോധനം നാളെ അർധരാത്രി അവസാനിക്കും. ഇതോടെ ജില്ലയിലെ മീൻപിടിത്ത ബോട്ടുകൾ ഓഗസ്റ്റ് ഒന്ന് മുതൽ കടലിലിറങ്ങും.
വറുതിക്കാലത്തിനു ശേഷം ഒരുപാട് പ്രതീക്ഷയോടും അതിലേറെ സ്വപ്നങ്ങളോടെയുമാണ് മത്സ്യത്തൊഴിലാളികൾ കടലിൽ പോകുന്നത്. ചാകരയാണ് തീരത്തിന്റെ ഇനിയുള്ള ഏക പ്രതീക്ഷ.കഴിഞ്ഞ രണ്ടു ദിവസങ്ങളിലായി ജില്ലയിൽ ചിലയിടത്ത് കടലിൽ പോയ പരമ്പരാഗത വള്ളങ്ങൾക്ക് മത്തിയും ചെമ്മീനും ലഭിച്ചത് തൊഴിലാളികൾക്ക് പ്രതീക്ഷക്ക് വക നൽകുന്നു.
കടൽക്ഷോഭവും കുറഞ്ഞിട്ടുണ്ട്.
ബോട്ടുകളുടെ അറ്റകുറ്റപ്പണി നടത്തിയും പഴയ വലകളുടെ കേടുപാടുകൾ തീർത്തും പുതിയ വലകൾ വാങ്ങിയും കടലിൽ പോകാനുള്ള എല്ലാ ഒരുക്കങ്ങളും പൂർത്തിയായി. ബോട്ടുകളിൽ ജോലിക്കാരായി ഉണ്ടായിരുന്ന അതിഥിത്തൊഴിലാളികൾ ട്രോളിങ് നിരോധന സമയത്ത് നാട്ടിൽ പോയിരുന്നു.
ഇവർ ജോലി സ്ഥലത്തേക്ക് തിരിച്ചുവന്നുകൊണ്ടിരിക്കുന്നു. മഞ്ചേശ്വരം, കാസർകോട് കസബ, ചെറുവത്തൂർ മടക്കര എന്നിവിടങ്ങളിലെ മീൻപിടിത്ത തുറമുഖങ്ങൾ കേന്ദ്രീകരിച്ചാണ് ജില്ലയിലെ 150ഓളം ബോട്ടുകൾ മീൻപിടിക്കുന്നത്.
ഇതിൽ ഭൂരിഭാഗം ബോട്ടുകളും മടക്കര തുറമുഖം കേന്ദ്രീകരിച്ചാണ് മീൻപിടിത്തം.
ബോട്ടു തൊഴിലാളികളും അനുബന്ധ തൊഴിലാളികളുമായി ഈ രംഗത്ത് ആയിരക്കണക്കിന് ആളുകളാണ് ജോലിയെടുക്കുന്നത്. കടലിൽ പോയി മടങ്ങി വരുമ്പോൾ ബോട്ട് നിറയെ മീൻ ഇല്ലെങ്കിൽ തൊഴിലാളികളും, ബോട്ടുടമയും അനുബന്ധ തൊഴിലാളികളും മാത്രമല്ല മീൻ വാങ്ങുന്നവരും നിരാശരാകും.ട്രോളിങ് നിരോധന കാലത്ത് മത്തിവില കിലോയ്ക്ക് 400രൂപ വരെ എത്തിയിരുന്നു.
ഇതുമാറണമെങ്കിൽ കടലമ്മ കനിയണം.
ദൂരപരിധി തർക്കങ്ങളും
ചെറുവത്തൂർ∙ ട്രോളിങ് നിരോധനം കഴിഞ്ഞ ഉടനെ ബോട്ടുകൾ കടലിൽ ഇറങ്ങുമ്പോൾ പരമ്പരാഗത വള്ളങ്ങളിലെ തൊഴിലാളികളും ബോട്ടു തൊഴിലാളികളും മീൻപിടിക്കുന്ന ദൂരപരിധി സംബന്ധിച്ച് കടലിൽ തർക്കം പതിവാണ്. തർക്കം മൂത്ത് കടലിലും കരയിലും ഇരുവിഭാഗങ്ങൾ സംഘർഷവും നടന്നിട്ടുണ്ട്. ഇതുകൊണ്ടു തന്നെ ബോട്ടുകൾ കരയിൽ നിന്ന് ഒരു നിശ്ചിത ദൂരപരിധിക്ക് പുറത്ത് നിന്ന് മാത്രമേ മീൻ പിടിക്കാൻ പാടുള്ളൂ എന്ന് ബന്ധപ്പെട്ട
ഫിഷറീസ് വകുപ്പ് അധികൃതർ നിബന്ധന വയ്ക്കാറുണ്ട്. എന്നാൽ ഇപ്പോൾ ചെമ്മീനടക്കമുള്ള മീനുകൾ ധാരാളമായി ലഭിക്കുക കരയോടടുത്തുള്ള കടലിൽ നിന്നാണ്. ഇതുകൊണ്ട് തന്നെ ബോട്ടുകൾ കടലിൽ പോയാൽ തൊഴിലാളികൾ നിർദേശങ്ങളൊന്നും ചെവിക്കൊള്ളാതെ മീൻ ലഭിക്കുന്ന സ്ഥലത്ത് വലയിടാനുള്ള സാധ്യത കൂടുതലാണ്.
ഇത് പരമ്പരാഗത വള്ളങ്ങളിലെ തൊഴിലാളികളെ ചൊടിപ്പിക്കുകയും ബോട്ടു തൊഴിലാളികളുമായി വാക്കു തർക്കവും മറ്റും നടക്കുകയും ചെയ്യും.
മണൽ നീക്കണമെന്ന് ആവശ്യം
ചെറുവത്തൂർ മടക്കര മീൻപിടിത്ത തുറമുഖത്ത് നിന്ന് അടുത്ത ദിവസം കടലിൽ പോകാൻ ഒരുങ്ങി നിൽക്കുന്ന മീൻപിടിത്ത ബോട്ടുകൾക്ക് നീലേശ്വരം അഴിമുഖത്ത് പുലിമുട്ടിൽ മണൽ നിറഞ്ഞ് കിടക്കുന്നത് ആശങ്ക ഉയർത്തിയിരിക്കുന്നു. ഇതോടൊപ്പം തന്നെ പുലിമുട്ട് പലയിടത്തും തകർന്ന് വലിയ കരിങ്കല്ലുകൾ ബോട്ട് ചാനലിൽ പതിച്ചിരിക്കുകയും ചെയ്തിട്ടുണ്ട്.
ഇതെല്ലാം കൊണ്ട് തന്നെ ബോട്ടുകൾക്ക് കടലിൽ പോകുന്നതിനും തിരിച്ച് വരുന്നതിനും തടസ്സമാകും. ഇപ്പോൾ കടലിൽ മീൻപിടിക്കാൻ പോകുന്ന വള്ളങ്ങൾക്കും ഈ മണൽത്തിട്ട
ചെറുതായി ഭീഷണിയായിട്ടുണ്ട്. പുലിമുട്ടിലും അഴിമുഖത്തും അടിഞ്ഞു കൂടിയ മണൽ അടിയന്തരമായി നീക്കം ചെയ്യാൻ ബന്ധപ്പെട്ടവരുടെ ഭാഗത്ത് നിന്ന് ഉടൻ നടപടി ഉണ്ടാകണമെന്നാണ് മത്സ്യത്തൊഴിലാളികളുടെ ആവശ്യം.
ഈ ആവശ്യവുമായി ബോട്ട് ഓണേഴ്സ് അസോസിയേഷൻ ഭാരവാഹികൾ വകുപ്പ് മന്ത്രിയെ നേരിൽ കണ്ട് നിവേദനം നൽകാനുള്ള തയാറെടുപ്പിലാണ്.
ഫിഷറീസ് വകുപ്പിന്റെ നിർദേശങ്ങൾ
ചെറുവത്തൂർ∙ കടലിൽ പോകുന്ന ബോട്ടുകൾക്കുള്ള ഫിഷറീസ് വകുപ്പിന്റെ നിർദേശം. ∙അധികൃതരുടെ കാലാവസ്ഥ മുന്നറിയിപ്പ് നിർബന്ധമായും പാലിച്ചു കൊണ്ട് മാത്രം ബോട്ടുകൾ കടലിൽ ഇറക്കുക.
∙ബോട്ടുകളിൽ പോകുന്ന മത്സ്യത്തൊഴിലാളികൾ അവരുടെ ആധാർ കാർഡ് കയ്യിൽ കരുതുക. ∙ബോട്ടുകളിൽ സുരക്ഷാ ഉപകരണങ്ങൾ നിർബന്ധമായി സൂക്ഷിക്കുക.
∙ മീൻപിടിക്കാൻ കടലിൽ പോകുന്ന അതിഥിത്തൊഴിലാളികളുടേത് അടക്കം മുഴുവൻ തൊഴിലാളികളുടെയും പൂർണമായ വിവരങ്ങൾ രേഖാമൂലം ബന്ധപ്പെട്ട മത്സ്യഭവനുകളിൽ നൽകുക.
∙കേരള സമുദ്ര മത്സ്യബന്ധന നിയന്ത്രണ നിയമം പൂർണമായി പാലിച്ചുകൊണ്ട് മാത്രം മീൻപിടിക്കുക. ഇക്കാര്യങ്ങൾ ലംഘിക്കുന്ന ബോട്ടുകൾക്കെതിരെ കർശന നടപടി സ്വീകരിക്കുമെന്ന് ഫിഷറീസ് ഡപ്യൂട്ടി ഡയറക്ടർ കെ.എ.ലബീൽ അറിയിച്ചു.
കടലിലെ അടിയന്തര രക്ഷാപ്രവർത്തനങ്ങൾക്ക് ഫിഷറീസ് കൺട്രോൾ റൂമുമായി ബന്ധപ്പെടുക. ഫോൺ–0467 2202537.
…
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]